Connect with us

Kerala

തന്നെ കുടുക്കാന്‍ പല നിലക്കും ശ്രമം; ആസിഡൊഴിക്കുമെന്ന് വരെ ഭീഷണി; അതിലൊന്നും തളരില്ല: ഐഷ സുല്‍ത്താന

Published

|

Last Updated

കോഴിക്കോട് | ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളെ വിമര്‍ശിച്ചതിന് തന്നെ കുടുക്കാന്‍ പല വഴിക്ക് ശ്രമങ്ങള്‍ നടക്കുന്നുവെന്നും ഭീഷണികളുണ്ടെന്നും ചലചിത്ര പ്രവര്‍ത്തകയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുല്‍ത്താന. താന്‍ പാക്കിസ്ഥാന്‍ അനുകൂലിയാണ്, ബംഗ്ലാദേശിലാണ് ജനിച്ചത് തുടങ്ങിയ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നത്. ആസിഡ് ഒഴിക്കുമെന്ന ഭീഷണികള്‍ വരെ ഉയര്‍ന്നിട്ടുണ്ടെന്നും എന്നാല്‍ അതുകൊണ്ടൊന്നും തന്നെ തളര്‍ത്താനാകില്ലെന്നും അവര്‍ സിറാജ്‌ലൈവിനോട് പറഞ്ഞു.

ലക്ഷദ്വീപില്‍ പ്രക്ഷോഭങ്ങള്‍ ശക്തമായി തുടരുകയാണ്. അത് ഇനിയും തുടരും. തന്നെ ലക്ഷദ്വീപില്‍ എത്തിച്ച് അവിടെ ലോക്ക് ചെയ്യാനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്താണ് താന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കോടതി അത് മറ്റന്നാളത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

തനിക്കെതിരെ പല പ്രചാരണങ്ങളും നടത്തുന്നുണ്ട്. താന്‍ ലക്ഷദ്വീപുകാരിയല്ല എന്നാണ് വ്യാപക പ്രചാരണം. ബംഗ്ലാദേശിലാണ് ജനിച്ചതെന്നാണ് ഇവര്‍ പറഞ്ഞുപരത്തുന്നത്. ഇതെല്ലാം വ്യാജമാണ്. തന്റെ ഉമ്മയുടെ പിതാവ് ചെത്ലാത്ത് ദ്വീപുകാരനാണ്. ഉമ്മയുടെ ഉമ്മ ആമിന മംഗലാപുരം സ്വദേശിയാണ്. ചെത്‌ലാത്ത് ദ്വീപിലാണ് ഉപ്പ കുഞ്ഞിക്കോയയും ഉമ്മ ഹവ്വയും ജനിച്ചു വളര്‍ന്നത്. ഉപ്പ മിനിക്കോയി ദ്വീപില്‍ സര്‍ക്കാര്‍ ജോലിക്കാരനായിരുന്നതിനാല്‍ മിനിക്കോയിലാണ് ഏഴാം ക്ലാസ് വരെ പഠിച്ചത്. ഹൈസ്‌കൂള്‍ പഠനം ചെത്‌ലാത്തിലായിരുന്നു. പ്ലസ്‌വണ്‍ പഠിച്ചത് കടമത്ത് ദ്വീപിലാണ്. പിന്നീട് കോഴി്േക്കാട്ടാണ് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. ബിഎ മലയാളം പഠിക്കാനാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെത്തിയത്. വസ്തുതകള്‍ ഇതായിരിക്കെത തനിക്കെതിരെ എന്തടിസ്ഥാനത്തിലാണ് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് എന്നറിയില്ല. ഒരുപക്ഷേ വരും ദിവസങ്ങളില്‍ തന്റെ ബന്ധുക്കളെന്ന് പറഞ്ഞ് ചിലരെ കൊണ്ടുവരാന്‍ പോലും സാധ്യത ഉണ്ടെന്നും ഐഷ സിറാജ്‌ലൈവിനോട് വ്യക്തമാക്കി.

തനിക്കെതിരെ പല നിലക്കും ഭീഷണികള്‍ വരുന്നുണ്ട്. നേരിട്ട് ഇതുവരെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ തന്റെ കാല് തല്ലിയൊടിക്കും, ആസിഡ് ഒഴിക്കും തുടങ്ങിയ ഭീഷണികള്‍ പലഭാഗത്ത് നിന്നും ഉയരുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിലൊന്നും തളരില്ല. ബിജെപിക്കാരാണ് തനിക്കെതിരായ ഗൂഢാലോചനക്ക് പിന്നിലുള്ളത്. അബ്ദുല്ലക്കുട്ടി അടക്കമുള്ളവര്‍ക്ക് അതില്‍ പങ്കുണ്ടെന്നും അവര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ഐഷയുടെ പേരിലുള്ള വ്യജ പ്രൊഫൈലുകളുണ്ടാക്കിയാണ് ബംഗ്ലാദേശ് സ്വദേശിനിയാണെന്ന പ്രചാരണം നടത്തുന്നത്. ലാഹോറിലാണ് പഠനം നടത്തിയതെന്നും പിന്നീട് കേരളത്തിലേക്ക് വരികയായിരുന്നുവെന്നും വ്യാജ ആരോപണമുന്നയിക്കുന്ന പോസ്റ്റുകളാണ് പ്രചരിക്കുന്നത്.

1984ല്‍ ബംഗ്ലാദേശിലെ ജെസ്സോറിലാണ് ജനിച്ചതെന്നും തുളുവാണ് മാതൃഭാഷയെന്നും ഒരു പോസ്റ്റില്‍ പറയുന്നു. ലാഹോിലെ ബീക്കണ്‍ ഹൗസ് നാഷണല്‍ യൂനിവേഴ്‌സിറ്റിയിലാണ് ഉപരിപഠനം നടത്തിയതെന്നും പോസ്റ്റുകളില്‍ പറയുന്നുണ്ട്. ബയോഗ്രഫി ഡേറ്റ ഡോട്ട് ഓര്‍ഗ് എന്ന വെബ്‌സൈറ്റിലുള്ള ഐഷയുടെ വിശദമായ ബയോഡാറ്റ എന്ന നിലയിലാണ് വ്യാജപ്രചാരണം കൊഴുക്കുന്നത്.

ലക്ഷദ്വീപ് വിഷയത്തില്‍ ടെലിവിഷന്‍ ചര്‍ച്ചകളിലൂടെയും അല്ലാതെയും ശക്തമായി പ്രതികരിച്ചതാണ് ഐഷ സുല്‍ത്താനക്കെതിരായ നീക്കങ്ങള്‍ക്ക് കാരണം. ചാനല്‍ ചര്‍ച്ചയില്‍ ലക്ഷദ്വീപ് ജനതക്ക് എതിരെ ജൈവായുധം പ്രയോഗിച്ചു എന്ന പരാമര്‍ശത്തിന്റെ പേരിലാണ് അവര്‍ക്ക് എതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത്. ഇതിനെ അല്ലാഹു നല്‍കിയ അവസരമാണ് എന്ന് വിശേഷിപ്പിക്കുന്ന ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിയുടെ ഫോണ്‍ സംഭാഷണവും ഇതിനിടെ പുറത്തുവന്നിരുന്നു.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest