Connect with us

Editorial

കുഴൽപ്പണ കേസിൽ ബി ജെ പി ഉന്നത നേതാക്കളും?

Published

|

Last Updated

കണ്ടകശ്ശനിയാണ് ബി ജെ പിക്ക് ഇപ്പോൾ കേരളത്തിൽ. നിയമ സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കൊടകര കുഴൽപ്പണക്കേസ്, എൻ ഡി എയിൽ ചേരാൻ ജാനുവിന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പത്ത് ലക്ഷം പ്രതിഫലം നൽകിയത്, മഞ്ചേശ്വരത്തെ അപര സ്ഥാനാർഥി സുന്ദരക്ക് മത്സരത്തിൽ നിന്ന് പിന്മാറാൻ കെ സുരേന്ദ്രൻ 15 ലക്ഷം വാഗ്ദാനം നൽകിയെന്ന വെളിപ്പെടുത്തൽ എന്നിങ്ങനെ പാർട്ടി കേരള ഘടകത്തിന്റെ മുഖം കെടുത്തുന്ന വാർത്തകളാണ് ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കുഴൽപ്പണ കവർച്ചാ കേസിൽ ബി ജെ പിക്ക് ഒരു പങ്കുമില്ലെന്നാണ് തുടക്കത്തിൽ സംസ്ഥാന അധ്യക്ഷൻ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞിരുന്നതെങ്കിലും പ്രമുഖ പാർട്ടി നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് വിവരം. കോഴിക്കോട്ട് നിന്ന് പണം കൊടുത്തു വിട്ട ധർമരാജൻ ആർ എസ് എസ് പ്രവർത്തകനാണെന്നും ഇയാൾക്ക് പണം കൈമാറിയത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് ആണെന്നും അന്വേഷണച്ചുമതലയുള്ള തൃശൂർ എസ് പി. ജി പൂങ്കുഴലി വ്യക്തമാക്കിയതാണ്. സംശയത്തിന്റെ മുന ഇപ്പോൾ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിലേക്കും നീണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സെക്രട്ടറി ദിപിന്റെ ഫോണിൽ നിന്ന് ധർമരാജനെ പല തവണ വിളിച്ചതായി പോലീസിന് വിവരം ലഭിച്ചിച്ചുണ്ട്. ഇതടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് ദീപിനോടാവശ്യപ്പെട്ടത്. കെ സുരേന്ദ്രൻ ഹെലികോപ്റ്ററിൽ കള്ളപ്പണം കടത്തിയതായും വാർത്ത വന്നിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ആവശ്യത്തിന് പുറത്തുനിന്നു അവിഹിതമായി കൊണ്ടുവന്ന കള്ളപ്പണം കൃത്രിമ വാഹനാപകടം സൃഷ്ടിച്ചു തട്ടിയെടുത്തതാണ് കൊടകര കേസിനാധാരമായ സംഭവം. വോട്ട് വിലക്കു വാങ്ങുന്നതുൾപ്പെടെ തിരഞ്ഞെടുപ്പിലെ നിയമവിരുദ്ധമായ പ്രവർത്തങ്ങൾക്കാണ് പണം കടത്തിയതെന്നാണ് വിവരം. വർഗീയ ധ്രുവീകരണ പ്രവർത്തനങ്ങൾക്കും ബി ജെ പിയുൾപ്പെടെ സംഘ്പരിവാർ സംഘടനകൾ കള്ളപ്പണം കടത്തുന്നതായി മുമ്പേ ആരോപണമുണ്ട്. കൊടകര കേസുമായി ബന്ധപ്പെട്ട കള്ളപ്പണം കർണാടകയിൽ നിന്നാണ് കൊണ്ടുവന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കേരളത്തിൽ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചത് കർണാടകയിൽ നിന്നുള്ള ബി ജെ പി നേതാക്കളും മന്ത്രിമാരുമായിരുന്നു. കൊടകരയിൽ കൊള്ളയടിക്കപ്പെട്ടത് മൂന്നര കോടിയാണെങ്കിലും അതിനേക്കാൾ എത്രയോ മടങ്ങ് കള്ളപ്പണം പാർട്ടിക്ക് വേണ്ടി കേരളത്തിലെത്തിയിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടവും അത് വന്ന വഴിയും എന്ത് ലക്ഷ്യത്തിലേക്കാണ് അത് കേരളത്തിലെത്തിച്ചതെന്നും കണ്ടെത്തേണ്ടതുണ്ട്.

തിരഞ്ഞെടുപ്പിന് ഒരു മണ്ഡലത്തിൽ ചെലവഴിക്കുന്ന തുകക്ക് പരിധിയുണ്ട്. എങ്കിലും നിയമത്തെ നോക്കുകുത്തിയാക്കി എല്ലാ കക്ഷികളും അനുവദനീയമായതിന്റെ അനേക മടങ്ങ് ചെലവിടുന്നു. ഇതിൽ മുഖ്യപങ്കും കള്ളപ്പണമാണ്. അനധികൃത പണം വെളുപ്പിക്കാനുളള സുവർണാവസരമായാണ് തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ കക്ഷികളും നേതാക്കളും അവരെ സഹായിക്കുന്ന കോർപറേറ്റുകളും കാണുന്നത്.

കള്ളപ്പണം തടയാൻ കർശന നടപടി സ്വീകരിക്കുമെന്നും വിദേശ ബേങ്കുകളിലെ കള്ളപ്പണം തിരികെ കൊണ്ടുവന്നു ഓരോ ഇന്ത്യൻ പൗരനും 15 ലക്ഷം രൂപ വീതം നൽകുമെന്നും വാഗ്ദാനം നൽകി അധികാരത്തിലേറിയ പാർട്ടിയാണ് ബി ജെ പി. അവർ തന്നെ കള്ളപ്പണത്തിന്റെ വാഹകരാണെന്ന വസ്തുത പുറത്തുവന്നത് പാർട്ടിക്ക് വലിയ നാണക്കേടായിട്ടുണ്ട്.
കള്ളപ്പണം, കള്ളനോട്ട്, കുഴൽപ്പണം എന്നിവയെല്ലാം ചേർന്ന് രാജ്യത്ത് ഒരു സമാന്തര സമ്പദ്ഘടന സൃഷ്ടിച്ചിട്ടുണ്ട്. ഇത് യഥാർഥ സമ്പദ്ഘടനയുടെ 23 ശതമാനമായി വളർന്നുവെന്നാണ് റസർവ് ബേങ്കിന്റെ വിലയിരുത്തലെങ്കിലും രാജ്യത്തെ മൊത്തം സമ്പത്തിന്റെ 75 ശതമാനത്തിനടുത്ത് വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ. കള്ളപ്പണത്തിനെതിരെ ഗീർവാണം മുഴക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പോലും ഈ സമാന്തര വ്യവസ്ഥയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കനത്ത ആഘാതമേൽപ്പിക്കുന്നു ഈ സമാന്തര വ്യവസ്ഥ.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി), ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് തുടങ്ങിയ കേന്ദ്ര ഏജൻസികളാണ് കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കേണ്ടത്. പലപ്പോഴും ഒരു പരാതിയുമില്ലാതെയും സംസ്ഥാന ഭരണാധികാരികൾ ആവശ്യപ്പെടാതെയും അവർ അന്വേഷണത്തിനെത്താറുണ്ട്.
എന്നാൽ കൊടകര സംഭവത്തിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ വലിയ താത്പര്യം കാണിക്കുന്നില്ല. ഇ ഡിക്ക് ഇതുസംബന്ധിച്ച് തുടക്കത്തിലേ പരാതി ലഭിച്ചിരുന്നെങ്കിലും ആദായ നികുതി വകുപ്പിന്റെ പരിധിയിൽ വരുന്ന കേസാണിതെന്നു പറഞ്ഞ് അവർ മാറിനിൽക്കുകയായിരുന്നു. കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി എത്തിയതിനെ തുടർന്ന് കോടതി ഇ ഡിയിൽ നിന്ന് റിപ്പോർട്ട് തേടിയപ്പോഴാണ് ഇ ഡി ഉദ്യോഗസ്ഥർ പ്രാഥമികാന്വേഷണം ആരംഭിച്ചത്. ഒച്ചിന്റെ വേഗത്തിലാണ് അവരുടെ അന്വേഷണം നീങ്ങുന്നത്. സ്വർണക്കടത്ത് കേസിലും ഡോളർ കടത്തിയെന്ന പരാതിയിലും അന്വേഷണത്തിനു കാണിച്ച ആവേശം കേന്ദ്ര ഏജൻസികൾക്കു ഈ കേസിൽ കാണുന്നില്ല.

ബി ജെ പി സംസ്ഥാന ഘടകത്തിലെ ചേരിതിരിവ് രൂക്ഷമാക്കിയിട്ടുണ്ട് കൊടകര സംഭവം. കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രൻ കടുത്ത പ്രതിരോധത്തിലായിട്ടും പ്രമുഖ നേതാക്കളാരും സഹായത്തിനെത്തിയിട്ടില്ല. മുതിർന്ന നേതാക്കളെ പൂർണമായും അവഗണിച്ചു പാർട്ടി സ്ഥാനങ്ങൾ മുതൽ സ്ഥാനാർഥിത്വവും തിരഞ്ഞെടുപ്പ് ഫണ്ടും വരെ സംസ്ഥാന പ്രസിഡന്റ് സ്വന്തം ഗ്രൂപ്പുകാർക്കു വീതം വെച്ച് നൽകുകയായിരുന്നുവെന്നും ആരോപണങ്ങളും നിയമനടപടികളും അദ്ദേഹം സ്വന്തം നിലയിൽ പ്രതിരോധിക്കട്ടെ എന്നുമുള്ള നിലപാടിലാണ് കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ.

കുഴൽപ്പണ വിവാദവും നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയും പാർട്ടി യോഗം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു നേതൃത്വത്തെ സമീപിച്ചിട്ടുണ്ട് ഈ ഗ്രൂപ്പുകൾ. തിരഞ്ഞെടുപ്പിൽ നേരിട്ടതിനേക്കാൾ വലിയ പ്രതിസന്ധിയും നാണക്കേടുമാണ് കൊടകര സംഭവം ബി ജെ പിക്ക് വരുത്തിവെച്ചത്.

---- facebook comment plugin here -----

Latest