Kerala
കിറ്റക്‌സിലെ പരിശോധനകള്‍ നിയമപരം; സര്‍ക്കാറിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരം: മന്ത്രി പി രാജീവ്

തിരുവനന്തപുരം | നിയമപരമായ പരിശോധനകള്‍ മാത്രമാണ് കിറ്റെക്‌സില്‍ നടന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ്. പരിശോധനകള്‍ ന്യായവും നിയമപരവുമാണ്. കോടതികളടക്കമുള്ള സംവിധാനങ്ങളുടെ നിര്‍ദേശമനുസരിച്ചാണ് പരിശോധന നടത്തിയത്. സര്‍ക്കാരോ വകുപ്പോ മുന്‍കൈയെടുത്ത് ബോധപൂര്‍വം പരിശോധന നടത്തിയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ലമെന്റ് അംഗമായ ബെന്നി ബഹ്നാന്‍ നല്കിയ പരാതി, പി. ടി. തോമസ് എംഎല്‍എ ഉന്നയിച്ച ആരോപണം, വനിതാ ജീവനക്കാരിയുടെ പേരില്‍ പ്രചരിച്ച വാട്ട്സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഉള്‍പ്പെടെ നല്കിയ നിര്‍ദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള പരിശോധനകളാണ് നടന്നത്.
ഈ പരിശോധനകളില്‍ ഏതെങ്കിലും പരാതിയുള്ളതായി കിറ്റക്സ് മാനേജ്മെന്റ് വ്യവസായ വകുപ്പ് ഉള്‍പ്പെടെ ഒരു വകുപ്പിനേയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പരിശോധനാ വേളയില്‍ സ്ഥാപന ഉടമയോ പ്രതിനിധികളോ തടസമൊന്നും ഉന്നയിച്ചിട്ടില്ലെന്ന് പരിശോധനക്ക് നേതൃത്വം നല്കിയ ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തിനും സര്‍ക്കാരിനുമെതിരെ അതീവ ഗുരതമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നുവെന്നത് ഗൗരവതരമാ കാര്യമാണ്.
സര്‍ക്കാരിനെതിരെ വലിയ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയരുമ്പോഴും ഞങ്ങള്‍ സ്വയം പരിശോധന നടത്തുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് സാബു എം ജേക്കബ് പറഞ്ഞത് വാസ്തവവിരുദ്ധമാണ്.3500കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച് താത്പര്യപത്രം മാത്രമാണ് കിറ്റക്സ് നല്‍കികിയിട്ടുള്ളത്.ധാരണാ പത്രം ഒപ്പു വച്ചിട്ടില്ലെന്നും വാര്‍ത്തസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു