Connect with us

Kerala

ഇരിക്കൂ, 'ഉപ്പ' ഡോക്ടര്‍ അകത്തുണ്ട്...

Published

|

Last Updated

പാലക്കാട് ജില്ലയിലെ കുടല്ലൂര്‍ ഗ്രാമത്തില്‍ ഒരു ഡോക്ടറുണ്ട്. പേര് ഹുറൈര്‍ കുട്ടി. പക്ഷേ ആ പേരില്‍ അന്വേഷിച്ചാല്‍ നാട്ടുകാര്‍ ഒരു നിമിഷം ആലോചിച്ചെന്നുവരും. കാരണം അവര്‍ക്ക് അദ്ദേഹം ഹുറൈര്‍ കുട്ടി ഡോക്ടറല്ല, “ഉപ്പ” ഡോക്ടറാണ്. ആയുര്‍വേദ ചികിത്സാ രംഗത്ത് പ്രശസ്തനായ ഡോക്ടര്‍ക്ക് നാട്ടുകാര്‍ നല്‍കിയ വിളിപ്പേരാണത്. ഏത് രോഗാവസ്ഥയിലും കുടല്ലൂരുകാരുടെ മനസ്സില്‍ ആദ്യം തെളിയുന്ന പേര് ഉപ്പ ഡോക്ടറുടെത്. രോഗമാണെങ്കില്‍ അത് “ഉപ്പ” ഡോക്ടര്‍ ചികിത്സിച്ചാല്‍ മാറുമെന്ന് അവര്‍ക്ക് ഉറപ്പുണ്ട്. പ്രതിദിനം 600 ഓളം രോഗികളെ വരെ ചികിത്സിക്കേണ്ടിവന്ന അനുഭവമുണ്ട് ഡോക്ടര്‍ക്ക്. രോഗിയുടെ നാഡിയില്‍ തൊടുമ്പോള്‍ അദ്ദേഹത്തിന് രോഗാവസ്ഥ അറിയാം. അവിടെ തന്നെ ചികിത്സ പകുതി കഴിയും.

വൈദ്യര്‍ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഉമ്മ തിത്തീമു ഉമ്മയില്‍ നിന്നാണ് ഹുറൈര്‍ കുട്ടി ചികിത്സയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. ഉമ്മയെ നാട്ടുകാര്‍ വൈദ്യരുമ്മ എന്നാണ് വിളിച്ചിരുന്നത്. അറിവിന്റെ സര്‍വകലാശാലയായ ഉമ്മ ഏതു സംശയങ്ങള്‍ക്കും മറുപടികൊടുക്കുമായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. പത്തു വയസ്സുള്ളപ്പോള്‍ ഉമ്മയുടെ അടുത്തുവരുന്ന രോഗികള്‍ക്ക് മരുന്നു കുറിപ്പുകള്‍ എഴുതിക്കൊടുത്തിരുന്നതും ഹുറൈര്‍ കുട്ടിയായിരുന്നു. ഉമ്മ ജീവിച്ചിരുന്ന കാലത്ത് ചികിത്സയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ പ്രയാസമുള്ള ഘട്ടങ്ങളില്‍ ഇരുവരും ചര്‍ച്ചചെയ്താണ് പരിഹരിച്ചിരുന്നത്. അപ്പോഴൊക്കെ ഉമ്മയുടെ സ്വന്തം മരുന്നു കൂട്ടുകള്‍ രോഗികള്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസമാകുന്നത്.

ഉമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ആയുര്‍വേദ ഡോക്ടറാകാന്‍ അദ്ദേഹം തീരുമാനിച്ചത്. 1983 ലാണ് ഡോക്ടര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ മെഡിക്കല്‍ ഓഫീസറായി പ്രവേശിച്ചത്. നീണ്ടകാലത്തെ സേവനങ്ങള്‍ക്കൊടുവില്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ഉമ്മയുടെ പേരില്‍ തിത്തീമുഉമ്മ മെമ്മോറിയല്‍ ആയുര്‍വ്വേദ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ കൂടല്ലുരില്‍ ആരംഭിച്ചു.
പഴയ തറവാടുവീടിനോട് രൂപസാദൃശ്യമുള്ള ആശുപത്രി. ഇവിടെ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് അഡ്മിറ്റ് ആവശ്യമെങ്കില്‍ അദ്ദേഹം നിര്‍ദ്ദേശിക്കും. സ്വന്തം മരുന്നുകൂട്ടുകളും പഥ്യവുമൊക്കെ നല്‍കിയുള്ള ചികിത്സയിലൂടെ രോഗം പൂര്‍ണ്ണമായും മാറ്റിയിട്ടേ ഡോക്ടര്‍ക്ക് വിശ്രമമുള്ളൂ.

അസുഖം ബാധിച്ച് മാനസികമായി തളര്‍ന്നവരോട് “രോഗത്തെക്കുറിച്ചുള്ള ചിന്ത ഒഴിവാക്കൂ, ഹുറൈര്‍കുട്ടിയാണ് പറയുന്നത് തീര്‍ച്ചയായും മാറും. അല്ലാഹു അല്ലേ വലിയവന്‍. നമുക്ക് പ്രാര്‍ത്ഥിക്കാം”എന്ന സ്നേഹത്തോടെയുള്ള മറുപടിയാണ് ഡോക്ടര്‍ പറയുക. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും സഹ ഡോക്ടര്‍മാര്‍ക്കുമെല്ലാം അദ്ദേഹം ഉപ്പ ഡോക്ടറാണ്. തന്റെ ഉയര്‍ച്ചയില്‍ ഒരിക്കല്‍പോലും അഭിരമിക്കാതെ തികച്ചും സാധാരണക്കാരനായി ജീവിക്കാനാണ് ഡോക്ടര്‍ക്കിഷ്ടം. പകലെന്നോ രാത്രിയെന്നോ കണക്കില്ലാതെ എപ്പോള്‍ വേണമെങ്കിലും രോഗികള്‍ക്ക് അദ്ദേഹത്തെ ഫോണ്‍ ചെയ്യാം. സംസാരിക്കാന്‍ ഒട്ടും പിശുക്കുകാണിക്കാതെ ഡോക്ടര്‍ രോഗിയെ കേള്‍ക്കും. നേരിട്ട് വരാന്‍ കഴിയാത്തവര്‍ക്ക് മരുന്നു കുറിപ്പ് വാട്സ് ആപ്പില്‍ അയച്ചുകൊടുക്കും.

ഹുറൈര്‍ കുട്ടിയുടെ ചികിത്സാരീതി വളരെ വ്യത്യസ്തമാണ്. വന്നവര്‍ വാതില്‍ക്കലുള്ള പുസ്തകത്തില്‍ പേരെഴുതും. ഡോക്ടര്‍ വന്നാല്‍ എല്ലാ രോഗികളെയും ഒന്നിച്ചു ചികിത്സാ മുറിയിലേക്ക് വിളിയ്ക്കും. പരസ്യമായുള്ള ചികിത്സ. രോഗിയുടെ രോഗലക്ഷണങ്ങള്‍ ഡോക്ടര്‍ മറ്റുള്ളവര്‍ കേള്‍ക്കേ ഉറക്കെ പറയും. ഇതിനുകാരണം സമാന രോഗത്താല്‍ അസ്വസ്ഥതയുള്ളവര്‍ക്ക് ഇതൊരുപരിധിവരെ ആശ്വാസമാകുമെന്നതാണ്. രഹസ്യമായി സംസാരിക്കേണ്ടവര്‍ക്ക് ഡോക്ടര്‍ അതിനുള്ള അവസരവും നല്‍കും. കിടപ്പിലായ രോഗികളെ വീടുകളില്‍ പോയി ചികിത്സിക്കാറുമുണ്ട്. നാട്ടിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെയും സജീവസാന്നിധ്യമാണ് ഹുറൈര്‍ കുട്ടി വൈദ്യര്‍. ജനിതക വൈകല്യവും മസ്തിഷ്‌ക സംബന്ധമായ തകരാറുകളും കാരണം ദയനീയ ജീവിതം നയിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഉപ്പ ഡോക്ടര്‍ താങ്ങാവുന്നു. ഈ കൊവിഡ് കാലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് അദ്ദേഹം പരിശോധന നടത്തുന്നത്.

ഇക്കാലയളവില്‍ ഒരിക്കലും മറക്കാനാകാത്ത നിരവധി അനുഭവങ്ങള്‍ ഡോക്ടറുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഏതാണ്ട് 1980 ല്‍ ഇന്നത്തെപ്പോലെ യാത്രാ സൗകര്യമോ ആശുപത്രി സൗകര്യമോ ഇല്ലാത്ത കാലഘട്ടത്തില്‍ ഉണ്ടായ സംഭവം അദ്ദേഹം ഒര്‍ത്തെടുത്തു. സൈക്കിളില്‍ സഞ്ചരിച്ച് രോഗികളുടെ വീട്ടിലേക്ക് പോയിരുന്ന കാലമാണത്. വൈകിട്ട് നാല് മണിക്ക് എഴുപതോളം വയസുപ്രായം തോന്നിക്കുന്ന ഒരു വൃദ്ധന്‍ വീട്ടിലേക്ക് കയറിവന്നു. തന്റെ മകളുടെ കുട്ടി അവശ നിലയിലാണെന്നും മരിക്കുകയാണെങ്കിലും പൊറുക്കുകയാണെങ്കിലും ഡോക്ടര്‍ എനിക്കൊപ്പം വീടുവരെ വന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ തരണമെന്നും പറഞ്ഞു.

ദയനീയമായ അദ്ദേഹത്തിന്റെ മുഖമപ്പോള്‍ ഭയംകൊണ്ട് മൂടപ്പെട്ടിരുന്നു. ഒന്നും ഉരിയാടാതെ വൃദ്ധനെ സൈക്കിളിന്റെ കാരിയറില്‍ ഇരുത്തി ഏകദേശം നാല് കിലോമീറ്ററോളം ദൂരമുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഞങ്ങള്‍ യാത്രയായി. ഒരു ചെറിയ കൂരയിലേക്കാണ് അദ്ദേഹം ഡോക്ടറെ കൂട്ടിക്കൊണ്ടുപോയത്. കൂരയില്‍ ഒരു ചെറിയ മുറിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലുമപ്പുറം ആബാലവൃദ്ധം ജനങ്ങള്‍ തിങ്ങിക്കൂടി നില്‍ക്കുന്നു. മുറിയ്ക്കകത്ത് ഞാന്‍ കയറിയതും നിലത്തു വിരിച്ച പായയില്‍ ഏതാണ്ട് നാല് വയസു പ്രായമുള്ള ഒരു ആണ്‍കുഞ്ഞ് വിളറിവെളുത്ത് നിശ്ചേഷ്ഠനായി കിടക്കുന്ന അവസ്ഥയാണ് കണ്ടത്. ഡോക്ടറെ നോക്കി കുട്ടിയുടെ ബന്ധുക്കളും മാതാപിതാക്കളും ആര്‍ത്തുകരയാന്‍ തുടങ്ങി. തന്റെ കൂടെ വന്ന കൃഷി ഓഫീസര്‍ എല്ലാവരോടും ദേഷ്യപ്പെട്ട് നിശബ്ദരാക്കി.

തൃശൂര്‍ ജില്ലയിലെ ഒരു വലിയ ആശുപത്രിയില്‍ നിന്നു ചികിത്സയില്ലാതെ മരിക്കുമെന്ന് സ്ഥിരീകരിച്ച കുട്ടിയായിരുന്നു അത്. ജീവിത സാഹചര്യങ്ങള്‍ കുറവായതിനാല്‍ അവന്‍ മരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. മയ്യത്തിനുവേണ്ട തുണിയും പായയും വരെ അവര്‍ ഒരുക്കിവെച്ച കാഴ്ച ഇന്നും മറക്കാന്‍ കഴിയില്ല. കുട്ടിയെ പരിശോധിച്ചപ്പോള്‍ നാഡീമിടിപ്പ് വളരെയധികം കുറഞ്ഞിരുന്നു. തുണിയില്‍ മുക്കിക്കൊടുക്കുന്ന വെള്ളം മാത്രമായിരുന്നു അവന്റെ ഏക ഭക്ഷണം. എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാന്‍ നിശബ്ദനായി നിന്നു. ദൈവകൃപയും ഉമ്മയില്‍ നിന്നു ലഭിച്ച ഗുരുത്വവും കൊണ്ട് അപ്പോള്‍ എനിക്ക് നിര്‍ദേശിക്കാന്‍ തോന്നിയ മരുന്നുകള്‍ അവന്റെ വായില്‍ ഇറ്റിച്ചുകൊടുത്തു. മൂത്രവും മലവും പോകാന്‍ തുടങ്ങിയാല്‍ വിവരമറിയിക്കണമെന്നും രക്ഷിതാക്കളോട് പറഞ്ഞു.

അത്ഭുതമെന്ന് പറയട്ടെ പറഞ്ഞ രണ്ട് അവസ്ഥയും അന്നുതന്നെ തുടങ്ങുകയും, കുട്ടി കണ്ണുമിഴിച്ച് എല്ലാവരെയും ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും മാതാപിതാക്കള്‍ അരികില്‍ വന്നു പറഞ്ഞു. നാല് ദിവസം കൊണ്ട് വായിലൂടെ വെള്ളം ഇറക്കാന്‍ അവന് സാധിച്ചുതുടങ്ങി. തുടര്‍ന്നുള്ള ചികിത്സയിലൂടെ രോഗം പൂര്‍ണ്ണമായും മാറി. അവനിപ്പോള്‍ ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. കല്യാണം കഴിച്ച് കുട്ടികളൊക്കെയായി സുഖമായി ജീവിക്കുന്നു. ലീവിന് നാട്ടില്‍ വരുമ്പോള്‍ മുടങ്ങാതെ ഡോക്ടറെ കാണാന്‍ വരും. ഡോക്ടര്‍ എന്ന നിലയില്‍ തനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്ന് ഹുറൈര്‍ കുട്ടി പറയുന്നു.

ഹുറൈര്‍ കുട്ടി വൈദ്യര്‍ ഇന്നും വിശ്രമമില്ലാതെ രോഗികള്‍ക്ക് തണലേകുകകയാണ്. ഉപ്പ ഡോക്ടര്‍ക്കൊപ്പം ആശുപത്രിയിയിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും സജീവസാന്നിധ്യമായി ഇരട്ട ആണ്‍മക്കള്‍ ഡോക്ടര്‍ ഷിയാസ് ഹുറൈര്‍കുട്ടിയും ഡോക്ടര്‍ നിയാസ് ഹുറൈര്‍കുട്ടിയുമുണ്ട്.

സബ് എഡിറ്റർ, സിറാജ്‍ ലെെവ്

Latest