Kerala
ലക്ഷദ്വീപിലെ വിവാദ കരടു നിയമങ്ങള്‍; എതിര്‍ ഹരജി നിലനില്‍ക്കുന്നതല്ലെന്ന് ഭരണകൂടം

കൊച്ചി | ലക്ഷദ്വീപിലെ വിവാദ കരട് നിയമങ്ങളെ എതിര്‍ത്തുള്ള ഹരജി നിലനില്‍ക്കുന്നതല്ലെന്ന വാദവുമായി ഭരണകൂടം ഹൈക്കോടതിയില്‍. എം പി മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹരജിയില്‍ ദ്വീപ് ഭരണകൂടം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കരടു നിയമങ്ങളും നിയമ നിര്‍മാണ പ്രക്രിയയും കോടതിയില്‍ ചോദ്യം ചെയ്യാനാവില്ലെന്നാണ് ഭരണകൂടത്തിന്റെ വാദം. നിയമം നിലവില്‍ വന്നാല്‍ മാത്രമേ കോടതിക്ക് പരിശോധിക്കാനാവൂ എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കരടു നിയമങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കണമായിരുന്നുവെന്ന വാദവും നിലനില്‍ക്കുന്നതല്ല. കരട് ഇംഗ്ലീഷില്‍ തയാറാക്കണമെന്നാണ് ഭരണഘടനാ വ്യവസ്ഥ അനുശാസിക്കുന്നത്. മലയാളം ദ്വീപിന്റെ ഔദ്യോഗിക ഭാഷയല്ല- സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് കാലത്ത് കിറ്റുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ നേരത്തേ തന്നെ കോടതിയുടെ പരിഗണനയിലുള്ളതാണെന്നും സമാന സ്വഭാവമുള്ള ആവശ്യങ്ങള്‍ തന്നെയാണ് എം പിയുടെ ഹരജിയിലും ഉള്ളതെന്നും സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.