Connect with us

Kerala

ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിയോടെ; തീരത്ത് ഇനി വറുതിയുടെ നാളുകള്‍

Published

|

Last Updated

പൊന്നാനി | ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. കല്‍ല്‍ക്ഷോഭവും കൊവിഡും മറ്റും കാരണം മാസങ്ങളോളം കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മിക്ക ബോട്ടുകളും കടലില്‍ പോയിരുന്നില്ല. അടുത്ത ദിവസങ്ങളിലാണ് ബോട്ടുകള്‍ പോയിതുടങ്ങിയത് തന്നെ. ഇതോടെ തീരദേശം ഒന്നുണര്‍ന്നങ്കിലും വീണ്ടും 53 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനം കൂടിയാകുമ്പോള്‍ തീരത്തെ ജനങ്ങളുടെ ദുരിതം ഇരട്ടിയാകും.

ഇന്ന് അര്‍ധരാത്രി മുതലാണ് നിരോധനം തുടങ്ങുക. മുന്‍വര്‍ഷങ്ങളില്‍ 47 ദിവസമാണ് ട്രോളിങ് നിരോധന കാലയളവ്. ഇത്തവണ കേന്ദ്രത്തിന്റെ ആവശ്യപ്രകാരം 53 ദിവസമാണ്. മണ്‍സൂണ്‍ ആരംഭിച്ചാല്‍ പൊതുവെ നല്ല പണിയുണ്ടാകാറുണ്ട്. ഇത്തവണ മീന്‍ കിട്ടിയതേയില്ല. ഡീസല്‍ച്ചെലവുപോലും ലഭിക്കാതെയാണ് മിക്ക ബോട്ടുകളും ഈ സീസണില്‍ തിരിച്ചെത്തിയത്.

നിരോധനത്തിന് മുന്നോടിയായി ബോട്ടുകള്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്ന തിരക്കിലാണ് മത്സ്യത്തൊഴിലാളികള്‍. കരയ്‌ക്കെത്തിയ ബോട്ടുകാര്‍ വിലപിടിപ്പുള്ള ഉപകരണങ്ങളെല്ലാം അഴിച്ചെടുത്ത് സുരക്ഷിതമാക്കുകയാണ്. ബേപ്പൂരിലും പൊന്നാനിയിലും കടലില്‍ പോകുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ ഏറെപ്പേരും തമിഴ്നാട്ടുകാരും ബംഗാളികളുമാണ്. ഇവര്‍ ഒന്നിച്ച് നാട്ടിലേക്ക് മടങ്ങിത്തുടങ്ങി.

മത്സ്യമേഖലയില്‍ എക്കാലത്തെയും മോശമായ സീസണാണ് കടന്നുപോയത്. വെറുംകൈയോടെ മടങ്ങിയെത്തിയ ദിനങ്ങള്‍ ഏറെയുണ്ടായി. ബോട്ടുടമകളെ കടക്കെണിയിലേക്കും തൊഴിലാളികളെ പട്ടിണിയിലേക്കും തള്ളിവിട്ട സീസണായിരുന്നു ഇത്തവണ. ട്രോളിങ് നിരോധന കാലയളവില്‍ സംസ്ഥാന അതിര്‍ത്തിയായ 12 മൈല്‍വരെ പരമ്പരാഗത വള്ളക്കാര്‍ക്ക് മത്സ്യബന്ധനം അനുവദിക്കും. ഇന്നലെ രാത്രിയോടെ ഭൂരിഭാഗം ബോട്ടുകളെല്ലാം തീരമണഞ്ഞു.

ഇനിയുള്ള ദിവസങ്ങള്‍ തീരദേശത്ത് വറുതിയുടെ ദിനങ്ങളാണ്. കടല്‍ കനിഞ്ഞാല്‍ മാത്രം ജീവിതം പച്ച പിടിക്കുന്ന കടലിന്‍െ മക്കള്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങള്‍ ഓര്‍ക്കാന്‍ പോലും ഭയമാണ് മുന്‍കാലങ്ങളിലെല്ലാം സീസണില്‍ നല്ല മത്സ്യം ലഭിച്ചാല്‍ അതില്‍നിന്നും ലഭിക്കുന്ന വരുമാനങ്ങളിലെ ചെറിയഭാഗം മാറ്റിവെക്കാന്‍ സാധിക്കുമായിരുന്നു. ഇത്തവണ അതിനും സാധിച്ചില്ല. സര്‍ക്കാറില്‍നിന്നും അടിയന്തിരമായ ലഭിക്കുന്ന സഹായങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ കാത്തിരിപ്പാണ്. കാലവര്‍ഷം കൂടി ശക്തിയിര്‍ജിച്ചാല്‍ ഇവര്‍ക്ക് കൂരയില്‍ പോലും അന്തിയുറങ്ങാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം.