Connect with us

Gulf

കുവൈത്ത് യാത്ര: മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് വ്യോമയാന അധികൃതര്‍

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന അധികൃതര്‍ വിശദമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കുവൈത്തില്‍ അംഗീകരിക്കപ്പെട്ട വാക്സീനുകള്‍ സ്വീകരിച്ചവര്‍ക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ മന്ത്രിസഭ പ്രവേശനാനുമതി നല്‍കിയതിന് പിന്നാലെയാണിത്. കുവൈത്തില്‍ നിന്ന് വാക്സീന്‍ സ്വീകരിച്ച് തിരികെയെത്തുന്നവരുടെ ഇമ്മ്യൂണിറ്റി/മൈ ഐഡന്റിറ്റി ആപ്ലിക്കേഷനില്‍ സ്റ്റാറ്റസ് പച്ച നിറമായിരിക്കണം ഉണ്ടായിരിക്കേണ്ടത്. ഷ്ളോനക്, കുവൈത്ത് മൊസാഫര്‍ പ്ലാറ്റ്ഫോമുകളില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം.

കുവൈത്തിലെത്തിയതിനു ശേഷം ഒരാഴ്ച ഹോം ക്വാറന്റൈനില്‍ കഴിയണം. കുവൈത്തിലെത്തുന്നവരുടെ കൈവശം രോഗമുക്തരാണെന്ന് തെളിയിക്കുന്ന 72 മണിക്കൂര്‍ സാധുതയുള്ള പി സി ആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. രാജ്യത്തെത്തുമ്പോള്‍ വിമാനത്താവളത്തില്‍ പി സി ആര്‍ പരിശോധനയ്ക്ക് വിധേയരാകണം. ഒരാഴ്ചത്തെ ഹോം ക്വാറന്റൈനു ശേഷം ക്വാറന്റൈന്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം ചെലവില്‍ പി സി ആര്‍ പരിശോധന നടത്തി രോഗമുക്തരാണെന്ന് തെളിയിക്കുകയും വേണം. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും, ഇതിന് അംഗീകാരം ലഭിക്കുകയും ചെയ്യുന്നവര്‍ക്കാണ് കുവൈത്തിലേക്ക് പ്രവേശനാനുമതിയുള്ളത്. മൊഡേണ, ഫൈസര്‍, ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനക്ക വാക്സീനുകളുടെ രണ്ട് ഡോസും, ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്സീന്റെ ഒരു ഡോസും സ്വീകരിച്ചവര്‍ക്കാണ് ആഗസ്റ്റ് ഒന്ന് മുതല്‍ കുവൈത്തിലേക്ക് എത്താന്‍ മന്ത്രിസഭ അനുമതി നല്‍കിയത്.

അതേസമയം, പ്രവാസികള്‍ അപ്ലോഡ് ചെയ്യുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പരിശോധന കുവൈത്തില്‍ പുരോഗമിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ സാങ്കേതിക സമിതിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ദിവസേന നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കുകയും, അതുപോലെ, നിരവധി എണ്ണം തള്ളുകയും ചെയ്യുന്നുണ്ട്. ഏകദേശം 83,000 പ്രവാസികള്‍ വാക്സീന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇതില്‍ 18,000 സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചു. പതിനായിരത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ വിവിധ കാരണങ്ങളാല്‍ തള്ളിക്കളഞ്ഞതായാണ് വിവരം. സാങ്കേതിക കാരണങ്ങള്‍, വാക്സിനേഷനുമായി ബന്ധപ്പെട്ട അപൂര്‍ണമായ ഡാറ്റ, ക്യുആര്‍ കോഡിന്റെ അഭാവം തുടങ്ങിയവയാണ് സര്‍ട്ടിഫിക്കറ്റുകള്‍ തള്ളാന്‍ കാരണം.