Kerala
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയം; മുഖ്യമന്ത്രി മറ്റന്നാൾ സർവകക്ഷി യോഗം വിളിച്ചു


ഫയൽ ചിത്രം
തിരുവനന്തപുരം | സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളർഷിപ്പ് വിഷയത്തിൽ കേരള ഹൈക്കോടതി വിധിയെ തുടർന്നുണ്ടായ സാഹചര്യം ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകിട്ട് 3. 30 ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.
ന്യൂനപക്ഷ സമുദായാംഗങ്ങൾക്കുള്ള സ്‌കോളർഷിപ്പുകളിൽ 80-20 അനുപാതം അനുവദിച്ചുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി കഴിഞ്ഞ ദിവസം ഹെെക്കോടതി പുറപ്പെടുവിച്ച ഉത്തരവാണ് ഇപ്പോൾ ചർച്ചയാകുന്നത്. ന്യൂനപക്ഷ സമുദായാംഗങ്ങൾക്കുള്ള സ്‌കോളർഷിപ്പുകളിൽ 80 ശതമാനം മുസ്‌ലിങ്ങൾക്കും ബാക്കി 20 ശതമാനം ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമായി നൽകിക്കൊണ്ടുള്ള ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.
ന്യൂനപക്ഷ സമുദായാംഗങ്ങൾക്കുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കുമ്പോൾ ഒരു സമുദായത്തിനു മാത്രമായി മുൻഗണന നൽകുന്നെന്നാണ് ആരോപിച്ചുള്ള ഹർജിയിലാണ് ഹെെക്കോടതി ഉത്തരവ്. ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകണമെന്നാണ് ന്യൂനപക്ഷ വിഭാഗങ്ങൾ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് ആലോചിക്കുവാനാണ് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്.
മുസ്‌ലിം പെൺകുട്ടികൾക്ക് ബിരുദ, ബിരുദാനന്തര പ്രൊഫഷണൽ കോഴ്‌സുകൾക്ക് മെറിറ്റടിസ്ഥാനത്തിൽ പ്രതിവർഷം യഥാക്രമം 3000, 4000, 5000 രൂപ നിരക്കിൽ 5000 സ്‌കോളർഷിപ്പുകൾ നൽകുന്നതിന് 2008 ഓഗസ്റ്റ് 16നാണ് ഉത്തരവിറങ്ങിയത്. ഇതിനായി പത്തുകോടി രൂപ നീക്കിവെക്കുകയും ചെയ്തു.
എന്നാൽ 2011 ഫെബ്രുവരിയിൽ വി എസ് മന്ത്രിസഭയുടെ കാലത്ത് മുസ്‌ലിം വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ്-സ്റ്റൈപ്പെന്റ് ആനുകൂല്യം ലത്തീൻ കത്തോലിക്ക സമുദായത്തിനും മറ്റു പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കും ലഭ്യമാക്കി. 80 ശതമാനം മുസ്ലിംകൾക്കും 20 ശതമാനം ലത്തീൻ കത്തോലിക്ക വിഭാഗങ്ങൾക്കും നൽകുവാനാണ് തീരുമാനിച്ചത്. മുസ്ലിംകൾക്ക് മാത്രമുള്ള ഒരു സ്കോളർഷിപ്പ് പദ്ധതിയിൽ മറ്റു വിഭാഗങ്ങളെ കൂടി ചേർത്തതോടെ ഇത് ഒരു പൊതു പദ്ധതിയെന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയും വിവാദങ്ങൾക്ക് കാരണമാകുകയുമായിരുന്നു.