International
കാലിഫോര്‍ണിയയില്‍ വെടിവെപ്പ്; അക്രമിയടക്കം ഒൻപത് മരണം

ന്യയോര്‍ക്ക് സിറ്റി | യുഎസിലെ കാലിഫോര്‍ണിയയില്‍ വെടിവെപ്പില്‍ അക്രമി അടക്കം ഒൻപത് മരണം. കാലിഫോര്‍ണിയയിലെ സാന്താ ക്ലാരാ വാല്ലി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റിയുടെ ട്രെയിന്‍ യാര്‍ഡിലാണ് തോക്കുമായി എത്തിയയാള്‍ വെടിയുതിര്‍ത്തത്. ഇവിടത്തെ മുന്‍ ജീവനക്കാരനാണ് വെടിവെച്ചതെന്നാണ് സൂചന. മരിച്ചവരിൽ ഏറെയും യാർഡിലെ ജീവനക്കാരാണ്. വെടിവെപ്പിന് ശേഷം ഇയാൾ സ്വയം വെടിവെച്ച് മരിച്ചതായി പോലീസ് പറഞ്ഞു.
പ്രാദേശിക സമയം രാവിലെ 6.45നാണ് വെടിവെപ്പുണ്ടായത്. റെയില്‍ ജീവനക്കാരുടെ യോഗം നടക്കുന്നതിനിടെയായിരുന്നു വെടിവെപ്പ്. വെടിവെപ്പിന് തൊട്ട് മുമ്പ് സാന്റ ക്ലാര വാല്ലി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ താമസസ്ഥലത്ത് തീപിടുത്തമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
നഗരത്തിന് ഇത് ഭയാനകമായ ദിനമാണെന്ന് സാന്‍ജോസ് മേയര്‍ സാം ലിക്കാര്‍ഡോ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് നഗരം സ്തംഭിച്ചിരിക്കുകയാണ്. ഗതാഗതമെല്ലാം തടസ്സപ്പെട്ട സ്ഥിതിയിലാണ്. ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചു.
മാരകമായ വെടിവെപ്പുകളുടെ നീണ്ടതും വേദനാജനകവുമായ ചരിത്രം യുഎസിനുണ്ട്. ദൈനംദിന വെടിവയ്പുകളും സ്കൂളുകൾ, ജോലിസ്ഥലങ്ങൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവ ലക്ഷ്യമിട്ടുള്ള കൂട്ടക്കൊലകളും യുഎസിൽ നിത്യ സംഭവമായി വരികയാണ്.