Connect with us

Malappuram

ഇരുളിന്റെ ലോകത്ത് നിന്നും കൂട്ടിന്റെ വെളിച്ചത്തിലേക്ക്; ജലാലുദ്ദീനും ത്വാഹക്കും വിവാഹാശംകൾ നേർന്ന് ഖലീൽ തങ്ങൾ

Published

|

Last Updated

മഅദിന്‍ ഏബ്ള്‍ വേള്‍ഡ് വിദ്യാര്‍ത്ഥികളായ ജലാലുദ്ധീന്‍ അദനിയും ഹാഫിള് ത്വാഹാ മഹ്ബൂബും വിവാഹ ചടങ്ങിന് ശേഷം കാര്‍മികത്വം വഹിച്ച മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരിക്കൊപ്പം

മലപ്പുറം | കോവിഡ് കാലത്ത് മഅദിന്‍ അക്കാദമിയില്‍ ഇന്ന് നടന്ന രണ്ട് വിവാഹങ്ങള്‍ക്ക് ഒട്ടേറെ സന്തോഷത്തിന്റെ കഥകള്‍ പറയാനുണ്ട്. ഇരുളിന്റെ ലോകത്ത് നിന്നും കൂട്ടിന്റെ വെളിച്ചത്തിലേക്ക് പാദമൂന്നിയ മഅദിന്‍ വിദ്യാര്‍ത്ഥികളായ ജലാലുദ്ധീന്‍ അദനിയുടെയും ഹാഫിള് ത്വാഹാ മഹ്ബൂബിന്റെയും മംഗല്യ സുദിനമായിരുന്നു ഇന്ന്. അന്ധത കൂടെപ്പിറപ്പായിരുന്നെങ്കിലും പ്രതിബന്ധങ്ങളെ അതിജയിച്ച് നിരവധി നേട്ടങ്ങളുടെ നെറുകയിലേക്ക് എത്തിയ രണ്ട് പേര്‍. ചെറുപ്പത്തിലേ മഅദിന്‍ അക്കാദമിയിലെത്തി കഠിനാധ്വാനം കൊണ്ട് അതിജയിച്ചവര്‍.

അക്ഷരങ്ങള്‍ പോലും പരിചയമില്ലാതെ മഅദിന്‍ അക്കാദമിയിലെത്തി ഇപ്പോള്‍ അറബി സാഹിത്യത്തില്‍ ജെ.ആര്‍.എഫ് കരസ്ഥമാക്കി പി.എച്ച്.ഡി ക്ക് തയ്യാറെടുക്കുകയാണ് ജലാലുദ്ധീന്‍ അദനി. തന്റെ പത്താം വയസ്സില്‍ മഅദിന്‍ ബ്ലൈന്‍ഡ് സ്‌കൂളിലെത്തി പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കി തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് ഖുര്‍ആന്‍ മനപ്പാഠനമാക്കിയ ത്വാഹ മഹ്ബൂബ്, 160 രാജ്യങ്ങളിലെ മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. ഇരുവരും പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്ന അസുലഭ മൂഹൂർത്തത്തിനാണ് ഇന്ന് മഅദിന്‍ അക്കാദമി സാക്ഷ്യം വഹിച്ചത്.

അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ സ്പാനിഷ്, ഫ്രഞ്ച് ഭാഷകള്‍കൂടി പഠിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജലാലുദ്ധീന്‍ അദനി വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നത്. ലോക പ്രശസ്തമായ 7 ശൈലിയിലുള്ള ഖുര്‍ആന്‍ പാരായണ പഠനത്തിന്റെ ഒരുക്കത്തിലാണ് ഹാഫിള് ത്വാഹാ മഹ്ബൂബ്. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ണിത ആളുകള്‍ മാത്രം പങ്കെടുത്ത് നടത്തിയ ചടങ്ങ് സന്തോഷകരമായ മുഹൂര്‍ത്തമാണ് സമ്മാനിച്ചത്.

ഓമച്ചപ്പുഴ വരിക്കോട്ടില്‍ അബ്ദുള്ള ഹാജിയുടെ മകനായ ഹാഫിള് ത്വാഹ മഹ്ബൂബിന്റെ വധു ഓലപ്പീടിക കോങ്ങശ്ശേരി മൊയ്തീന്‍ കുട്ടിയുടെ മകള്‍ മുഹ്‌സിന്‍ ഷെറിന്‍ സ്വദീഖയും കുണ്ടൂര്‍ പനയത്തില്‍ മുഹമ്മദ് കുട്ടിയുടെ മകനായ ജലാലുദ്ധീന്‍ അദനിയുടെ വധു മാറഞ്ചേരി ചുള്ളില വളപ്പില്‍ അബ്ദുറസാഖ് അഹ്‌സനിയുടെ മകള്‍ നുസൈബയുമാണ്.

മഅദിന്‍ അക്കാദമി 23 വര്‍ഷം പിന്നിടുമ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷമാണിതെന്നും അവശതയനുഭവിക്കുന്നവരെ ചേര്‍ത്ത് നിര്‍ത്താനും അവസരങ്ങള്‍ നല്‍കി കരുത്ത് പകരാനുമാണ് നാം ശ്രമിക്കേണ്ടതെന്നും ഇവരുടെ വിവാഹ വേദി അനേകായിരങ്ങള്‍ക്ക് പ്രതീക്ഷയും പ്രത്യാശയുമാണ് സമ്മാനിക്കുന്നതെന്നും നികാഹിന് കാര്‍മികത്വം വഹിച്ച് മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.

പ്രിയ ശിഷ്യരുടെ നിക്കാഹ് ദിനത്തില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി ആശംസകള്‍ നേര്‍ന്നു.

ഖലീല്‍ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്:

സന്തോഷക്കണ്ണീരോടെയാണ് ഇത് കുറിക്കുന്നത്. പ്രിയ ശിഷ്യരായ ജലാലുദ്ധീന്‍ അദനിയുടെയും ഹാഫിള് ത്വാഹാ മെഹബൂബിന്റെയും
വിവാഹ ദിനമാണിന്ന്. ഇരുളിന്റെ ലോകത്ത് നിന്നും കൂട്ടിന്റെ വെളിച്ചത്തിലേക്ക് പാദമൂന്നുന്ന രണ്ട് പ്രതിഭകളുടെ മംഗല്യ ദിനം. രണ്ട് പേരുടെയും നികാഹ് ഒരേ ദിവസമായത് യാദൃശ്ചികമാണ്. അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും.
അന്ധത കൂടെപ്പിറപ്പായിരുന്നെങ്കിലും പ്രതിബന്ധങ്ങളെ അതിജയിക്കുന്ന മന:ക്കരുത്തുണ്ടായിരുന്നു രണ്ടു പേര്‍ക്കും. പല മേഖലകളിലും നേട്ടങ്ങളുടെ നെറുകയിലേക്ക് അവരെത്തിയത് ഈ ആത്മബലം കൊണ്ടാണ്. മഅ്ദിന്‍ അക്കാദമിയുടെ കരുതലിലണഞ്ഞ അവരുടേയും കുടുംബങ്ങളുടേയും പ്രതീക്ഷകള്‍ ഒന്നും തെറ്റിയില്ല, അല്‍ഹംദുലില്ലാഹ്.

അദനി ബിരുദത്തിനൊപ്പം അറബി ഭാഷയില്‍ ജെ. ആര്‍. എഫ് കൂടി കരസ്ഥമാക്കി ജലാല്‍ അദനിയും 160 രാജ്യങ്ങളിലെ മത്സരാര്‍ഥികള്‍ പങ്കെടുത്ത ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ സംബന്ധിച്ച് ത്വാഹാ മെഹബൂബും മിന്നും താരങ്ങളായി.
മഅദിന്‍ ബ്ലൈന്‍ഡ് സ്‌കൂളില്‍ അഡ്മിഷന്‍ നേടിയ ത്വാഹാ പിന്നീട് മഅദിന്‍ തഹ്ഫീളില്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് ഖുര്‍ആന്‍ മന:പാഠമാക്കുകയും സ്ഥാപനത്തിനും കുടുംബത്തിനും നിരവധി അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. അറബി അക്ഷരങ്ങള്‍ പോലും പരിചയമില്ലാതെ സ്ഥാപനത്തിലെത്തിയ ജലാല്‍ അദനി ഇപ്പോള്‍ കലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പി എച്ച് ഡി ചെയ്യാനൊരുങ്ങുകയാണ്.

മഅദിനില്‍ ഭിന്നശേഷി ക്കാര്‍ക്കായി പ്രത്യേക സ്ഥാപനം ആരംഭിക്കാന്‍ തീരുമാനിച്ച ഘട്ടത്തില്‍ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ പലരില്‍ നിന്നും ഉണ്ടായിരുന്നു. എന്നോടുള്ള സ്‌നേഹം കൊണ്ടും ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ ദുരനുഭവങ്ങള്‍ കൊണ്ടുമായിരുന്നു അവ. എന്നാലും അല്ലാഹുവില്‍ തവക്കുലാക്കിയാണ് സ്‌പെഷ്യല്‍ സ്‌കൂളുകള്‍ ആരംഭിച്ചത്. മനസ്സ് മടുത്ത് ആ ദൗത്യം ഉപേക്ഷിച്ചിരുന്നെങ്കില്‍ ഇത്തരം പ്രതിഭകള്‍ നമുക്കുണ്ടാകുമായിരുന്നോ എന്ന് ആലോചിക്കാറുണ്ട്.
മഅദിന്‍ അക്കാദമിക്ക് മാനസിക ശാരീരിക സാമ്പത്തിക പിന്തുണ നല്‍കുന്നവര്‍ക്ക് ഏറ്റവും സന്തോഷമുള്ള ദിനം കൂടിയാണ് ഇന്ന്. അവശതയനുഭവിക്കുന്നവരെ ചേര്‍ത്തു നിര്‍ത്താനും മുന്നില്‍ നടത്താനും നമുക്ക് സാധിക്കണം. ദൈന്യത പറഞ്ഞ് അവരെ നിഷ്‌ക്രിയരാക്കാനല്ല, അവസരങ്ങള്‍ നല്‍കി കരുത്തരാക്കാനുള്ള വിവേകമാണ് നമുക്കുണ്ടാവേണ്ടത്. നമ്മെപ്പോലെ ഇടപഴകാനും ജീവിക്കാനും കൊതിയുള്ളവരാണവര്‍. ജീവിതത്തില്‍ മധുര സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ളവര്‍.
ഇത് പോലുള്ള അനേകായിരങ്ങള്‍ക്ക് കരുത്തായി നില്‍ക്കാനാകണം നമുക്ക്. നമ്മുടെ കരുതലില്‍ അവരുടെ കണ്ണില്‍ നിറയുന്ന ഒരു വെളിച്ചമുണ്ട്, അകം തട്ടുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്…

നന്മയില്‍ ഒപ്പം നിന്നവരോടും പ്രതിസന്ധികളില്‍ കൈപിടിച്ചവരോടും അല്ലാഹുവില്‍ നിന്നുള്ള അണമുറിയാത്ത അനു?ഗ്രങ്ങളുടെ സന്തോഷമാണ് ഈ വേളയില്‍ പങ്കുവെക്കാനുള്ളത്.