Articles
ബഷീര്‍: സാമ്യമകന്ന സാഹിത്യ ശാഖ

അനിര്‍വചനീയ ഭ്രാന്ത് കൊണ്ട് വിമലീകരിക്കപ്പെട്ട മനസ്സുകളില്‍ നിന്നേ മഹത്തായ കൃതികള്‍ പിറക്കൂ. ഈ തത്വത്തെ പ്രയോഗതലത്തില്‍ ജീവിച്ചുകാട്ടിയ കലാകാരനും സ്വന്തം സാഹിത്യ കൊട്ടാരത്തിലെ സുല്‍ത്താനുമായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. മലയാള സാഹിത്യത്തിലെ വര്‍ണ വ്യവസ്ഥകളെ തിരുത്തിക്കുറിച്ചതാണ് ബഷീറിയന്‍ സാഹിത്യം. പണ്ഡിത മേലങ്കി അണിഞ്ഞ സദസ്സുകള്‍ക്ക് എപ്പോഴും അപ്രാപ്യമായിരുന്നു ബഷീര്‍. തന്റേത് മാത്രമായ വാക്കുകളും പ്രയോഗങ്ങളും കൊണ്ട് വേറിട്ടുനിന്നു അദ്ദേഹം. വ്യാകരണത്തിന്റെ വേലിക്കെട്ടിന് പുറത്ത് ആഖ്യയും ആഖ്യാതവും വകവെക്കാതെ നടന്ന ബഷീറിന്റെ പിന്നാലെ മലയാള വാക്കുകള്‍ കരഞ്ഞുവിളിച്ചു നടന്നു. അവയെ ബഷീര്‍ കാരുണ്യത്തോടെ എടുത്തു തലോടിയപ്പോള്‍ അവക്ക് രൂപപരിണാമം വന്നു. അതാണ് ബഷീറിയന്‍ സാഹിത്യം.
മലയാളത്തിലെ എല്ലാ അക്ഷരങ്ങളും എനിക്ക് അറിയില്ല എന്ന് വിളിച്ചു പറയാന്‍ തന്റേടമുണ്ടായത് വൈക്കം മുഹമ്മദ് ബഷീറിന് മാത്രമാണ്. തൊഴിലാളിയും കറവക്കാരനും വേശ്യയും എല്ലാം ബഷീറിന്റെ തൂലികയിലൂടെ സാഹിത്യ ലോകത്ത് വന്നുനിന്ന് മാലോകരോട് സംസാരിച്ചു. പള്ളിക്കൂടത്തില്‍ പോകാത്തവരും ആട്ടിടയന്‍മാരും അടുക്കളയില്‍ കരിപുരണ്ട പാത്രങ്ങള്‍ കഴുകി കൈവിരലിലെ നഖം തേഞ്ഞുപോയ നാടന്‍ പെണ്ണുങ്ങളും പാലും പച്ചമീനും കട്ടുതിന്നുന്ന പൂച്ചയും ബഷീറിന്റെ സാഹിത്യ സിംഹാസനത്തിലെ അതിഥികള്‍ ആണ്. മനുഷ്യര്‍ മാത്രമല്ല ഈ അണ്ഡകടാഹത്തിലെ സകല ചരാചരങ്ങളെയും മാനിക്കുന്ന സ്‌നേഹിക്കുന്ന സുല്‍ത്താന്‍ ആയിരുന്നു ബഷീര്‍. സമൂഹത്തില്‍ ഉന്നത നിലവാരത്തില്‍ ജീവിക്കുന്നവരെ മാത്രം നായികാ നായകന്മാരാക്കി കഥ പറഞ്ഞിരുന്ന കാലത്ത് സങ്കല്‍പ്പാചാരങ്ങളുടെ താഴികക്കുടങ്ങള്‍ എറിഞ്ഞുടക്കുന്നതായിരുന്നു ബഷീറിയന്‍ സാഹിത്യങ്ങള്‍. അദ്ദേഹം ഒരിക്കലും വാക്കുകള്‍ക്ക് പിന്നാലെ പോയിട്ടില്ല. മാരാരും അഴീക്കോടും ഒ എന്‍ വിയും എല്ലാം അത് സാക്ഷ്യപ്പെടുത്തുന്നു. ബഷീറിന്റെ തൂലികത്തുമ്പിലേക്ക് ഭാഷ തനിയെ ഒഴുകി എഴുത്തുകയായിരുന്നു. അങ്ങനെ മാലയാളത്തിന്റെ പുതു ഭാഷാ ശബ്ദസാഗരമായി അദ്ദേഹത്തിന്റെ ഓരോ കൃതിയും ഉയർന്നു നില്‍ക്കുന്നു.
കൈവെള്ളയിലെ പൊള്ളുന്ന കനലിനെയും പൂവാക്കിത്തീര്‍ക്കുന്ന കലാകാരനാണ് താനെന്ന് ബഷീര്‍ അനുഭവങ്ങളോട് പറഞ്ഞു കൊണ്ടിരുന്നു. ഹാസ്യം കൊണ്ട് അനുവാചകരെ ചിരിപ്പിക്കാന്‍ മാത്രമല്ല കണ്ണീരില്‍ ആഴ്ത്താനും കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. സമൂഹത്തിന്റെ അടിത്തട്ടില്‍ അഴുക്കു ജീവിതം നയിച്ചവര്‍ക്കും സ്വന്തം കഥയും ഭാഷയും ഉണ്ടെന്ന് അദ്ദേഹം തെളിയിച്ചു.
മതിലുകളില്‍ ജയില്‍ പുള്ളികള്‍ തമ്മില്‍ പ്രേമിച്ചപ്പോള്‍ “ആ പൂവ് എന്റെ ഹൃദയമായിരുന്നു” എന്ന് പറയുന്നതു പോലുള്ള ടച്ചിംഗ് സീനുകള്‍ ലളിതമായി സൃഷ്ടിക്കാര്‍ മറ്റാര്‍ക്കാണ് കഴിഞ്ഞത്. പ്രമാണിയായ കേശവന്‍ നായരുടെയും തൊഴില്‍രഹിതയായ ക്രിസ്ത്യന്‍ യുവതി സാറാമ്മയുടെയും ജീവിതം കൊണ്ട് ബഷീര്‍ ലോകത്തോട് പറയുന്ന ഒരു സത്യമുണ്ട് – പ്രേമം ദിവ്യവും സുന്ദരവും നിര്‍മലവുമാണ്. ഈ സന്ദേശം അദ്ദേഹം തന്റെ മിക്കവാറും എല്ലാ കൃതികളിലൂടെയും സ്ഥാപിക്കുകയും ചെയ്യുന്നു. തകഴിയും ഉറൂബും മാധവിക്കുട്ടിയും കാക്കനാടനുമാണ് ഹൃദയബന്ധത്തെ വൈകാരിക തലത്തില്‍ ബഷീറിനോളം മഹത്വവത്കരിക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍ എന്ന് തോപ്പില്‍ ഭാസി പറഞ്ഞിട്ടുണ്ട്.
ബഷീര്‍ എന്നും ദൈവ വിശ്വാസി ആയിരുന്നു. ഈ അണ്ഡകടാഹത്തിന് ഒരു നിയന്താവ് ഉണ്ടെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അത് പലേടത്തും ബഷീര്‍ സ്ഥാപിച്ചിട്ടുമുണ്ട്. അതേ സമയം എല്ലാ മതങ്ങളിലെയും അനാചാരങ്ങളെ എതിര്‍ക്കാനും അദ്ദേഹം മടിച്ചില്ല.
ചുറ്റുമുള്ള ലോകത്തെ ജീവിക്കുന്ന മനുഷ്യന്റെ നാവിന്‍തുമ്പിലൂടെ തന്റേതായ ഭാഷാ സാഹിത്യ കൊട്ടാരം തീര്‍ത്ത സുല്‍ത്താന്‍ വിടവാങ്ങിയിട്ട് ഇന്ന് ഇരുപത്തിയേഴ് ആണ്ട്.