International
ഉത്തര കൊറിയയില്‍ ഒരു കിലോ പഴത്തിന് 3335 രൂപ; വളം നിര്‍മാണത്തിന് കര്‍ഷകര്‍ മൂത്രം നല്‍കണം

സിയൂള്‍ | ഉത്തര കൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. രാജ്യത്തെ ഭരണകക്ഷിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്‍ ഭക്ഷ്യക്ഷാമത്തെ കുറിച്ച് ആശങ്ക അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ കെ സി എന്‍ എ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം ചുഴലിക്കാറ്റിനെ തുടര്‍ന്നു വന്‍ കൃഷി നാശമുണ്ടാകുകയും ധാന്യ ഉത്പാദനം തകിടം മറിയുകയും ചെയ്‌തെന്നും കടുത്ത ക്ഷാമം നേരിടുകയാണെന്നും കിം പറഞ്ഞു. രാജ്യതലസ്ഥാനമായ പ്യാംഗോംഗില്‍ അവശ്യഭക്ഷ്യ വസ്തുക്കളുടെ വില കുതിച്ചുയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു കിലോ വാഴപ്പഴത്തിന് 45 ഡോളറാണ് (ഏകദേശം 3,335 രൂപ) വില. ഒരു പാക്കറ്റ് ബ്ലാക്ക് ടീക്ക് 70 ഡോളറും (5,190 രൂപയോളം) ഒരു പാക്കറ്റ് കാപ്പിക്ക് 100 ഡോളറും (7,414 രൂപയോളം) വില വരും. വളം നിര്‍മ്മാണത്തിനായി കര്‍ഷകരോട് പ്രതിദിനം രണ്ട് ലിറ്റര്‍ മൂത്രം വീതം നല്‍കാന്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗത്തില്‍ കിം പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചിട്ടതിനാല്‍ ഉത്തരകൊറിയ പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ മറികടക്കുമെന്നതിന് വ്യക്തതയില്ല. യുഎന്‍ ഭക്ഷ്യകാര്‍ഷിക സംഘടനയുടെ സമീപകാല റിപ്പോര്‍ട്ടനുസരിച്ച് ഉത്തരകൊറിയയ്ക്ക് 8,60,000 ടണ്‍ ഭക്ഷ്യ വസ്തുക്കളുടെ കുറവുണ്ട്.
ഇതുവരെ ഒരു കൊവിഡ് കേസും ഉത്തരകൊറിയ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി ഏര്‍പ്പെടുത്തിയിട്ടുണ്ട് രാജ്യത്ത്. അതിര്‍ത്തികള്‍ അടയ്ക്കല്‍, ആഭ്യന്തര വിമാന യാത്രാവിലക്ക് തുടങ്ങിയ നിയന്ത്രണങ്ങള്‍ ഉത്തര കൊറിയയിലുണ്ട്. രാജ്യത്ത് ഉത്പാദനമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍, വളം, ഇന്ധനം തുടങ്ങിയവയ്ക്ക് ചൈനയെ ആണ് ഉത്തര കൊറിയ ആശ്രയിക്കാറുള്ളത്. മറ്റുള്ള രാജ്യങ്ങളുമായി ഉത്തരകൊറിയയ്ക്ക് കാര്യമായ ബന്ധങ്ങളൊന്നുമില്ല. ചൈനയുമായുള്ള വ്യാപാര ബന്ധം അടുത്തിടെ മന്ദഗതിയിലുമാണ്.
കഴിഞ്ഞ വേനല്‍ക്കാലത്ത് രാജ്യത്ത് ഉണ്ടായ കൊടുങ്കാറ്റ് വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. ആയിരക്കണക്കിന് വീടുകളും കൃഷിസ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങി. 1990 കളില്‍ ഉത്തരകൊറിയയിലുണ്ടായ ഭക്ഷ്യക്ഷാമത്തില്‍ ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.