Kerala
ബിജെപി സംസ്ഥാന ഘടകത്തില്‍ ഓഡിറ്റിങ് വേണം; തിരഞ്ഞെടുപ്പ് തോല്‍വിയിലടക്കം കടുത്ത വിമര്‍ശവുമായി ആര്‍എസ്എസ്

കൊച്ചി | ബിജെപി സംസ്ഥാന ഘടകത്തിനെതിരെ കടുത്ത വിമര്‍ശവുമായി ആര്‍എസ്എസ്. കൊച്ചിയില്‍ നടക്കുന്ന ആര്‍എസ്എസ്- ബിജെപി നേതൃയോഗത്തിലാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലടക്കം ഉണ്ടായ പാളിച്ചകളില്‍ വിമര്‍ശവുമായി ആര്‍എസ്എസ് ബിജെപിക്കെതിരെ രംഗത്തെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഏകോപനത്തിലടക്കം വലിയ വീഴ്ചയാണ് സംസ്ഥാനനേതൃത്വത്തിന് പറ്റിയതെന്ന വലിയ വിമര്‍ശമാണ് ആര്‍എസ്എസ് ഉന്നയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം അനാവശ്യവിവാദമുണ്ടാക്കിയെന്നും ഇതെല്ലാം തോല്‍വിയായി പ്രതിഫലിച്ചെന്നും യോഗത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നു.
ബിജെപിയിലെ ഗ്രൂപ്പിസത്തിനെതിരെയും യോഗത്തില്‍ കടുത്ത വിമര്‍ശനമാണുയര്‍ന്നത്. ഓരോ നേതാക്കളുടെയും പ്രവര്‍ത്തനം വിലയിരുത്തി വിശദമായ സംഘടനാ ഓഡിറ്റിംഗ് വേണമെന്ന സംഘപരിവാര്‍ സംഘടനകളുടെ ആവശ്യവും യോഗം വിശദമായി ചര്‍ച്ച ചെയ്തു.
. കൊടകര കുഴല്‍പ്പണക്കേസ്, സി കെ ജാനുവിന് കെ സുരേന്ദ്രന്‍ വയനാട്ടില്‍ മത്സരിക്കാനായി കോഴപ്പണം നല്‍കിയെന്ന പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തല്‍, മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ കെ സുരേന്ദ്രന്റെ അനുയായികള്‍ അടക്കമുള്ളവര്‍ 2016-ല്‍ കെ സുന്ദരയ്ക്ക് പണം നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നിങ്ങനെയുള്ള വെളിപ്പെടുത്തലുകളിലടക്കം പാര്‍ട്ടി പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് മുന്‍കൈയെടുത്ത് നേതൃയോഗം വിളിച്ചത്.