Saudi Arabia
ലക്ഷദ്വീപില്‍ നടപ്പാക്കുന്നത് സംഘപരിവാര്‍ അജണ്ട ജിദ്ദ നവോദയ

ജിദ്ദ | ശാന്തമായി ജീവിച്ചുകൊണ്ടിരിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ സംശയത്തിന്റെയും, വെറുപ്പിന്റെയും വിത്തുകള്‍ പാകുക എന്ന സംഘ പരിവാര്‍ അജണ്ടയാണ് പുതിയ അഡ്മിനിസ്‌ട്രെറ്റര്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ നടപ്പാക്കുന്നതെന്ന് ജിദ്ദ നവോദയ കേന്ദ്രകമ്മറ്റി ആരോപിച്ചു.ഇന്ത്യയില്‍
കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറഞ്ഞ പ്രദേശമായ ലക്ഷദ്വീപിലെ കഠിനാധ്വാനികളും, സംസ്‌കാരസമ്പന്നരുമായ
ഒരു ജനതയുടെ വിശ്വാസങ്ങളെയും, പാരമ്പര്യത്തെയും ഇല്ലായ്മ ചെയ്യുകയെന്ന ഗൂഡലക്ഷ്യത്തിന്റെ നടത്തിപ്പുകാരനാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇഷ്ടക്കാരനും, മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ പ്രഫുല്‍ പട്ടേലിനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചതില്‍ തന്നെ സംഘപരിവാരത്തിന്റെ ഗൂഢ ലക്ഷ്യം വ്യക്തമാണ്.
ലക്ഷദ്വീപിലെ പ്രധാന ഭക്ഷണമായ ബീഫ് നിരോധിക്കുകയും, ഗോ വധ നിരോധന ബില്ല് കൊണ്ട് വരിക വഴി ഒരു ജനതയെ പ്രക്ഷോഭത്തിന്റെ വഴിയിലേക്ക് തള്ളിവിടുന്നതില്‍ ഒളിഞ്ഞ് കിടക്കുന്ന സംഘപരിവാര്‍ അജണ്ട ബി ജെ പി നേതാക്കളുടെ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാണ്. ലക്ഷദ്വീപ് ജനതയുടെ ജനാതിപത്യ അവകാശങ്ങളും, പൗരാവകാശങ്ങളും ഹനിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍പട്ടേലിനെ തിരിച്ച് വിളിച്ച് ലക്ഷദ്വീപില്‍ ശാന്തിയും, സമാധാനവും തിരിച്ച് കൊണ്ടുവരണമെന്നും ജിദ്ദ നവോദയ കേന്ദ്ര കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീകുമാര്‍ മാവേലിക്കര(ജനറല്‍ സെക്രട്ടറി ), സി. എം അബ്ദുറഹിമാന്‍,ഗോപി മന്ത്രവാദി, ശിഹാബ് മക്ക എന്നിവര്‍ സംസാരിച്ചു.ഫിറോസ് മുഴുപ്പിലങ്ങാട് സ്വാഗതവും ആസിഫ് കരുവാറ്റ നന്ദിയും രേഖപ്പെടുത്തി