Connect with us

National

പെഗാസസ്: മാധ്യമ പ്രവര്‍ത്തകരുടെ ഹരജി അടുത്താഴ്ച പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | മാധ്യമ പ്രവര്‍ത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഫോണുകള്‍ ഇസ്‌റാഈലി ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി അടുത്താഴ്ച പരിഗണിക്കുമെന്ന് സൂപ്രീം കോടതി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എന്‍ റാമും ശശികുമാറുമാണ് ഹരജി നല്‍കിയത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കോടതിയില്‍ ഹാജരായത്. അടുത്താഴ്ച കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു.

ഇന്ത്യക്കാരായ 142 പേരുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ത്തല്‍ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നതായി ഹരജിക്കാര്‍ കോടതിയെ അറയിച്ചു. ഇസ്‌റാഈലി സ്പൈവെയര്‍ നിര്‍മാതാക്കളായ എന്‍ എസ് ഒ ഗ്രൂപ്പാണ് പെഗാസസ് സോഫ്റ്റ്വെയറിന്റെ നിര്‍മാതാക്കള്‍. സര്‍ക്കാര്‍ നേരിട്ടോ അല്ലാതെയോ പെഗാസസ് ലൈസന്‍സ് സ്വന്തമാക്കിയിരുന്നോ എന്ന് വെളിപ്പെടുത്താന്‍ കോടതി നിര്‍ദേശിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ റാമിനും ശശികുമാറിനും പുറമേ രാജ്യസഭാ എം പി ജോണ്‍ ബ്രിട്ടാസും അഭിഭാഷകനായ എം എല്‍ ശര്‍മയും വിഷയത്തില്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

Latest