Connect with us

Kerala

ഓണ്‍ലൈന്‍ പഠനം: ഒരു മുറിയിലെങ്കിലും വയറിങ് പൂര്‍ത്തിയാക്കിയാല്‍ ഒരാഴ്ചക്കകം വൈദ്യുതി എത്തിക്കണം- ബാലാവകാശ കമ്മീഷന്‍

Published

|

Last Updated

പത്തനംതിട്ട | കുട്ടികളുടെ പഠന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഒരു മുറിയില്‍ മാത്രമാണ് വയറിങ് പൂര്‍ത്തീകരിച്ചത് എങ്കിലും വൈദ്യുതി ലഭ്യമാക്കേണ്ടതാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവായി. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തി വൈദ്യുതി ലഭ്യമാക്കേണ്ട ചുമതല ഉദ്യോഗസ്ഥര്‍ കൃത്യമായി പാലിക്കണം. ഇക്കാര്യങ്ങള്‍ കാണിച്ച് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കമ്മീഷന്‍ അംഗങ്ങളായ കെ നസീര്‍ ചാലിയം, ബി ബബിത ബല്‍രാജ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

അതേസമയം, കുട്ടികളുടെ പഠനാവശ്യം മുന്‍നിര്‍ത്തി വൈദ്യുതി കണക്ഷന് അപേക്ഷിക്കുകയും ഏതെങ്കിലും ഭൂവുടമകള്‍ അനുവദിക്കാതിരിക്കുകയും ചെയ്താല്‍ 1885ലെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ടിലെ പതിനാറാം വകുപ്പ് പ്രകാരം ജില്ലാ മജിസ്ട്രേറ്റിന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ അപേക്ഷ നല്‍കേണ്ടതാണ്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷയില്‍ ജില്ലാ മജിസ്ട്രേറ്റ് അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് ഏഴുദിവസത്തിനകം തീരുമാനം കൈക്കൊള്ളണം. അധികാരികള്‍ ഇക്കാര്യങ്ങള്‍ പാലിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ പഠനത്തിന് വൈദ്യുതി അത്യാവശ്യമായ പ്രത്യേക സാഹചര്യത്തില്‍ കാലതാമസം കൂടാതെയുള്ള നടപടി ഉണ്ടാകേണ്ടതുണ്ട് എന്ന് കമ്മീഷന്‍ കരുതുന്നു. അതിനാല്‍ ജില്ലാ മജിസ്ട്രേറ്റ് മുമ്പാകെ ഉള്ള നടപടി ത്വരിതപ്പെടുത്തുന്നതിനുള്ള ഉത്തരവ് അനിവാര്യമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. വീടിന്റെ ഒരു മുറി മാത്രമാണ് വയറിങ് ചെയ്തതെങ്കിലും, കുട്ടികള്‍ക്ക് പഠിക്കേണ്ട ആവശ്യം കാണിച്ച് പ്രത്യേക അപേക്ഷ ലഭിച്ചാല്‍ മുന്‍ഗണന നല്‍കി കണക്ഷന്‍ ലഭ്യമാക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

Latest