Connect with us

Editorial

സി എ എ നടപ്പാക്കാന്‍ പിന്‍വാതില്‍ നീക്കം

Published

|

Last Updated

കൊവിഡ് മഹാമാരി മനുഷ്യന്റെ പൗരാവകാശങ്ങള്‍ക്ക് മേല്‍ വലിയ കടന്നു കയറ്റങ്ങള്‍ക്ക് വഴിവെച്ചുവെന്നത് അത്രയൊന്നും ശ്രദ്ധിക്കാതെപോയ കാര്യമാണ്. സഞ്ചാര സ്വാതന്ത്ര്യം, സംഘം ചേരാനുള്ള സ്വാതന്ത്ര്യം, ഒത്തുചേര്‍ന്ന് പ്രതിഷേധിക്കാനുള്ള അവകാശം, വിവരാവകാശം തുടങ്ങിയവയെല്ലാം ഈ മഹാമാരിക്കാലത്ത് പരിമിതപ്പെട്ടു പോയിരിക്കുന്നു. ഭരണകൂടങ്ങളും ഭരണകര്‍ത്താക്കളും അതിശക്തരായി. അവരുടെ ഉത്തരവുകള്‍ക്ക് കാതോര്‍ത്തിരിക്കുന്നവര്‍ മാത്രമായി പൗരന്‍മാര്‍ മാറി. മൂന്ന് കൂട്ടരേ ഇപ്പോഴുള്ളൂ. രോഗികള്‍, രോഗ സാധ്യതയുള്ളവര്‍, പിന്നെ അധികാരികള്‍. സംരക്ഷക വേഷത്തിലുള്ള ഭരണാധികാരികള്‍ക്ക് എന്ത് തീരുമാനവുമെടുക്കാവുന്ന നില വന്നു. പ്രതിപക്ഷ സ്വരം നേര്‍ത്തു. ഭരിക്കുന്നവര്‍ എന്ത് ചെയ്താലും തെരുവിലിറങ്ങി പ്രതിഷേധിക്കാനാകില്ലല്ലോ. അധികാരം കൈയാളുന്നവര്‍ ഈ അവസരം നന്നായി ഉപയോഗിക്കുകയാണ്. യു എസില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലിരുന്നപ്പോള്‍ ഏറ്റവും ക്രൂരമായി കുടിയേറ്റവിരുദ്ധ നയം നടപ്പാക്കിയത് കൊവിഡ് രൂക്ഷമായി നില്‍ക്കുമ്പോഴായിരുന്നു. ഇസ്‌റാഈലിലും ബ്രസീലിലും ഫ്രാന്‍സിലുമൊക്കെ തീവ്ര വലതുപക്ഷ നയങ്ങള്‍ അടിച്ചേല്‍പ്പിച്ചത് ഈ സമയത്തായിരുന്നു. ഇന്ത്യയില്‍ ചരിത്രത്തില്‍ ഒരിക്കലുമില്ലാത്ത സ്വകാര്യവത്കരണം പ്രഖ്യാപിച്ചത് കൊവിഡ് ഉത്തേജക പാക്കേജിന്റെ മറവിലായിരുന്നുവല്ലോ. ഒടുവില്‍ പൗരത്വ ഭേദഗതി നിയമം അതിവേഗം നടപ്പാക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കപ്പെട്ട ഐതിഹാസികമായ സി എ എ വിരുദ്ധ സമരത്തെയാണ് കൊവിഡ് മഹാമാരി നിശ്ചലമാക്കിക്കളഞ്ഞത്. ഇന്ത്യന്‍ ദേശീയതയുടെ ഈടുവെപ്പായ ബഹുസ്വരത അലയടിച്ച സമരസാഗരമായിരുന്നു അത്. വേഷം കണ്ടാലറിയാത്ത വിധം ബഹുസ്വരമായിരുന്നു ആ സമരം. പൗരസമൂഹം നിസ്സഹായമാണെന്ന ആത്മവിശ്വാസത്തിലാണ് പൗരത്വ ഭേദഗതി നിയമപ്രകാരം മുസ്‌ലിമേതരര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നെത്തി ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ പതിമൂന്ന് ജില്ലകളില്‍ താമസിക്കുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ മത വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ഥികള്‍ക്കാണ് പുതിയ ഉത്തരവ് പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാവുന്നത്. അഭയാര്‍ഥികള്‍ക്ക് അഭയവും പൗരത്വം തന്നെയും നല്‍കുന്നതിന് ആരും എതിരല്ല. പുറത്തു നിന്നുള്ളവരെ ഉള്‍ക്കൊള്ളലാണ് ഇന്ത്യയുടെ പാരമ്പര്യം. എന്നാല്‍ അങ്ങനെ പൗരത്വം നല്‍കുമ്പോള്‍ മതപരമായ വിവേചനം പാടില്ല. രാജ്യത്തിനകത്ത് ദീര്‍ഘകാലമായി ജീവിക്കുന്നവര്‍ക്ക്, അവര്‍ ഒരു പ്രത്യേക മതത്തില്‍ പെട്ടവരായിപ്പോയി എന്നത് കൊണ്ട്, പൗരത്വം നിഷേധിക്കാനുള്ള ഗൂഢതന്ത്രമായി പൗരത്വ ഭേദഗതി നിയമം അധഃപതിക്കുന്നതിലാണ് രാജ്യം പ്രതിഷേധിക്കുന്നത്.

2019ലാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയെടുത്തത്. എന്നാല്‍ അതിന്റെ ചട്ടം ഇതുവരെ കൊണ്ടുവന്നിട്ടില്ല. ഒരു നിയമം എങ്ങനെ നടപ്പാക്കുമെന്നതിന്റെ രൂപരേഖയാണല്ലോ റൂള്‍സ്. സി എ എക്ക് ചട്ടമില്ലാത്തതുകൊണ്ട് തന്നെ 1955ലെ പൗരത്വ നിയമത്തില്‍ നിന്നുള്ള അഞ്ച്, ആറ് വകുപ്പുകളും 2009ലെ ചട്ടങ്ങളും അനുസരിച്ചാണ് സി എ എ നടപ്പാക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് പ്രത്യേകമായി ചട്ടങ്ങള്‍ രൂപവത്കരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് കേന്ദ്ര സര്‍ക്കാറിന് വ്യക്തമായ മറുപടിയില്ല. ഇത് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. നേരത്തേ പാര്‍ലിമെന്റിലും കേന്ദ്ര സര്‍ക്കാര്‍ ഇതേ മറുപടിയാണ് നല്‍കിയത്. ഉദ്ദേശ്യം വ്യക്തമാണ്. സി എ എ നടപ്പാക്കിത്തുടങ്ങിയെന്ന് കാണിക്കണം. അത് നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന സന്ദേശം നല്‍കണം. അത്ര തന്നെ.

പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നിരവധി ഹരജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. നടപ്പാക്കിത്തുടങ്ങിയ നിയമത്തിലാണ് വ്യവഹാരം നടക്കുന്നതെന്ന് വാദിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ അഭയാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ നീക്കത്തിനെതിരെ നിയമപരമായും രാഷ്ട്രീയമായും ശക്തമായ പ്രതിരോധം ഉയരേണ്ടതാണ്. പൗരത്വ ഭേദഗതി നിയമത്തിലെ ചതിക്കുഴികള്‍ വിസ്മൃതിയിലാണ്ടു പോകാന്‍ പാടില്ല. സി എ എ അനുസരിച്ച് ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബറിന് മുമ്പ് ഇന്ത്യയിലെത്തിയ അമുസ്‌ലിംകളായ അഭയാര്‍ഥികള്‍ക്കാണ് പൗരത്വം നല്‍കുക. ജനനം, രക്ഷാകര്‍തൃത്വം, അതിര്‍ത്തിക്കുള്ളിലെ താമസം, നാച്വറലൈസേഷന്‍, പ്രദേശങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയവ വഴി സാധ്യമാകുന്നതാണ് ഇന്ത്യന്‍ പൗരത്വം. ഇക്കാലം വരെയുണ്ടായ പൗരത്വ നിയമ ഭേദഗതികളിലൊന്നിലും മതം പൗരത്വത്തിനുള്ള യോഗ്യതയായോ അയോഗ്യതയായോ കടന്നുവരുന്നില്ല. ഒരു മതത്തില്‍ വിശ്വസിക്കുന്നവനാകുക എന്നത് പൗരത്വത്തിനുള്ള അയോഗ്യതയായി മാറ്റുകയാണ് സി എ എ ചെയ്തിരിക്കുന്നത്. നാഷനല്‍ സിറ്റിസണ്‍ രജിസ്റ്റര്‍ രാജ്യവ്യാപകമായി തയ്യാറാക്കുമെന്ന പ്രഖ്യാപനം കൂടി കണക്കിലെടുക്കുമ്പോള്‍ കടുത്ത ഭീതിയിലേക്കാണ് രാജ്യത്തെ മുസ്‌ലിംകള്‍ നീങ്ങുന്നത്. അസമില്‍ കൊണ്ടുവന്ന പൗരത്വ രജിസ്റ്റര്‍ മുസ്‌ലിംകളേക്കാളേറെ ഹൈന്ദവ സഹോദരന്‍മാരെയാണ് പുറത്ത് നിര്‍ത്തിയിരുന്നത്. എന്നാല്‍ സി എ എയുടെ ബലത്തില്‍ അവരെല്ലാം അകത്ത് കയറും. രജിസ്റ്ററില്‍ വരാത്ത മുസ്‌ലിംകള്‍ രാഷ്ട്രരഹിതരാകും. അസം മാതൃക രാജ്യത്താകെ നടപ്പാകുമ്പോള്‍ എന്താണ് സംഭവിക്കുകയെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. കേവലം മുസ്‌ലിംകളുടെ പ്രശ്‌നമല്ല ഇത്. ഇന്ന് പൗരത്വത്തിന് മാനദണ്ഡമായി മതം വന്നെങ്കില്‍ നാളെ അത് ജാതിയായിരിക്കും. പലതരം പൗരത്വ കാര്‍ഡുകള്‍ നിലവില്‍ വരും.

നിയമത്തിന് മുന്നിലെ സമത്വം അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ 14ന്റെ നഗ്നമായ ലംഘനമാണ് ഈ ഭേദഗതി നിയമം. വിവേചനത്തില്‍ നിന്ന് പൗരന്‍മാര്‍ക്ക് സംരക്ഷണം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 15നെയും ഈ നിയമം നിരാകരിക്കുന്നു. അന്തസ്സോടെ ജീവിക്കാനുള്ള ഭരണഘടനാദത്തമായ അവകാശത്തെയും സി എ എ ഇരുട്ടില്‍ നിര്‍ത്തുന്നു. ഈ വ്യവസ്ഥകളെല്ലാം പരിഗണിച്ച് ശരിയായ നീതിന്യായ പരിശോധനക്ക് പരമോന്നത കോടതി തയ്യാറായാല്‍ പൗരത്വ ഭേദഗതി നിയമം അസാധുവാകുമെന്നുറപ്പാണ്. ഇത്തരമൊരു നിയമം, ചട്ടം പോലും രൂപവത്കരിക്കാതെ നടപ്പാക്കാന്‍ തുനിയുന്നത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇത് പൗരത്വ നിയമം പിന്‍വാതിലിലൂടെ നടപ്പാക്കാനുള്ള നീക്കമാണ്. ഇക്കാര്യത്തില്‍ സുപ്രീം കോടതി അടിയന്തരമായി ഇടപെടണം.

Latest