Kerala
പ്രവര്‍ത്തകരുടെ വികാരം ശമിപ്പിക്കാന്‍ ലീഗ് ഭാരവാഹി യോഗത്തില്‍ ആസൂത്രിത ചര്‍ച്ച

കോഴിക്കോട് | നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിലെ ചര്‍ച്ചകള്‍ നേരത്തെ ആസൂത്രണം ചെയ്തതാണെന്ന് വിലയിരുത്തപ്പെടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സി പി എമ്മിലും കോണ്‍ഗ്രസിലുമെല്ലാം തലമുറ മാറ്റത്തിന്റെ സൂചനകള്‍ പ്രകടമായ പശ്ചാത്തലത്തില്‍ ലീഗിലും ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഈ നീക്കത്തെ ക്ഷയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഭാരവാഹി യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ മുന്‍നിര്‍ത്തി ആക്രമണ-പ്രത്യാക്രമണങ്ങള്‍ നടന്നത് എന്നാണ് വിവരം.
പി കെ കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും കെ എം ഷാജിയും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കി എന്നാണ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. വ്യക്തിപരമായും രാഷ്ട്രീയമായും പ്രതിസന്ധി നേരിടുന്ന കെ എം ഷാജി സമന്വയത്തിന്റെ പാത തേടുകയായിരുന്നു.
കുഞ്ഞാലിക്കുട്ടിക്കും നേതൃത്വത്തിനും എതിരെ ആഞ്ഞടിച്ചുകൊണ്ടു കെ എം ഷാജി സംസാരിക്കണമെന്നും പി എം സാദിഖലിയും എം സി മായിന്‍ ഹാജിയും രൂക്ഷമായി ചില കാര്യങ്ങള്‍ ഉയര്‍ത്തണമെന്നും അതിനു കുഞ്ഞാലിക്കുട്ടി വൈകാരികമായി മറുപടി പറയണമെന്നും ധാരണയുണ്ടായിരുന്നു എന്നാണു ലഭിക്കുന്ന വിവരം. തുടര്‍ന്ന് ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കുന്നതിനും ഏര്‍പ്പാട് ചെയ്തിരുന്നു. ഈ ധാരണ അറിയാതിരുന്ന കെ എസ് ഹംസ അടിത്തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം അതേപടി യോഗത്തില്‍ അവതരിപ്പിച്ച് പുലിവാലു പിടിച്ചു. ചര്‍ച്ചക്ക് മറുപടി പറഞ്ഞ കുഞ്ഞാലിക്കുട്ടി ഷാജിയുടെ വിമര്‍ശനങ്ങളെ പ്രകീര്‍ത്തിക്കുകയാണുണ്ടായത്. ഷാജി പറയാനുള്ള കാര്യങ്ങള്‍ നേരിട്ടു പറഞ്ഞു എന്നായിരുന്നു മറുപടി. എന്നാല്‍ ചിലര്‍ പിന്നില്‍ നിന്നു കുത്തി എന്നു പറഞ്ഞുകൊണ്ട് കെ എസ് ഹംസയെ ഒറ്റപ്പെടുത്താനും ശ്രമമുണ്ടായി.
പി കെ ഫിറോസ്, അബ്ദുര്‍റഹ്മാന്‍ കല്ലായി, നജീബ് കാന്തപുരം തുടങ്ങിയ നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചു സംസാരിക്കുമെന്നു നേരത്തെ ഉറപ്പുണ്ടായിരുന്നു. നേതൃത്വത്തെ തഴുകി ഭാരവാഹി യോഗം പിരിഞ്ഞു എന്ന അവസ്ഥ ഉണ്ടാവാതിരിക്കാനും ലീഗ് നേതൃത്വത്തില്‍ ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെന്നു പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനും ചില ഒച്ചപ്പാടുകള്‍ ആവശ്യമായിരുന്നു. അധികാരം ഏതെങ്കിലും കരങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയല്ലെന്ന് അണികളേയും പ്രവര്‍ത്തകരേയും ബോധ്യപ്പെടുത്തുക മാത്രമായിരുന്നു സംസ്ഥാന ഭാരവാഹി യോഗത്തിന്റെ ലക്ഷ്യം.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി ചേര്‍ന്ന യോഗത്തില്‍ മറ്റുകാര്യങ്ങള്‍ വലിച്ചിഴച്ച കെ എസ് ഹംസയെ കുഞ്ഞാലിക്കുട്ടി കര്‍ശനമായാണ് നേരിട്ടത്. പാര്‍ട്ടി പത്രത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍, ഹൈദരലി തങ്ങളെ ഇ ഡി ചോദ്യം ചെയ്തു, ഹൈദരലി തങ്ങളുടെ ആരോഗ്യം, പാര്‍ട്ടിയെ കൊലക്കു കൊടുത്തു തുടങ്ങിയ ആരോപണങ്ങള്‍ ഹംസ ഉന്നയിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു.
ലീഗില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് കുഞ്ഞാലിക്കുട്ടിയാണെന്ന ആരോപണം അവാസ്തവമാണെന്നു സ്ഥാപിക്കാനാണ് പി എം സാദിഖലി ശ്രമിച്ചത്. മുസ്‌ലിം ലീഗിന്റെ ഉടമസ്ഥാവകാശം ഏതെങ്കിലും വ്യക്തി ഏറ്റെടുക്കേണ്ടതില്ലെന്നും ബാഫഖി തങ്ങളും സീതി സാഹിബും ഉണ്ടാക്കിയ പാര്‍ട്ടിക്ക് ഇപ്പോഴുള്ളവര്‍ ഒന്നും കൂട്ടിച്ചേര്‍ത്തിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തില്‍ നിന്നും കേരളത്തിലേക്ക് തിരിച്ച് വന്നത് കൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പ് തോറ്റതെന്ന നിലപാട് തനിക്കില്ലെന്നും എന്നാല്‍ ചെറുപ്പക്കാരുടെ ഇടയിലുള്ള സംശയത്തിന് ഉത്തരം നല്‍കണമെന്നും പറഞ്ഞ് അദ്ദേഹം കുഞ്ഞാലിക്കുട്ടിയെ കാത്തു.
പാണക്കാട്ട് കുടുംബത്തെ മുന്‍നിര്‍ത്തി മുന്നോട്ടു പോയാല്‍ പാര്‍ട്ടിയില്‍ ആഭ്യന്തരമായ ഒരു ഭീഷണിയും തലപൊക്കില്ലെന്ന വ്യക്തമായ സൂചന നല്‍കാനാണ് ഡോ. എം കെ മുനീര്‍ തയാറായത്. തങ്ങള്‍ കുടുംബം ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും അവിടെ നിന്നു നീതി കിട്ടിയില്ലെങ്കില്‍ അണികള്‍ കൊഴിഞ്ഞു പോകുമെന്നുമായിരുന്നു മുനീറിന്റെ മുന്നറിയിപ്പ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കരുതെന്നും യു ഡി എഫ് ജയിച്ചാല്‍ അദ്ദേഹത്തിന് മത്സരിച്ച് മന്ത്രിയാകാനുള്ള അവസരമുണ്ടാകണമെന്നുമുള്ള നിലപാട് കുഞ്ഞാലിക്കുട്ടിയോടും ഹൈദരലി തങ്ങളോടും സാദിഖലി തങ്ങളോടും താന്‍ പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടു തുടങ്ങിയ ഷാജി, നേതൃത്വത്തിന്റെ വീഴ്ചകളെ ശക്തമായ ഭാഷയില്‍ ആക്രമിക്കുന്നു എന്ന തോന്നലുണ്ടാക്കുക മാത്രമാണ് ചെയ്തത്.
സംസ്ഥാന നേതാക്കളുടെ വിശ്വാസ്യതക്കുറവാണ് നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍ക്കാന്‍ കാരണം. ദേശീയ, സംസ്ഥാന നേതാക്കള്‍ കപടരാണെന്ന് പ്രവര്‍ത്തകരും ജനങ്ങളും വിശ്വസിക്കുന്നുണ്ട്. പാര്‍ട്ടി ഫണ്ട് ഒരാള്‍ തനിച്ച് കൈകാര്യം ചെയ്യേണ്ടതല്ല. അഴീക്കോട് തോല്‍ക്കും എന്ന് താന്‍ നേരത്തേ പറഞ്ഞെങ്കിലും തന്നെ നിര്‍ബന്ധിച്ച് അവിടെ തന്നെ മത്സരിപ്പിച്ചു. താന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ബാധ്യത പാര്‍ട്ടി ഏറ്റെടുക്കണമെന്നും നേരത്തേ പറഞ്ഞെങ്കിലും എല്ലാ സ്ഥാനാര്‍ഥികള്‍ക്കും നല്‍കിയ പണം തനിക്ക് ലഭിച്ചില്ല. തനിക്കെതിരെ കള്ളപ്രചാരണം പാര്‍ട്ടിയില്‍ തന്നെ നടക്കുന്ന സ്ഥിതിയുമുണ്ടായി തുടങ്ങി താന്‍ നേതൃത്വത്തിനു വഴങ്ങുന്ന ആളാണെന്ന ധ്വനിയോടെയാണ് ഷാജി ചര്‍ച്ച നിര്‍ത്തിയത്.
പാര്‍ട്ടിക്കായി ഏറെ ത്യാഗങ്ങള്‍ സഹിച്ച നേതാവാണ് കുഞ്ഞാലിക്കുട്ടിയെന്നും അദ്ദേഹത്തിനല്ലാതെ ആര്‍ക്കാണ് ഫണ്ട് സമാഹരിച്ചു പാര്‍ട്ടിയെ നയിക്കാന്‍ ശേഷിയുള്ളതെന്നും പി കെ ഫിറോസ് തുറന്നു ചോദിച്ചു. പാര്‍ട്ടിയിലും പുറത്തും കുഞ്ഞാലിക്കുട്ടിയെ വേട്ടയാടുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തോറ്റത് കുഞ്ഞാലിക്കുട്ടി മടങ്ങി വന്നത് കൊണ്ടാണോ എന്ന ചോദ്യവും ഫിറോസ് ഉന്നയിച്ചു.