Connect with us

Kerala

INTERVIEW സുധാകരന്‍ ശൈലിമാറ്റും; പിണറായിയോടുള്ള ഏറ്റുമുട്ടല്‍ എതിര്‍ത്തവരുടെ പിന്തുണയും ഉറപ്പാക്കി: എം എം ഹസ്സന്‍

Published

|

Last Updated

കോഴിക്കോട് | കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ തന്റെ പ്രതികരണങ്ങളില്‍ ഇപ്പോഴത്തെ ശൈലി തുടരുമെന്നു പ്രതീക്ഷിക്കുന്നില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. മുഖ്യമന്ത്രിയും കെ സുധാകരനും തമ്മിലുള്ള വാഗ്വാദത്തിന്റെ പശ്ചാത്തലത്തില്‍ സിറാജ് ലൈവിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുധാകരനെ പ്രസിഡന്റാക്കിയതില്‍ എതിര്‍പ്പുള്ള വിഭാഗത്തിന്റെ കൂടി പിന്തുണ അദ്ദേഹത്തിന് ഉറപ്പാക്കുന്നതില്‍ മുഖ്യമന്ത്രിയുമായുള്ള വാഗ്വാദം വഴിയൊരുക്കിയതായും എം എം ഹസ്സന്‍ പറയുന്നു.

അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍:
കെ സുധാകന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങള്‍ കോണ്‍ഗ്രസ്സിലെ പുതിയ തലമുറയില്‍ വലിയ ആവേശമുണ്ടാക്കിയതായി താങ്കള്‍ വിലയിരുത്തുന്നുണ്ടോ?

സുധാകരന്‍ കെ പി സി സി പ്രസിഡന്റായി നിയോഗിക്കപ്പെട്ടതു മുതല്‍ സി പി എം ഏറെ അസ്വസ്ഥമാണ്. പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിക്ക് ഇത് തീരെ ഇഷ്ടപ്പെട്ടിട്ടില്ല. സുധാകരനോടുള്ള അവരുടെ വൈരാഗ്യമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കരുതിക്കൂട്ടി തയ്യാറാക്കിയ ഒരു പ്രസ്താവനയുമായി വന്നാണ് മുഖ്യമന്ത്രി സുധാകരനെതിരെ ആഞ്ഞടിച്ചത്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ വിലപ്പെട്ട സമയം ഉപയോഗിച്ചു മറുപടി പറയേണ്ട ഒരു കാര്യമായിരുന്നില്ല അത്. പിന്നാലെ പാര്‍ട്ടി സെക്രട്ടറിയും എ കെ ബാലനുമെല്ലാം ഇത് ഏറ്റെടുത്തു.

ഡി വൈ എഫ് ഐ സെക്രട്ടറി ചില കേസുകളില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു രംഗത്തുവന്നു. ഇതെല്ലാം ആസൂത്രിതമായ നീക്കമാണെന്നു വ്യക്തമാണ്. 50 വര്‍ഷം മുമ്പുള്ള കാര്യങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. കൊവിഡിന്റെ ഗുരുതര സാഹചര്യത്തില്‍ ഔദ്യോഗിക പത്രസമ്മേളനത്തെ ഇത്തരം കാര്യങ്ങള്‍ക്കു മറുപടി പറയാന്‍ ഉപയോഗിച്ചത് ദുരൂഹമാണ്. കൊവിഡ് പ്രതിരോധത്തില്‍ അടക്കം ഐക്യത്തോടെ മുന്നോട്ടു പോകേണ്ട സാഹചര്യത്തിലാണ് ഇത്തരം കാര്യങ്ങള്‍ കൊണ്ടുവരുന്നത്.

യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം സുധാകരനു വ്യക്തിപരമായി ഗുണകരമായിട്ടുണ്ട്. കെ സുധാകരന്‍ പ്രസിഡന്റായി വന്നപ്പോള്‍ സ്വാഭാവികമായും എതിര്‍പ്പുയര്‍ത്തിയ ഒരു വിഭാഗം ഉണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ആക്രമണത്തോടെ എല്ലാവരും സുധാകരനു പിന്നില്‍ അണിനിരന്നു. എതിര്‍ത്തവര്‍ക്കുപോലും സുധാകരന്‍ സ്വീകാര്യനായിത്തീര്‍ന്നു. മുഖ്യമന്ത്രിക്കെതിരായ തീഷ്ണമായ പ്രതികരണങ്ങള്‍ അവര്‍ക്കെല്ലാം ആവേശം പകരുകയാണുണ്ടായത്.

മുഖ്യമന്ത്രിയെ അതേ ശൈലിയില്‍ നേരിടുക എന്ന തന്ത്രമാണോ സുധാകരന്‍ സ്വീകരിക്കുന്നത്?

മുഖ്യമന്ത്രിയുടെ രീതി എല്ലാവര്‍ക്കും അറിയാം. തിരഞ്ഞെടുപ്പായതോടെ അദ്ദേഹത്തെ പി ആര്‍ ഏജന്‍സികളെയൊക്കെ വച്ചു മയപ്പെടുത്തി എടുത്തതാണ്. ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് കടന്നുപോകാന്‍ പറയുന്ന ആളാണ് പിണറായി. സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് രൂക്ഷമായി പ്രതികരിക്കുന്നതിന് ഒരു സാഹചര്യമുണ്ട്. കോണ്‍ഗ്രസ് യു ഡി എഫ് നേതാക്കളോട് എന്തും ചോദിക്കാമെന്നു കരുതുന്ന മാധ്യമ പ്രവര്‍ത്തകര്‍ പിണറായിയോട് അങ്ങിനെ ചോദിക്കുന്നില്ല.

സി പി എമ്മിന്റെ ദൗത്യം നിര്‍വഹിക്കുന്ന നിരവധി മാധ്യമ പ്രവര്‍ത്തകരുണ്ട്. അവര്‍ ദേശാഭിമാനിയിലും കൈരളിയിലും മാത്രമുള്ളവരല്ല. പഴയ എസ് എഫ് ഐക്കാരും ഡി വൈ എഫ് ഐക്കാരുമായ എത്രയോ മാധ്യമ പ്രവര്‍ത്തകരുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ സി പി എം ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നു എന്ന ചെന്നിത്തലയുടെ ആരോപണം ഞാന്‍ ആവര്‍ത്തിക്കുന്നില്ല. എന്നാല്‍ സി പി എം നിയന്ത്രിക്കുന്ന ഒരു മീഡിയ സെല്‍ ഉണ്ടെന്നതു വസ്തുതയാണ്. സി പി എം പ്ലാന്‍ ചെയ്യുന്ന കാര്യങ്ങളാണ് ഈ സെല്‍ നടപ്പാക്കുന്നത്.

മനോരമ ആഴ്ചപ്പതിപ്പില്‍ വന്ന കെ സുധാകരന്റെ അഭിമുഖമല്ലേ ഇങ്ങനെയൊരു ചര്‍ച്ച ഉയര്‍ത്തിവിട്ടത്. പഴയ കാര്യങ്ങള്‍ വീരസ്യമായി പറഞ്ഞു നടക്കുന്നതില്‍ കാര്യമുണ്ടോ?

മനോരമക്ക് ഏതോ കാലത്തു നല്‍കിയ അഭിമുഖം അവര്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. അഭിമുഖം നടത്തുമ്പോള്‍ ഓഫ് ദി റിക്കോഡായി ചില കാര്യങ്ങള്‍ പറയാറില്ലേ. ഇത്തരം കാര്യങ്ങള്‍ പുറത്തു വിടുന്നതു മാധ്യമങ്ങള്‍ക്കു യോജിച്ചതല്ല. ഒരു പൈങ്കിളി വാരിക ഇത്തരമൊരു കാര്യം പ്രസിദ്ധീകരിച്ചാല്‍ മുഖ്യമന്ത്രി പദവിയില്‍ ഇരിക്കുന്ന ആള്‍ക്ക് സ്വതസിദ്ധമായ ശൈലിയില്‍ ഒന്നോ രണ്ടോ വാക്കില്‍ അവഗണിക്കാവുന്ന കാര്യമേ ഉള്ളൂ. മുഖ്യമന്ത്രി പദവിയില്‍ എത്തിയശേഷം പി ആര്‍ ഏജന്‍സികള്‍ മിനുക്കിയെടുത്ത മുഖം മാറി പൊടുന്നനെ പിണറായിയുടെ പഴയ മുഖം പ്രത്യക്ഷപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്.

പ്രവര്‍ത്തകര്‍ക്കൊക്കെ ആവേശമുണ്ടായ സാഹചര്യത്തില്‍ സുധാകരന്‍ ഇതേ ശൈലി തുടരണമെന്നാണോ താങ്കള്‍ കരുതുന്നത്?

ഇത്തരം ശൈലിയില്‍ പ്രതികരിക്കണമെന്നു താന്‍ ആഗ്രഹിക്കുന്നില്ലെന്ന് സുധാകരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നിന്ന് ഈ രീതി തുടരില്ല എന്നാണു മനസ്സിലാക്കേണ്ടത്. കണ്ണൂര്‍ ശൈലിയിലുള്ള ഇത്തരം പ്രതികരണങ്ങള്‍ക്ക് കൈയ്യടി കിട്ടുമെങ്കിലും ശൈലിയില്‍ മാറ്റം വരുത്തുമെന്ന സൂചനയാണ് അദ്ദേഹം തന്നെ നല്‍കിയിട്ടുള്ളത്.

കെ പി സി സി പ്രസിഡന്റ് പദവിയില്‍ നേരത്തെ ഇരുന്നവരെല്ലാം ജനാധിപത്യമാര്‍ഗങ്ങളെ ഉയര്‍ത്തിപ്പിടിച്ചവരാണ്. സംവാദങ്ങളെല്ലാം ജനാധിപത്യ പരമായിരിക്കാന്‍ അവര്‍ ജാഗ്രത കാണിച്ചിട്ടുണ്ട്. അത്തരം രീതിയിലേക്കു താനും വരുമെന്ന സൂചനയാണ് സുധാകരനും നല്‍കുന്നത്. പുതിയ തലമുറ എന്ത് ആഗ്രഹിക്കുന്നു എന്നു നോക്കിയല്ല സാധാരണ ഗതിയില്‍ പ്രസിഡന്റ് പദവിയില്‍ ഇരിക്കുന്നവരൊന്നും പ്രവര്‍ത്തിച്ചത്.

കെ സുധാകരന്റെ ചില വെളിപ്പെടുത്തലുകള്‍ നിയമ നടപടികളിലേക്കു നീങ്ങും എന്ന സൂചനയുണ്ടല്ലോ?

രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ സി പി എം എന്തും ചെയ്യും എന്നതിന്റെ സൂചനയാണിതിലൂടെ വ്യക്തമാവുന്നത്. കേസിന്റെ ഒരു സാഹചര്യമുണ്ടായാല്‍ കെ പി സി സി അക്കാര്യത്തില്‍ തീരുമാനമെടുത്ത് നിയമ പരമായിത്തന്നെ നേരിടും.

യു ഡി എഫിന് പുതിയ കൺവീനർ വരുമെന്ന് കേൾക്കുന്നുണ്ടല്ലോ. അത് സംബന്ധിച്ച് എന്തെങ്കിലും ചർച്ചകൾ നടക്കുന്നുണ്ടോ?

യു ഡി എഫ് കണ്‍വീനറെ മാറ്റുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ്സില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ല. കെ പി സി സി പ്രസിഡന്റിനേയും പ്രതിപക്ഷ നേതാവിനേയും മാറ്റിയതുപോലെ മുന്നണി കണ്‍വീനറേയും മാറ്റും എന്ന ചര്‍ച്ച നടത്തുന്നത് മാധ്യമങ്ങളാണ്. കോണ്‍ഗ്രസ് അങ്ങിനെയൊരു ചര്‍ച്ചയും നടത്തുന്നില്ല. ഹൈക്കമാന്റ് പ്രതിനിധികളാരും ഇത്തരമൊരു ആവശ്യവുമായി തന്നെ സമീപിച്ചിട്ടുമില്ല.

പ്രസിഡന്റിനേയും പ്രതിപക്ഷ നേതാവിനേയും മാറ്റിയത് അപ്രതീക്ഷിതമായിരുന്നില്ല. ഹൈക്കമാന്റ് പ്രതിനിധികള്‍ കേരളത്തില്‍ വന്ന് ഇതുസംബന്ധിച്ച് വിശദമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചായിരുന്നു നിയമനങ്ങള്‍ നടന്നത്. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ കണ്‍വീനറെ മാറ്റുന്നതു സംബന്ധിച്ച് ഒരു ചര്‍ച്ചയും ഇല്ല.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest