Connect with us

Health

മോല്‍നുപിരവിര്‍ ആന്റിവൈറല്‍ മരുന്ന് കൊവിഡിനെതിരെ ഫലപ്രദമെന്ന് പഠനം

Published

|

Last Updated

ന്യൂഡല്‍ഹി | ആന്റിവൈറല്‍ മരുന്നായ മോല്‍നുപിരവിര്‍ (Molnupiravir) കൊവിഡ് രോഗികളില്‍ ഫലപ്രദമെന്ന് ഗവേഷകര്‍. മരുന്നിന്റെ ഉപയോഗം കൊവിഡിന്റെ ആദ്യഘട്ടത്തിലുള്ള പുരോഗതിയെ തടയുന്നതിനും വൈറസ് പകരുന്നത് തടയുന്നതിനും സഹായിക്കുമെന്ന് മെഡിക്കല്‍ വിവരങ്ങള്‍ അടങ്ങിയ ഓണ്‍ലൈന്‍ സെര്‍വറായ മെഡ് ആര്‍ എക്‌സ് ഐ (medrxiv വിയിലെ ലേഖനത്തില്‍ പറയുന്നു.

യുഎസില്‍ വികസിപ്പിച്ച ഈ മരുന്ന് ഉത്പാദിപ്പിക്കാന്‍ ഇന്ത്യയിലെ അഞ്ച് കമ്പനികള്‍ക്ക് ലൈസന്‍സ് ഉണ്ട്. മരുന്ന് സുരക്ഷിതമാണെന്നും കോവിഡ് 19 ന് കാരണമാകുന്ന വൈറസ് സാര്‍സ് കോവ് 2 വിന്റെ പകര്‍ച്ച കുറയ്ക്കുന്നതിനും നശിപ്പിക്കല്‍ വേഗത്തിലാക്കുന്നതിനും മോല്‍നുപിരവിറിന് സാധിക്കുമെന്ന് യുഎസ് ആസ്ഥാനമായുള്ള ഗവേഷകര്‍ പറയുന്നു.

വൈറസ് ബാധയുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ഈ മരുന്ന് നല്‍കേണ്ടതുണ്ട്. മരുന്നിന്റെ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുത്ത 202 പേരില്‍ 800 മില്ലിഗ്രാം മോല്‍നുപിരവിര്‍ സ്വീകരിച്ച രോഗികള്‍ക്ക് വൈറസിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം പഠനം സുപ്രധാനമാണെങ്കിലും ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ നിന്നും കൂടുതല്‍ വിലയിരുത്തലുകള്‍ മരുന്ന് സംബന്ധിച്ച് ലഭിക്കേണ്ടതുണ്ടെന്ന് പഠനത്തിന്റെ ഭാഗമല്ലാത്തെ പൊതുജനാരോഗ്യവിദഗ്ദന്‍ പ്രതികരിച്ചതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

രോഗലക്ഷണ ദൈര്‍ഘ്യം, തീവ്രത, ആശുപത്രിയില്‍ പ്രവേശിക്കല്‍ എന്നിവയിലെ മരുന്നിന്റെ സ്വാധീനത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ ഉണ്ടാകേണ്ടതുണ്ട്. യുഎസിലെ എമോറി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മോല്‍നുപിരവിറിനെ ഒരു ആന്റിവൈറല്‍ ഏജന്റായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്‍ഫഌവന്‍സ വൈറസുകള്‍ക്കെതിരായ പ്രതിരോധത്തിന് ഈ മരുന്നിന് കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് കൊവിഡിനെ പ്രതിരോധിക്കുന്നത് സംബന്ധിച്ചുള്ള പഠനങ്ങളിലേക്ക് കടന്നു.

റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്‌സും മെര്‍ക്കും സംയുക്തമായാണ് നിലവില്‍ മരുന്ന് വികസിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍, ഇന്ത്യന്‍ മരുന്ന് നിര്‍മ്മാതാക്കളായ സിപ്ല, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹെറ്റെറോ ലാബ്‌സ്, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുമായി കരാറുകളില്‍ ഒപ്പുവെച്ചതായി മെര്‍ക്ക് പ്രഖ്യാപിച്ചിരുന്നു.

Latest