National
അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം; ലക്ഷദ്വീപ് യുവമോര്‍ച്ചയില്‍ കൂട്ടരാജി

കവരത്തി | ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെയുള്ള പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ ലക്ഷദ്വീപ് യുവമോര്‍ച്ചയില്‍ കൂട്ടരാജി.ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ എട്ട് പേരാണ് രാജിവച്ചത്. മുന്‍ പ്രസിഡന്റ്, മുന്‍ ട്രഷറര്‍ എന്നിവരൊക്കെ രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു.
അഡ്മിനിസ്‌ട്രേറ്ററുടെ ഏകപക്ഷിയ തീരുമാനങ്ങള്‍ ലക്ഷദ്വീപിന്റെ സമാധാനത്തിന് ഹാനികരമായതുകൊണ്ടാണ് രാജിയെന്നും നേതാക്കള്‍ വ്യക്തമാക്കി.
അഡ്മിനിസ്‌ട്രേറ്ററുടെ നടപടി ബിജെപിക്കുള്ളില്‍ തന്നെ വലിയ തര്‍ക്കങ്ങള്‍ക്കിടയാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം പ്രതിഷേധക്കാര്‍ക്കെതിരെ വീണ്ടും പോലീസ് നടപടിയെടുത്തു. കല്‍പേനിയില്‍ രണ്ട് പ്രതിഷേധക്കാരുടെ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. കൂടാതെ നാളെ രാവിലെ സ്റ്റേഷനില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ടു.
അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് നടപടി. അഗത്തിയില്‍ കസ്റ്റഡിയില്‍ എടുത്ത മൂന്ന് പേരെ വിട്ടയച്ചു. അടുത്ത ദിവസം വീണ്ടും സ്റ്റേഷനില്‍ എത്താനും നിര്‍ദ്ദേശം നല്‍കി.
അതേസമയം, ദ്വീപിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം ഹൈക്കോടതി തടഞ്ഞു. പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍ നിന്ന് നീക്കി ഗവണ്‍മെന്റ് ജോലികള്‍ക്ക് നിയോഗിച്ച നടപടിയാണ് സ്റ്റേ ചെയ്തത്.