Connect with us

Articles

കോടാലിയുടെ കൈ പിടിച്ചവരാരൊക്കെ?

Published

|

Last Updated

2018ലെ വലിയ പ്രളയം. 2019ലെ ചെറിയ പ്രളയം. മനുഷ്യരെയും ഇതര ജീവജാലങ്ങളെയും ഇല്ലാതാക്കിയ, പൂര്‍ണമായി ഇല്ലാതാക്കിയ ഉരുള്‍പൊട്ടലുകള്‍ നാട്ടില്‍ പലയിടങ്ങളില്‍. പ്രകൃതിക്കുമേല്‍ മനുഷ്യനേല്‍പ്പിച്ച ആഘാതത്തിന്റെ കൂടി ഫലമായിരുന്നു ഇവയൊക്കെ. നാശനഷ്ടങ്ങളുടെ കണക്ക്, നഷ്ടപ്പെട്ട ജീവനുകള്‍ക്ക് പുറമെയുള്ളത്, സഹസ്ര കോടികളുടേതാണ്. നമ്മളിതിനെ അതിജീവിക്കുമെന്ന് ഒരേ സ്വരത്തില്‍ പറഞ്ഞിരുന്നു മലയാളികള്‍. പുനര്‍ നിര്‍മാണത്തെക്കുറിച്ച്, നവകേരള സൃഷ്ടിയെക്കുറിച്ച് ഭരണനേതൃത്വം വാചാലരായി. വലിയ പ്രളയത്തിന് ശേഷമുള്ള ശുചീകരണ പ്രവൃത്തികളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നമ്മളൊന്നിച്ചങ്ങ് ഇറങ്ങുകയല്ലേ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ കേവലം ശുചീകരണ പ്രവൃത്തികള്‍ക്കപ്പുറത്ത് പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറക്കുന്നതിനുള്ള നടപടികളിലേക്ക് കൂടി നമ്മളൊന്നിച്ച് ഇറങ്ങുകയാണെന്ന തോന്നലാണുണ്ടാക്കിയത്. ദുരന്ത സാധ്യതയുള്ള മേഖലകളെ നിര്‍ണയിക്കല്‍, അത്തരം പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കല്‍ എന്നിവയെക്കുറിച്ചൊക്കെ ചര്‍ച്ചകളുണ്ടായി. കേരളത്തിലെ ഭൂവിനിയോഗം പുനഃക്രമീകരിക്കണമെന്ന ആവശ്യമുയര്‍ന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന പ്രഖ്യാപനമുണ്ടായി. പെയ്ത്തുവെള്ളം ആഗിരണം ചെയ്യാന്‍ ത്രാണിയുള്ള നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തിയത് പ്രളയത്തിന് കാരണമായെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. പുഴയോരങ്ങള്‍ കൈയേറി നിര്‍മാണങ്ങള്‍ നടത്തിയത് പുഴ വഴിമാറിയൊഴുകാന്‍ കാരണമായെന്നും ഇത് വെള്ളപ്പൊക്കത്തിന് വഴിവെച്ചുവെന്നും വിലയിരുത്തലുണ്ടായി. മനുഷ്യന്‍ കൈയേറിയത്, ചിലയിടങ്ങളില്‍ പുഴ തിരികെ എടുത്തെന്നും നാശനഷ്ടങ്ങളുടെ ആക്കം കൂട്ടിയെന്നും. മരങ്ങളും ഇതര സസ്യജാലങ്ങളും വെട്ടിവെളുപ്പിച്ച് കുന്നുകളെ ജലബോംബുകളാക്കി മാറ്റിയ നമ്മള്‍ തന്നെയാണ് ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ട ജീവനുകളുടെ ഉത്തരവാദിയെന്ന് പരസ്യമായി പറഞ്ഞവരും രഹസ്യമായി സമ്മതിച്ചവരും കുറവായിരുന്നില്ല. വെട്ടിവെളുപ്പിക്കലിന് ഒത്താശ ചെയ്ത ഭരണകൂടങ്ങള്‍ നടത്തിയ കൊലകളാണിതെന്ന് വേണമെങ്കില്‍ പറയാം.

ദുരിത – ദുരന്ത ദിനങ്ങളുടെ ഓര്‍മ മായുന്നതിന് മുമ്പാണ് സംസ്ഥാനത്തെമ്പാടുമുള്ള വലിയ മരംകൊള്ളക്ക് അരങ്ങൊരുങ്ങുന്നത്. വയനാട്ടിലെ മുട്ടിലും തൃശൂരിലെ മച്ചാടുമൊക്കെ അതിന്റെ പുറത്തുവന്ന തെളിവുകള്‍ മാത്രം. മറ്റ് ജില്ലകളില്‍ ഏതൊക്കെ സ്ഥലങ്ങളില്‍ ഇങ്ങനെ വന്‍തോതില്‍ മരംമുറി നടന്നിട്ടുണ്ടെന്നത് ഇനിയും കണ്ടെത്തേണ്ട കാര്യമാണ്. പട്ടയ ഭൂമിയിലെ ചന്ദനമൊഴികെ മരങ്ങള്‍ മുറിക്കാന്‍ അനുവാദം നല്‍കി 2020 മാര്‍ച്ചില്‍ പുറത്തുവന്ന സര്‍ക്കുലറും അങ്ങനെ മരം മുറിക്കുന്നത് തടയാന്‍ ശ്രമിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി 2020 ഒക്‌ടോബറില്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവും മറയാക്കിയായിരുന്നു ഈ കൊള്ള. പട്ടയ ഭൂമിയിലുള്ള വീട്ടിയും തേക്കുമുള്‍പ്പെടെ പന്ത്രണ്ടിനം മരങ്ങള്‍ മുറിക്കുന്നതിന് വിലക്കുണ്ട്. പട്ടയം അനുവദിക്കുമ്പോള്‍ തന്നെ ഇവ സംരക്ഷിത മരങ്ങളാണെന്ന് വ്യക്തമാക്കുന്നതാണ്. ഇവക്ക് പുറമെ പട്ടയ ഭൂമിയിലുള്ള മരങ്ങള്‍ ഭൂമി സ്വന്തമാക്കുന്ന വ്യക്തി വിലയടച്ച് വാങ്ങണം. അവ പിന്നീട് വെട്ടാന്‍ ഭൂവുടമക്ക് കഴിയും. ഇതാണ് നിലവിലുള്ള ചട്ടം. ഈ ചട്ടത്തിലെ പ്രയാസങ്ങള്‍ വര്‍ഷങ്ങളായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടാറുണ്ട്. പുരക്ക് മേലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരം പോലും വെട്ടാനാകുന്നില്ല, ഇവ വെട്ടിനീക്കാന്‍ കഴിയാത്തതുകൊണ്ട് കൃഷിയിറക്കാനാകുന്നില്ല എന്നൊക്കെ. അതൊക്കെ ചെറിയ അളവില്‍ ഭൂമിക്ക് പട്ടയം കിട്ടിയവരുടെ പരാതികളാണ്. ഓരോ കേസായി പരിശോധിച്ച്, അനിവാര്യമാണെന്ന് ബോധ്യമാകുന്നപക്ഷം അനുമതി നല്‍കാവുന്നവ. അതിന് പകരം, അത്തരം പരാതികളെ മറയാക്കി, വന്‍തോതിലുള്ള മരംമുറിക്ക് അവസരമൊരുക്കും വിധത്തിലുള്ള തീരുമാനമെടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.

ഈ സര്‍ക്കുലറും ഉത്തരവും പുറത്തുവന്നപ്പോള്‍ തന്നെ പതിയിരിക്കുന്ന അപകടം പല ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിച്ചിരുന്നു. ഈ ഉത്തരവ് വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന് വയനാട് ജില്ലാ കലക്ടര്‍ തന്നെ റവന്യൂ വകുപ്പിനെ അറിയിച്ചു. പക്ഷേ, പുനഃപരിശോധന ഉടന്‍ വേണ്ടെന്നായിരുന്നു തീരുമാനം. ഉത്തരവിന്റെ മറവില്‍ വെട്ടാനുള്ളതൊക്കെ വെട്ടിയെടുക്കാന്‍ നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് അവസരമൊരുക്കുക എന്ന ദുരുദ്ദേശ്യം മാത്രമേ ഇതില്‍ കാണാനാകൂ. വെട്ടേണ്ടതൊക്കെ വെട്ടിക്കഴിഞ്ഞുവെന്ന് ഉറപ്പാക്കിയ ശേഷം ആ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു. മരംമുറി വാര്‍ത്തയും തര്‍ക്ക വിഷയവുമായപ്പോള്‍ കേസ് നേരിടാന്‍ പോകുന്നതോ അധികവും ആദിവാസികളും കര്‍ഷകരുമാണ്. ഉത്തരവിന്റെ മറവില്‍ മരം വാങ്ങാനെത്തിയവര്‍ വെട്ടാനുള്ള അനുമതി വാങ്ങിയത് ഭൂവുടമയുടെ പേരിലാണ്. അതങ്ങനെ മാത്രമേ സാധിക്കുകയുമുള്ളൂ. അതുകൊണ്ട് അവര്‍ കേസില്‍ പ്രതികളാകുക സ്വാഭാവികം.
ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിക്കുന്നതിന് അനുവാദം നല്‍കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് കൊള്ള നടത്തിയത് എന്നാണ് സര്‍ക്കാറിന്റെ വാദം. ദുര്‍വ്യാഖ്യാനം ചെയ്യാന്‍ പാകത്തില്‍ ഉത്തരവ് ഇറക്കിയത് എന്തുകൊണ്ട് എന്നതിന് ഉത്തരമില്ല. അത് ഉദ്യോഗസ്ഥരുടെ മാത്രം തീരുമാനമായിരുന്നോ എന്നതിനും മറുപടിയില്ല. ദൂരവ്യാപക ആഘാതമുണ്ടാക്കാന്‍ പാകത്തിലുള്ള സര്‍ക്കുലര്‍ ഇറങ്ങുക, അതിന്റെ അപകടം ഉദ്യോഗസ്ഥരില്‍ തന്നെ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുക, എന്നിട്ടും ആ സര്‍ക്കുലര്‍ പ്രകാരം നടപടി സ്വീകരിക്കാന്‍ അനുവാദം നല്‍കി ഉത്തരവിറക്കുക. ഭരണ നേതൃത്വത്തിന്റെ അറിവില്ലാതെ, അല്ലെങ്കില്‍ നേതൃത്വത്തിലിരിക്കുന്നവരുടെ സമ്മര്‍ദമില്ലാതെ ഇതിങ്ങനെ നടക്കുമെന്ന് കരുതാനാകില്ല.

ചന്ദനമൊഴികെ മരങ്ങള്‍ മുറിക്കാന്‍ അനുവാദം നല്‍കുന്ന സര്‍ക്കുലറും ഉത്തരവും റവന്യൂ വകുപ്പിന്റേതാണ്. വനം വകുപ്പില്‍ നിന്നുള്ള അനുമതി കൂടി വേണം ഇവ മുറിക്കുന്നതിന്. റവന്യൂവിന്റെ അനുമതി ചൂണ്ടിക്കാട്ടി വനത്തിന്റെ അനുമതി വാങ്ങിയെടുക്കുക എന്ന തന്ത്രമാണ് നടപ്പാക്കപ്പെട്ടത്. അതിന് വേണ്ടിടത്തൊക്കെ കൈക്കൂലി നല്‍കാന്‍ ഇടപാടുകാര്‍ മടിച്ചിട്ടില്ല. മുട്ടില്‍ മരംമുറിയില്‍ ആരോപണ വിധേയരായ, വന്‍കിടക്കാരായ സഹോദരങ്ങള്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ പൊലിച്ച കൈക്കൂലിയുടെ കണക്ക് പ്രത്യേകം പറയുന്നത് കേട്ടു. കൊള്ള നടപ്പാക്കാന്‍ ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയവര്‍, കൊള്ളക്ക് അവസരമുണ്ടാക്കാനുള്ള സര്‍ക്കുലറും ഉത്തരവുമൊക്കെ സംഘടിപ്പിക്കാന്‍ എത്ര കൈക്കൂലി കൊടുത്തിട്ടുണ്ടാകും? അത് ആര്‍ക്കൊക്കെയാണ് നല്‍കിയിട്ടുണ്ടാകുക? കൊടിയ കൊള്ള മാത്രമല്ല, അതിന് പിറകില്‍ നടന്ന അഴിമതി കൂടിയാണ് അന്വേഷിക്കപ്പെടേണ്ടത്.

വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന പശ്ചിമഘട്ട സംരക്ഷണത്തിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അതീവ പരിസ്ഥിതി പ്രാധാന്യ മേഖലയായി ചൂണ്ടിക്കാണിച്ചതില്‍ വയനാട് ജില്ലയിലെ പല പ്രദേശങ്ങളുമുണ്ട്. ആ ജില്ലയിലെ പല പ്രദേശങ്ങളും ഇവ്വിധത്തില്‍ വെട്ടിവെളുപ്പിക്കുമ്പോള്‍ ശേഷിക്കുന്ന ജൈവവൈവിധ്യം കൂടിയാണ് ഇല്ലാതാകുന്നത്. വയനാട്ടില്‍ നമ്മള്‍ വെട്ടിവെളുപ്പിച്ചതിന്റെ ആഘാതമാണ് 2019ലെ പ്രളയകാലത്ത് മലപ്പുറം ജില്ലയിലെ നിലമ്പൂരുകാര്‍ അനുഭവിച്ചത്. ഉരുളൊലിച്ചെത്തിയപ്പോള്‍ ചില പ്രദേശങ്ങള്‍ തന്നെ ഇല്ലാതായി.

ജീവഹാനിയുണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രം. മലയുടെ തലവെട്ടുന്നവര്‍ അവിടുത്തെ ജീവനുകള്‍ക്ക് മാത്രമല്ല, സമീപ താഴ്‌വരകളിലെ ജീവനുകള്‍ക്ക് കൂടിയാണ് ഭീഷണിയുയര്‍ത്തുന്നത്. അതുണ്ടാക്കുന്ന ആഘാതം പരിഹരിക്കാന്‍ നമ്മളൊന്നാകെ യത്‌നിക്കേണ്ടി വരുമ്പോള്‍, അത് കേരളത്തിന്റെ സാമൂഹിക ജീവിതത്തിനാകെയാണ് പ്രയാസം സൃഷ്ടിക്കുക. ആ നിലക്ക് ദുര്‍വ്യാഖ്യാന സാധ്യത മനസ്സിലാക്കിക്കൊണ്ട് ഇറക്കിയ ഉത്തരവിലൂടെ വയനാട്ടിലും തൃശൂരിലും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും മരം കൊള്ളക്ക് അവസരമുണ്ടാക്കിയവരെ സാമൂഹിക വിരുദ്ധരായി കാണേണ്ടിവരും. വരും കാലത്ത് കേരളത്തിലുണ്ടാകാനിടയുള്ള പ്രകൃതി ദുരന്തങ്ങളില്‍ ജീവജാലങ്ങള്‍ക്ക് ഹാനിയുണ്ടായാല്‍ അതിലെ കുറ്റവാളികളായി കാണേണ്ടിയും വരും. ആ ഉത്തരവെന്ന കോടാലിയുടെ കൈ പിടിച്ചവരാരൊക്കെ എന്നാണ് അറിയേണ്ടത്. നവകേരള സൃഷ്ടിയെക്കുറിച്ച്, പ്രകൃതി ദുരന്തങ്ങള്‍ കുറച്ചു കൊണ്ടുവരാന്‍ പാകത്തിലുള്ള ഭൂവിനിയോഗത്തെക്കുറിച്ചും നിര്‍മാണ രീതിയെക്കുറിച്ചുമൊക്കെ കേരളത്തോട് സംസാരിച്ച മുഖ്യമന്ത്രിക്ക് ഈ കൊള്ളക്കാരെ കേരളീയര്‍ക്ക് മുന്നിലെത്തിക്കേണ്ട ഉത്തരവാദിത്വവുമുണ്ട്. ഇല്ലെങ്കില്‍ നവകേരള സൃഷ്ടിയെന്നതൊക്കെ വെറും വാചാടോപം മാത്രമായി ശേഷിക്കും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest