Connect with us

Articles

124 എ: രാജ്യം അപമാനിക്കപ്പെടുന്നു

Published

|

Last Updated

ഇതെഴുതുന്ന ഈ നിമിഷങ്ങളില്‍ ലക്ഷദ്വീപുകാര്‍ക്ക് വേണ്ടി സംസാരിച്ച കുറ്റത്തിന് ആഇശ സുല്‍ത്താന കവരത്തി പോലീസിന്റെ മുമ്പില്‍ ഹാജരായി ചോദ്യം ചെയ്യലുകള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാകാം. ഒരു ചാനല്‍ ചര്‍ച്ചയില്‍ അഡ്മിനിസ്‌ട്രേറ്ററുടെ, കൊവിഡ് മാനദണ്ഡങ്ങള്‍ പോലും ലംഘിച്ച് ഭരണ പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിച്ച നടപടിയെ വിമര്‍ശിച്ചതിന്റെ പേരിലാണവര്‍ക്ക് നേരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ലക്ഷദ്വീപില്‍ കൊവിഡ് വൈറസ് വ്യാപിക്കുന്നതിലേക്കെത്തിച്ച പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ ബയോ വെപ്പണ്‍ പ്രയോഗത്തിന് സമാനമായ നടപടിയായിപ്പോയെന്നായിരുന്നു അവരുടെ വാദം. അതിനാണ് ഗൂഢാലോചനാപരമായി അവര്‍ക്ക് നേരെ 24 എ ചുമത്തിയത്. ഭരണകൂട വിമര്‍ശം ദേശദ്രോഹമോ ഭീകരവാദമോ അല്ലായെന്നാണ് സുപ്രീം കോടതി വിനോദ് ദുവെ കേസില്‍ കേന്ദ്ര സര്‍ക്കാറിനെ അസന്ദിഗ്ധമായ ഭാഷയില്‍ ഓര്‍മിപ്പിച്ചത്. ഡല്‍ഹി കലാപ കേസില്‍ മൂന്ന് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ ഹരജിയിൽ ഡല്‍ഹി ഹൈക്കോടതി ഇതിലും രൂക്ഷമായാണ് ഡല്‍ഹി പോലീസിനെ വിമര്‍ശിച്ചത്. പൗരത്വ നിയമത്തിനെതിരായ സമരം ഭീകരവാദമല്ലെന്നും പ്രതിഷേധങ്ങള്‍ നിയമവിരുദ്ധ പ്രവര്‍ത്തനമല്ലെന്നുമാണ് കോടതി പറഞ്ഞത്. ഭരണകൂട വിമര്‍ശങ്ങളോ ഭരണാധികാരികളെ വിമര്‍ശിക്കുന്നതോ രാജ്യദ്രോഹം അല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഇനി ആഇശ സുല്‍ത്താനക്ക് നേരെ ചുമത്തിയ 124 എ എന്ന കൊളോണിയല്‍ കാലത്തെ നിയമം നിലനില്‍ക്കുന്നതാണോ എന്നും ആധുനിക ജനാധിപത്യ സമൂഹത്തിന് അഭികാമ്യമാണോയെന്നും നോക്കാം. സംഘ്പരിവാര്‍ രാഷ്ട്രീയവും കേന്ദ്ര സര്‍ക്കാറും എതിരാളികളെയെല്ലാം രാജ്യദ്രോഹികളാക്കുന്ന, അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ആര്‍ എസ് എസ് നയിക്കുന്ന ബി ജെ പി രാജ്യത്തിന്റെ ഭരണത്തിലേക്ക് വന്ന 2014 മുതല്‍ ഭരണഘടനയും അത് വിവക്ഷിക്കുന്ന ജനാധിപത്യ ചൈതന്യവും നിരന്തരം ആക്രമണങ്ങള്‍ക്ക് വിധേയപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നല്ലോ. ജനാധിപത്യവും അതിന്റെ അലംഘനീയങ്ങളായ മൂല്യങ്ങളും അധികാര ശക്തികള്‍ ഇല്ലാതാക്കാന്‍ നോക്കുന്നതാണ് നാം കണ്ടത്. രാജ്യസ്‌നേഹത്തിന്റെ പൊയ്മുഖം അണിയുന്ന ഇവര്‍ സാമാന്യ ജനത്തെ പരിഗണിക്കുന്നുമില്ല. വിയോജിപ്പ് ഇക്കൂട്ടര്‍ സഹിക്കില്ല, വിയോജിക്കുന്നവര്‍ ഇവരുടെ മുന്നില്‍ കുറ്റക്കാരാണ്. ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് മാതൃകയുടെ ഇന്ത്യന്‍ പകര്‍പ്പായ ഹിന്ദുത്വ രീതിയെ എതിര്‍ക്കുന്നവരെ നേരിടാന്‍ വിമര്‍ശകര്‍ക്കു നേരേ ദേശദ്രോഹികളെന്ന ചാപ്പ കുത്തുന്നു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, തൊഴിലാളികള്‍, കര്‍ഷകര്‍, ദളിതര്‍, ആദിവാസികള്‍, ബുദ്ധിജീവികള്‍ തുടങ്ങി ആരും രാജ്യദ്രോഹക്കുറ്റങ്ങളില്‍ നിന്ന് മോചിതരല്ല. രാജ്യദ്രോഹിയായി മുദ്രചാര്‍ത്തുന്നത് തന്ത്രപരമായ ഒരു ഉപായമാണ്. ഒരു ഫാസിസ്റ്റ് തന്ത്രം.

ഇതിനായി ഉപയോഗിക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ അപകടകരമായ ഒരു ആയുധമാണ്. ഓരോ നാളിലും ഈ രാക്ഷസീയ നിയമത്തിന്റെ ദുരുപയോഗം കാരണം രാജ്യം അപമാനിക്കപ്പെടുന്നു. കഠിനമായ പോരാട്ടങ്ങളിലൂടെയും ത്യാഗത്തിലൂടെയും രൂപപ്പെട്ട രാജ്യത്തിന്റെ മതേതര ജനാധിപത്യ നിര്‍മിതിക്ക് കളങ്കമാണിത്. ഈ ബോധ്യത്തിലാണ് രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട 124 എ നിയമ വ്യവസ്ഥകളില്‍ നിന്ന് നീക്കണമെന്ന് ഒടുവില്‍ സമാപിച്ച സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടത്.

ബി ജെ പി, ആര്‍ എസ് എസ് വക്താക്കളാകട്ടെ ഈ പ്രാകൃത നിയമത്തെ മഹത്വവത്കരിക്കുകയും രാജ്യസ്‌നേഹത്തിന്റെ അടയാളമായി ചിത്രീകരിക്കുകയും ചെയ്യുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളെ അടിച്ചമര്‍ത്താന്‍ 1870ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം നടപ്പാക്കിയതാണ് 124 എ നിയമം. സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും കോളനി വാഴ്ചയുടെ ഒരു മൃഗീയ ശേഷിപ്പായി ഈ നിയമം നിലനില്‍ക്കുന്നത് രാജ്യത്തിന് അവമതിപ്പാണ്. കോളനി വാഴ്ചയുടെ നൃശംസമായ മുഖമാണിത്. സ്വാതന്ത്ര്യത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അതിന്റെ സാക്ഷാത്കാരത്തിനായുള്ള മഹത്തായ ജനകീയ പോരാട്ടങ്ങളെ വിലമതിക്കുന്നവര്‍ക്ക് ഇത്തരം വിരോധാഭാസം ഇനി ഉള്‍ക്കൊള്ളാനുമാകില്ല. എന്നാല്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ യാതൊരു പങ്കാളിത്തവുമില്ലാത്ത ആര്‍ എസ് എസ്, ബി ജെ പി പരിവാരങ്ങള്‍ക്ക് 124 എ ആകര്‍ഷണീയവും നിയമപാലനത്തിന് യോഗ്യവുമാണ്. അതുകൊണ്ടു തന്നെ വിമര്‍ശങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും തടയിടാന്‍ ഇതിലേക്ക് നിരന്തരം ഓടിയടുക്കുന്നു. “നിയമത്തോടുള്ള ബലാത്കാരം” എന്നായിരുന്നു രാഷ്ട്രപിതാവ് ഈ കിരാത ചട്ടത്തെ വിശേഷിപ്പിച്ചതെന്ന കാര്യം മഹാത്മാവിന്റെ ഘാതകരെ ഓര്‍മിപ്പിച്ചിട്ട് കാര്യമില്ലല്ലോ.

പൗര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ രൂപകല്‍പ്പന ചെയ്ത രാഷ്ട്രീയ പരിച്ഛേദങ്ങളുടെ രാജ്ഞിയാണ് ഈ നിയമമെന്നും ഗാന്ധിജി പരിഹസിച്ചിരുന്നു. മോദി ഭരണത്തില്‍ സാമാന്യ ജനത്തെയും ഉറച്ച നിലപാടുള്ളവരെയും ഈ നിയമമുപയോഗിച്ച് അവര്‍ വേട്ടയാടുന്നു. അവരുടെ അഭിലാഷങ്ങള്‍ പോലും അടിച്ചമര്‍ത്തുകയാണ് ലക്ഷ്യം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ നിയമം, സ്വതന്ത്രമായ അഭിപ്രായത്തിനും അത് പ്രകടിപ്പിക്കുന്നതിനും ഭരണഘടന ഉറപ്പുനല്‍കുന്ന 19ാം വകുപ്പിന് കടകവിരുദ്ധമാണ്. തുല്യനീതിയും തുല്യസംരക്ഷണവും നല്‍കുന്ന 14ാം വകുപ്പിനും ജീവിക്കാനുള്ള അവകാശവും വ്യക്തിഗത സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന 21ാം വകുപ്പിനും വാക്കുകളിലും ആശയങ്ങളിലും ഈ നിയമം എതിരുനില്‍ക്കുന്നു. 124 എ നിയമത്തിന്റെ അന്ധമായ ദുരുപയോഗം രാജ്യത്തിന് എത്രയോ തവണ ബോധ്യപ്പെട്ടതാണ്. 1962ലെ കേദാര്‍നാഥ് കേസ്, 2015ലെ കനയ്യ കുമാര്‍ കേസ് തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം. ജനകീയ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുമ്പോഴും ജനങ്ങളുടെ സ്വരമറിയാന്‍ ഭരണകൂടം തയ്യാറല്ല. പൗരത്വ നിയമ ഭേദഗതിക്കെതിരായ കനത്ത പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം വ്യാപകമായി ചുമത്തപ്പെട്ടു. അക്കാദമിക് സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടിയ ക്യാമ്പസുകള്‍ക്ക് കനത്ത വില നല്‍കേണ്ടിവന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ തുറുങ്കില്‍ അടക്കപ്പെട്ടു. മാധ്യമപ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും ഭരണകൂടം വെറുതെ വിട്ടില്ല. ലക്ഷദ്വീപില്‍ നിന്നുള്ള ആഇശ സുല്‍ത്താന ഈ കണ്ണിയില്‍ അവസാനത്തേതല്ല. മോദിയുടെ ആത്മനിര്‍ഭര്‍ ഭരണകൂടം കോളനി വാഴ്ചയുടെ ആയുധത്തെ സ്വന്തം പൗരന്മാര്‍ക്കെതിരെ പ്രയോഗിക്കുന്നു. വിനോദ് ദുവെ കേസിലെ സുപ്രീം കോടതി വിധി ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റത്തില്‍ ഡല്‍ഹി ഹൈക്കോടതി വിധിയും ഭരണകൂടത്തിന് ബോധ്യപ്പെടേണ്ടതായിരുന്നു. പ്രതിഷേധിക്കാനുള്ള അവകാശവും തീവ്രവാദ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള വേര്‍തിരിവ് ബോധ്യപ്പെടാനാകാതെ മങ്ങല്‍ ബാധിച്ച ഭരണകൂടത്തെയാണ് കോടതി വിധികളില്‍ ചൂണ്ടിക്കാട്ടുന്നത്. ജനാധിപത്യ മൂല്യങ്ങളിലോ കോടതിയുടെ ജ്ഞാനത്തിലോ ആദരവ് പുലര്‍ത്തുന്നുവെങ്കില്‍ 124 എ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ നിയമത്തിലേക്ക് കേവലം പുറമെ കണ്ണോടിച്ചാല്‍ പോലും അതിലെ അന്യായമായ ഉദ്ദേശ്യങ്ങള്‍ തെളിഞ്ഞുകാണാം. കോളനിക്കാലത്തെ ഭരണാധികാരികള്‍ ജനങ്ങളുടെ എതിര്‍പ്പിനെ നേരിടാന്‍ പ്രയോഗിച്ച ഈ കിരാത നിയമം സ്വാതന്ത്ര്യം നേടി 71 വര്‍ഷങ്ങള്‍ക്കു ശേഷവും സ്വന്തം പൗരന്മാര്‍ക്കെതിരെ രാജ്യത്തിന്റെ ഭരണകൂടം വ്യാപകമായി ഉപയോഗിക്കുന്നു എന്നത് എത്രയോ ലജ്ജാകരമാണ്. ജനങ്ങള്‍ രാജ്യത്തെ സ്‌നേഹിക്കുന്നവരാണ്. പക്ഷേ, തങ്ങള്‍ക്ക് ദുരിതവും കഷ്ടപ്പാടും മാത്രം നല്‍കുന്ന സര്‍ക്കാറിനെ അവര്‍ സ്‌നേഹിക്കുമെന്ന് പ്രതീക്ഷിച്ചുകൂടാ. സര്‍ക്കാറിനെ ജനങ്ങള്‍ക്ക് വിമര്‍ശിക്കേണ്ടി വരും. ഭരണകൂട വിമര്‍ശങ്ങള്‍ അസാധ്യമാകുന്ന സാഹചര്യം ജനാധിപത്യത്തിന്റെ അന്ത്യമായിരിക്കും.

Latest