Connect with us

Kozhikode

ജീവിതത്തിന്റെ തിരശ്ശീലക്കപ്പുറം ശാന്തന്‍ മറഞ്ഞു

Published

|

Last Updated

കോഴിക്കോട് | നാടകങ്ങളെ നെഞ്ചേറ്റിയ നഗരത്തിന് പ്രിയങ്കരനായ ഒരെഴുത്തുകാരനെക്കൂടി അകാലത്തില്‍ നഷ്‌ടപ്പെട്ടു. എ ശാന്തകുമാര്‍ എന്ന നാടക പ്രതിഭ ഇനി തിരശ്ശീലയിടാത്ത ഓര്‍മ.
രോഗം ഭേദമായി ശാന്തമായിരുന്ന ശരീരത്തിലേക്ക് രക്താര്‍ബുദം വീണ്ടും അരിച്ചെത്തി ആ പ്രതിഭയെ കവര്‍ന്നു കൊണ്ടുപോവുകയായിരുന്നു. കലാപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും വേദനിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് വീണ്ടും രോഗം തിരിച്ചെത്തിയെന്ന ദുഃഖവാര്‍ത്ത ശാന്തന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
അനേകം പ്രതിഭകളെ കവര്‍ന്ന മഹാമാരിയുടെ കാലത്ത് ശാന്തനും യാത്രയായി. അരങ്ങിന്റെ കരുത്തുറ്റ പാരമ്പര്യമുള്ള കോഴിക്കോടന്‍ നാടകവേദിക്ക് തിളക്കമുള്ള സാന്നിധ്യമായിരുന്നു അദ്ദേഹം. പി എം താജിനെപ്പോലെ എത്രയോ കരുത്തുറ്റ കഥാപാത്രങ്ങളെ പൊതുസമൂഹത്തിനു മുന്നില്‍ ഇറക്കിവിട്ട് ആ നാടകകൃത്തും മടങ്ങിവരാത്ത യാത്ര പോയി.

കരുവട്ടൂര്‍ എന്ന നാടക ഗ്രാമത്തിന്റെ സംഭാവനയായിരുന്നു ശാന്തകുമാര്‍. അരങ്ങ് ജ്വലിപ്പിച്ച് പൊലിഞ്ഞു പോകുന്ന നാട്ടുനാടകങ്ങള്‍കൊണ്ട് സമ്പന്നമായിരുന്നു തന്റെ ഗ്രാമമെന്ന് ശാന്തന്‍ പറയുമായിരുന്നു. ആ നാടകഗ്രാമത്തില്‍ നിന്ന് അദ്ദേഹം അതിരുകളില്ലാതെ ആസ്വാദക ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നു.
തിക്കോടിയന്റെയും തോപ്പില്‍ ഭാസിയുടെയും സി എല്‍ ജോസിന്റെയും മരട് രഘുനാഥിന്റെയും ഇ കെ അയമുവിന്റെയും കെ ടിയുടെയും താജിന്റെയും നാടകങ്ങള്‍ വേനല്‍ക്കാല രാത്രികളിലേക്ക് വിരുന്നെത്തിയിരുന്നതിന്റെ സൃഷ്ടിയായിരുന്നു ശാന്തകുമാറും.

കലാലയ നാടകങ്ങളില്‍ ശാന്തനെ മാറ്റിനിര്‍ത്തുക അസാധ്യമാണ്.
മരം പെയ്യുന്നു, പെരുങ്കൊല്ലന്‍, കര്‍ക്കടകം, രാച്ചിയമ്മ (ഉറൂബിന്റെ നോവലിന്റെ രംഗഭാഷ), കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി, കുരുടന്‍ പൂച്ച തുടങ്ങി നിരവധി നാടകങ്ങള്‍. അരങ്ങില്‍നിന്ന് ശാന്തകുമാര്‍ വെള്ളിത്തിരയിലേക്കും ചുവടുവെച്ചിരുന്നു.
“ഭൂമിയിലെ മനോഹര സ്വകാര്യ”മെന്ന തിരക്കഥയില്‍ ആ പ്രതിഭാ വിലാസം തിളങ്ങിനിന്നു.
പതിമൂന്നാം വയസ്സില്‍ നാടകമെഴുതി കലാലോകത്ത് അരങ്ങേറ്റം കുറിച്ചതാണ് ശാന്തകുമാര്‍. നാടക രചനക്ക് കേരള സംഗീതനാടക അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാര്‍ഡ് നേടിയ പ്രതിഭാവിലാസത്തിനുടമ. അമ്പതിലേറെ നാടകങ്ങളുടെ രചയിതാവ്.

കേരളത്തിന് പുറത്തും വിദേശങ്ങളിലും മലയാളികള്‍ സംഗമിക്കുന്ന ഇടങ്ങളിലെല്ലാം എ ശാന്തകുമാറിന്റെ നാടകം അരങ്ങിലെത്തി. അത്രയേറെ മനുഷ്യ കഥാനുഗായികളായിരുന്നു ആ രചനകളെല്ലാം.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്