Connect with us

Editorial

ഇസ്‌റാഈലിലെ ഭരണമാറ്റവും ഫലസ്തീന്‍ പ്രശ്‌നവും

Published

|

Last Updated

തീവ്ര വലതുപക്ഷ, ജൂത കുടിയേറ്റ സംഘടനകള്‍ ചേര്‍ന്ന് ജറൂസലമില്‍ നടത്താന്‍ തീരുമാനിച്ച മാര്‍ച്ചിന് നല്‍കിയ അനുമതിയാണ് ഇസ്‌റാഈലില്‍ പുതുതായി അധികാരമേറ്റ നഫ്താലി ബെന്നറ്റ് സര്‍ക്കാറിന്റെ ആദ്യ നടപടികളിലൊന്ന്. മുസ്‌ലിം പ്രദേശങ്ങളില്‍ സംഘര്‍ഷത്തിനു വഴിമരുന്നിടുന്നതാണ് “പതാകകളുടെ മാര്‍ച്ച്” എന്ന ബാനറില്‍ ജറൂസലം പഴയ പട്ടണത്തിലെ ദമസ്‌കസ് ഗേറ്റ് കടന്ന് മുസ്‌ലിം മേഖലയില്‍ പ്രവേശിക്കാന്‍ ലക്ഷ്യമിടുന്ന ഈ മാര്‍ച്ച്. ഫലസ്തീനികള്‍ക്കും ജറൂസലമിനും മറ്റു പുണ്യ കേന്ദ്രങ്ങള്‍ക്കുമെതിരായ പ്രകോപനവും അതിക്രമവുമെന്നാണ് മാര്‍ച്ചിനെ ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷാതിയ്യ വിശേഷിപ്പിച്ചത്. തിങ്കളാഴ്ച ഇസ്‌റാഈല്‍ പോലീസ് മേധാവിയുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബെന്നറ്റ് സര്‍ക്കാര്‍ മാര്‍ച്ചിന് അനുമതി നല്‍കിയത്.

ഒരു വ്യാഴവട്ടക്കാലം ലിക്കുഡ് പാര്‍ട്ടി നേതാവ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഭരണം കൈയാളിയിരുന്ന തീവ്ര വലതുപക്ഷ സര്‍ക്കാറിനെ താഴെയിറക്കി പുതുതായി അധികാരത്തിലേറിയ ബെന്നറ്റ് സര്‍ക്കാര്‍ ഒരു അറബ് ഇസ്‌ലാമിക് പാര്‍ട്ടി കൂടി ചേര്‍ന്നതാണ്. മധ്യ വലതുപക്ഷമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന പുതിയ ഭരണ സഖ്യത്തില്‍ നിന്ന് ഫലസ്തീന്‍ വിഷയത്തില്‍ അല്‍പ്പം അയഞ്ഞ നിലപാടുണ്ടാകുമെന്ന് പലരും പ്രതീക്ഷ പുലര്‍ത്തിയിരുന്നു. അത്തരമൊരു പ്രതീക്ഷയും കണക്കുകൂട്ടലും വേണ്ടെന്നാണ് “പതാകകളുടെ മാര്‍ച്ചി”നു അനുമതി നല്‍കിയ ബെന്നറ്റ് സര്‍ക്കാറിന്റെ നിലപാട് ലോകസമൂഹത്തിനു നല്‍കുന്ന വ്യക്തമായ സൂചന. ഫലസ്തീനികളുടെ ദുരിതം ഇനിയും പഴയ പടി തുടരും. വംശീയതയും വിഭാഗീയ രാഷ്ട്രീയവും ഫലസ്തീന്‍ കുഞ്ഞുങ്ങളോട് പോലും ക്രൂരത കാണിക്കുന്ന ഇസ്‌റാഈല്‍ സൈന്യത്തിന്റെ പൈശാചിക നിലപാടും പൂര്‍വോപരി തുടരുമെന്നു തന്നെയാണ് കരുതേണ്ടത്. സയണിസത്തിന്റെ കൂടപ്പിറപ്പാണല്ലോ ഇതെല്ലാം.
അല്ലെങ്കിലും ബെന്നറ്റിന്റെ ചരിത്രമറിയുന്നവര്‍ ഫലസ്തീന്‍ പ്രശ്‌നത്തില്‍, വിശിഷ്യാ ജൂതകുടിയേറ്റ വിഷയത്തില്‍ ഒരു നയംമാറ്റം പ്രതീക്ഷിക്കില്ല. നെതന്യാഹുവിന്റെ വലം കൈയായിരുന്ന നഫ്താലി ബെന്നറ്റിന് ഫലസ്തീന്‍ വിഷയത്തില്‍ നെതന്യാഹുവിന്റെ അതേ നിലപാടായിരുന്നു ഇതപര്യന്തം. ഫലസ്തീനിനെ ഇസ്റാഈലിന്റെ ഭാഗമാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്ന ബെന്നറ്റ്, സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്ര നീക്കത്തെ നഖശിഖാന്തം എതിര്‍ക്കുകയും സമാധാന ശ്രമങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്ന അധിനിവേശ വെസ്റ്റ്ബാങ്കിലെയും ജറൂസലമിലെയും ജൂത കുടിയേറ്റങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു. 2013ല്‍ പാര്‍ലിമെന്റില്‍ പ്രവേശനം നേടുന്നതിന് മുമ്പ് വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റ കൗണ്‍സില്‍ മേധാവിയായി പ്രവര്‍ത്തിച്ച ബെന്നറ്റ്, ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് പദത്തിലിരിക്കെ അദ്ദേഹത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് “അധിനിവേശ നിര്‍മാണങ്ങള്‍” മന്ദീഭവിപ്പിച്ചതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നെതന്യാഹു സര്‍ക്കാറില്‍ കുടിയേറ്റ, പ്രതിരോധ വകുപ്പുകളും കൈകാര്യം ചെയ്തിരുന്നു അദ്ദേഹം. നെതന്യാഹുവിന്റെ ഭാര്യ പൊതുപണം ദുരുപയോഗം ചെയ്തുവെന്നത് ഉള്‍പ്പെടെ പുറത്തുവന്ന ചില അഴിമതി കേസുകളാണ് നെതന്യാഹുവും ബെന്നറ്റും തമ്മില്‍ അകലാനിടയാക്കിയത്. അതിലപ്പുറം നയപരമായി ഇരുവരും തമ്മില്‍ വ്യത്യാസമേതുമില്ല.

രണ്ട് വര്‍ഷത്തെ രാഷ്ട്രീയ അസ്ഥിരതക്കു ശേഷമാണ് നെതന്യാഹു വിരുദ്ധ സഖ്യം ഇസ്‌റാഈലില്‍ അധികാരത്തിലേറിയത്. രണ്ട് വര്‍ഷത്തിനിടെ നാല് തിരഞ്ഞെടുപ്പിന് സാക്ഷിയാകേണ്ടി വന്നു ഇസ്‌റാഈല്‍. 2019 ഏപ്രിലിലും സെപ്തംബറിലും നടന്ന തിരഞ്ഞെടുപ്പുകളില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. 2020 മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നപ്പോള്‍ അനിശ്ചിതത്വം ഒഴിവാക്കാന്‍ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിയും ബെന്നിറ്റ് ഗാന്റ്സിന്റെ യമീന പാര്‍ട്ടിയും സഖ്യമുണ്ടാക്കി ഭരണം തുടങ്ങി. ആദ്യ 18 മാസം പ്രധാനമന്ത്രി സ്ഥാനം നെതന്യാഹുവിന്, ശേഷം ഗാന്റ്‌സിന് എന്നായിരുന്നു ധാരണ. ഏപ്രിലില്‍ അധികാരത്തിലേറിയ ഈ സര്‍ക്കാറിന് ഒമ്പത് മാസം കഴിയും മുമ്പേ താഴെ ഇറങ്ങേണ്ടി വന്നു. അതിന് ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പിലും ഒരു സഖ്യത്തിനും ഭൂരിപക്ഷം ലഭിച്ചില്ല. 120 അംഗ പാര്‍ലിമെന്റിലേക്ക് ഭൂരിപക്ഷം നേടാന്‍ 61 സീറ്റെങ്കിലും വേണം. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സഖ്യത്തിന് 52 സീറ്റും നെതന്യാഹു വിരുദ്ധ പക്ഷത്തിന് 57 സീറ്റുമാണ് ലഭിച്ചത്. മന്‍സൂര്‍ അബ്ബാസ് നേതൃത്വം നല്‍കുന്ന അറബ് ഇസ്‌ലാമിക് റാം പാര്‍ട്ടിയെ സഖ്യത്തില്‍ ഉള്‍പ്പെടുത്തിയാണ് നെതന്യാഹു വിരുദ്ധ പക്ഷം ഇപ്പോള്‍ അധികാരത്തിലേറിയത്. ചരിത്രത്തില്‍ ഇതാദ്യമാണ് ഒരു അറബ് ഇസ്‌ലാമിക് പാര്‍ട്ടി ഇസ്‌റാഈല്‍ സര്‍ക്കാറിന്റെ ഭാഗമാകുന്നത്. അറബ് വംശജരോട് തൊട്ടുകൂടായ്മ നയമായിരുന്നു ഇക്കാലമത്രയും ജൂത പാര്‍ട്ടികള്‍ പുലര്‍ത്തി വന്നിരുന്നത്. ഭരണസാരഥ്യം കൈപിടിയിലൊതുക്കാന്‍ വേറെ മാര്‍ഗമില്ലാതെ വന്നപ്പോഴാണ് നെതന്യാഹു വിരുദ്ധ സഖ്യത്തിന് അയിത്ത ചിന്താഗതി ഉപേക്ഷിക്കേണ്ടി വന്നത്. മന്‍സൂര്‍ അബ്ബാസിന് അധികാരത്തിന്റെ ഇടനാഴികളില്‍ വിരാജിക്കാന്‍ ഒരവസരം ലഭിക്കുമെന്നതിലുപരി അറബ് ഇസ്‌ലാമിക് റാം പാര്‍ട്ടിയുടെ സാന്നിധ്യം കൊണ്ട് ഫലസ്തീനികള്‍ക്കോ അറബ് വംശജര്‍ക്കോ എന്തെങ്കിലും ഗുണമുണ്ടാകാന്‍ സാധ്യതയില്ല. സഖ്യത്തിന് ഭരണം നിലനിര്‍ത്താന്‍ അറബ് ഇസ്‌ലാമിക് റാം പാര്‍ട്ടിയുടെ പിന്തുണ അനിവാര്യമാണെന്നിരിക്കെ, മന്‍സൂര്‍ അബ്ബാസ് മനസ്സ് വെച്ചാല്‍ ഫലസ്തീനികള്‍ക്കു നേരേയുള്ള കൊടും ക്രൂരതകള്‍ക്ക് അല്‍പ്പം അയവു വരുത്തിക്കാനെങ്കിലും സാധിക്കേണ്ടതാണ്. അതിനുള്ള ആര്‍ജവം അദ്ദേഹം കാണിക്കുമോ എന്നതാണ് പ്രശ്‌നം.

---- facebook comment plugin here -----

Latest