Editorial
ജാതീയത ഇന്ത്യയുടെ ശാപം

നിയമപരമായി നിരോധിച്ചെങ്കിലും അയിത്തവും ജാതിവിവേചനവും ഇന്ത്യയില്‍ ഇന്നും തുടരുന്നു. രാജ്യത്തെ പ്രമുഖ ടെക്‌നോളജി വിദ്യാഭ്യാസ സ്ഥാപനമായ മദ്രാസ് ഐ ഐ ടി യിലെ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് (എച്ച് എസ് എസ്) വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫ. വിപിന്‍ പുതിയേടത്ത് സ്ഥാപനത്തില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ചത് അസഹ്യമായ ജാതിവിവേചനത്തെ തുടര്‍ന്നായിരുന്നു. അധികാര സ്ഥാനങ്ങളിലുണ്ടായിരുന്ന വ്യക്തികളില്‍ നിന്നാണ് വിവേചനം നേരിട്ടതെന്നും വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരും വ്യത്യസ്ത ജെന്‍ഡറില്‍ പെട്ടവരും ഇക്കൂട്ടത്തിലുണ്ടെന്നും രാജിക്കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇ മെയില്‍ മുഖേന വകുപ്പ് മേധാവിക്ക് അയച്ച രാജിക്കത്തില്‍ സ്ഥാപനത്തിലെ ജാതിവിവേചനത്തെക്കുറിച്ച് പഠിക്കാന്‍ പട്ടികജാതി വിഭാഗ കമ്മിഷന്‍, ഒ ബി സി കമ്മീഷന്‍ എന്നിവയിലെ അംഗങ്ങളും മനഃശാസ്ത്ര വിദഗ്ധരും ഉള്‍പ്പെട്ട കമ്മിറ്റിയെ നിയമിക്കണമെന്ന് പ്രൊഫ. വിപിന്‍ ആവശ്യപ്പെടുന്നു. 2019ലാണ് വിപിന്‍ ഐ ഐ ടിയില്‍ ജോലിയില്‍ പ്രവേശിച്ചത്.
മദ്രാസ് ഐ ഐ ടി യില്‍ ഇതിനു മുമ്പും ജാതി-വര്‍ഗീയ വിവേചനം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. 2019ല്‍ ഐ ഐ ടി യിലെ വിദ്യാര്‍ഥിനി, കൊല്ലത്തുകാരിയായ മലയാളി ഫാത്വിമ ലത്വീഫ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത് മതപരമായ വിവേചനത്തെ തുടര്‍ന്നാണെന്ന് രക്ഷിതാക്കളും സഹപാഠികളും പറയുന്നു. അധ്യാപകരില്‍ ഒരാളുടെ പേരും വിദ്യാര്‍ഥിനി ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ കേസില്‍ സി ബി ഐ അന്വേഷണം നടന്നുവരികയാണ്. ഈ സ്ഥാപനത്തില്‍ ജീവനക്കാരുടെ നിയമനത്തിലും വിദ്യാര്‍ഥി പ്രവേശത്തിലും സംവരണ തത്വങ്ങള്‍ പാലിക്കുന്നില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.
ജാതീയമായ വിവേചനങ്ങള്‍ക്കും ഉച്ചനീചത്വത്തിനുമെതിരെ പടവാളാകേണ്ടതാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. മനുഷ്യനെ അജ്ഞതയുടെ കൂരിരുട്ടില്‍ നിന്ന് അറിവിന്റെയും സംസ്‌കാരത്തിന്റെയും പ്രകാശത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി പറയപ്പെടുന്നത്. എന്നാല്‍ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നല്ലൊരു വിഭാഗവും ജാതീയതയുടെ വക്താക്കളുടെ അധീനതയിലാണ്. രൂക്ഷമായ ജാതീയ പീഡനങ്ങളുടെയും അവഗണനയുടെയും വാര്‍ത്തകളാണ് അവിടങ്ങളില്‍ നിന്നുയര്‍ന്നുകേള്‍ക്കുന്നത്. രോഹിത് വെമുലയെ മറക്കാനായിട്ടില്ല. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ജാതീയമായ പീഡനങ്ങള്‍ കാരണമാണ് 2016 ജനുവരി 17ന് ആത്മഹത്യ ചെയ്തത്. “എന്റെ പിറവിയാണ് എന്റെ മാരകമായ അപകടം” എന്ന ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശത്തിലൂടെ സമൂഹത്തോട് ഇക്കാര്യം അദ്ദേഹം വിളിച്ചു പറയുന്നു. ഇതേ സ്ഥാപനത്തിലെ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന ബിഹാറിലെ കാളഹന്ദി സ്വദേശി രശ്മി രഞ്ജന്‍ സുനയുടെ മരണത്തിനിടയാക്കിയതും ജാതിവിവേചനമാണെന്നാണ് റിപ്പോര്‍ട്ട്. ഊര്‍ജതന്ത്രത്തില്‍ ഗവേഷണം നടത്തിവരികയായിരുന്ന ഈ വിദ്യാര്‍ഥിക്ക് എലിപ്പനി ബാധിച്ച ഘട്ടത്തില്‍ ക്യാമ്പസിലെ മെഡിക്കല്‍ ജീവനക്കാര്‍ കാണിച്ച അവഗണനയാണ് മരണ കാരണമെന്നാണ് പറയപ്പെടുന്നത്.
ഡല്‍ഹിയിലെ ഒരു മെഡിക്കല്‍ കോളജിലെ ഫിസിയോളജിയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 24 എം ബി ബി എസ് വിദ്യാര്‍ഥികള്‍ തുടര്‍ച്ചയായി തോറ്റ സംഭവമുണ്ടായി. 2012-2013 കാലഘട്ടത്തിലായിരുന്നു ഇത്. 14 പ്രാവശ്യം അറ്റന്‍ഡ് ചെയ്തിട്ടും ജയിക്കാത്ത കുട്ടികളുണ്ട്. കൂട്ടത്തില്‍ ഈ ഒരു പേപ്പറിനൊഴികെ മറ്റെല്ലാ വിഷയങ്ങളിലും അവര്‍ വിജയിച്ചിട്ടുണ്ട്. അവസാനം അവര്‍ ഉത്തരവാദപ്പെട്ടവര്‍ക്കു പരാതി കൊടുത്തു. പ്രശ്‌നം പാര്‍ലിമെന്റില്‍ വരെയെത്തുകയും പാര്‍ലിമെന്റിലെ ഒരംഗം അധ്യക്ഷനായി അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. മെഡിക്കല്‍ കോളജിലെ ഒരു പ്രൊഫസറും പരീക്ഷ നടത്തുന്ന അധ്യാപകനും വേറൊരു അധ്യാപികയും ചേര്‍ന്ന് മനഃപൂര്‍വം ഈ കുട്ടികളെ തിരഞ്ഞു പിടിച്ച് തോല്‍പ്പിക്കുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ കമ്മീഷന്‍ കണ്ടെത്തിയത്. അവസാനം വേറൊരു കോളജില്‍ നിന്ന് ഫിസിയോളജി പ്രൊഫസര്‍മാരെ ഉപയോഗപ്പെടുത്തി പരീക്ഷ നടത്തി. നേരത്തേ പരീക്ഷയില്‍ തോറ്റ ഈ 24 പേരില്‍ 18 പേരും ഒറ്റയടിക്ക് വിജയിക്കുകയും ചെയ്തു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസ്ഥ ഇതാണെങ്കില്‍ ഇതിനേക്കാളേറെ രൂക്ഷമാണ് സമൂഹത്തിന്റെ മറ്റുതലങ്ങളിലെ ജാതിവിവേചനവും അയിത്തവും. ഉത്തരേന്ത്യയിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഉത്തര്‍ പ്രദേശാണ് മുന്‍പന്തിയില്‍. 47,064 കേസുകളാണ് ദളിതര്‍ക്കെതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട് 2014ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 8,075ഉം (17.2 ശതമാനം) യു പിയിലാണെന്ന് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കണക്കുകള്‍ പറയുന്നു. രാജ്യത്തെ ഏറ്റവും കൂടുതല്‍ ദളിത് വിരുദ്ധ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സീതാപുര്‍, ഹര്‍ദോയ് ജില്ലകള്‍ യു പിയിലാണ്. ബിഹാറില്‍ 17ഉം രാജസ്ഥാനില്‍ 16.4ഉം ശതമാനമാണ് പ്രസ്തുത വര്‍ഷം ദളിതര്‍ക്കെതിരായ അക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍. 2014ന് ശേഷം ഇതുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകള്‍ പുറത്തു വരാറില്ല. എങ്കിലും ഉത്തരേന്ത്യയിലെ ദളിത് ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇപ്പോഴും മാറ്റമില്ലെന്നാണ് ഹാഥ്‌റസിലേത് ഉള്‍പ്പെടെ സമീപ കാലത്ത് നടന്ന നിരവധി സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും മുന്നിലെന്ന് ഊറ്റം കൊള്ളുന്ന കേരളവും അത്ര പിന്നിലല്ല ഇക്കാര്യത്തില്‍. സംസ്ഥാനത്തും പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട് ജാതിവിവേചനത്തിന്റെ വാര്‍ത്തകള്‍. ഇന്ത്യന്‍ സാമൂഹിക ഘടനയുടെ ഒരു ഭാഗമായി തന്നെ മാറിയിട്ടുണ്ട് ബ്രാഹ്മണ്യം തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി സ്ഥാപിച്ചെടുത്ത ജാതീയത. ജാതി പാരമ്പര്യമായി സിദ്ധിക്കുന്നതാണെന്ന വിശ്വാസം അവര്‍ വളര്‍ത്തിയെടുത്തു. ഈ അബദ്ധ ധാരണയും വിശ്വാസവും തിരുത്തപ്പെടാത്ത കാലത്തോളം ജാതീയത ഇന്ത്യയുടെ ശാപമായി തുടരും. അത് തിരുത്തേണ്ടത് ഭരണതലപ്പത്തുള്ളവരാണ്. ജാതീയതയുടെ വക്താക്കളായ ബി ജെ പി സര്‍ക്കാറില്‍ നിന്ന് അത് പ്രതീക്ഷിക്കേണ്ടതുമില്ല.