Connect with us

Articles

ട്രൈബ്യൂണലുകളെ ഇനി ആര് രക്ഷിക്കും?

Published

|

Last Updated

പ്രസിദ്ധമായ ഒരു ലാറ്റിന്‍ നിയമ തത്വത്തിന്റെ മലയാള പരാവര്‍ത്തനം ഇപ്രകാരമാണ്, “നിയമം എല്ലായ്‌പ്പോഴും കാലവിളംബത്തെ വെറുക്കുന്നു.” ജസ്റ്റിസ് ഡിലേഡ് ഈസ് ജസ്റ്റിസ് ഡിനേഡ് എന്ന് ന്യായാസനങ്ങളില്‍ നിന്ന് നമ്മള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. വൈകിയെത്തുന്ന നീതി നീതിനിഷേധത്തിന് തുല്യമാണ്. ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് ജാമ്യം പോലും ലഭിക്കാതെ നിരവധി വര്‍ഷങ്ങള്‍ വിചാരണത്തടവുകാരനായി ജയിലില്‍ കഴിഞ്ഞതിനൊടുവില്‍ കോടതി കുറ്റമുക്തനെന്ന് കണ്ടെത്തി വിട്ടയക്കപ്പെടുന്ന പ്രവണത നിലനില്‍ക്കുന്നുണ്ട് നമ്മുടെ രാജ്യത്ത്. സകല നീതി ബോധങ്ങളുടെയും മനുഷ്യാവകാശ കാഴ്ചപ്പാടുകളുടെയും എതിര്‍ദിശയില്‍ അരങ്ങേറുന്ന ഒരശ്ലീലം എന്നേ അതിനെക്കുറിച്ച് കരുതാന്‍ നിര്‍വാഹമുള്ളൂ. ദീര്‍ഘ കാലത്തെ വിചാരണത്തടവിന്റെ പരിസമാപ്തിയില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചാല്‍ പോലും നിയമത്തിനും നീതിക്കുമിടയിലെ ആ നീണ്ട കാലം പ്രതിസ്ഥാനത്ത് തന്നെയാണ്. രാജ്യത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നത് പതിനായിരക്കണക്കിന് കേസുകളാണ്. കാലതാമസമില്ലാതെ വ്യവഹാരങ്ങള്‍ തീര്‍പ്പാക്കാന്‍ കഴിയാതിരിക്കുന്നത് നമ്മുടെ നീതിന്യായ സംവിധാനത്തിന് വലിയ കളങ്കമായി മാറുന്നു എന്ന തിരിച്ചറിവില്‍ സുപ്രീം കോടതി കൊളീജിയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിഹാര നടപടികള്‍ക്ക് സമീപ കാലത്തായി വേഗത കൈവന്നിരിക്കുന്നു എന്നത് ശുഭോദര്‍ക്കമാണ്. അത് ജുഡീഷ്യല്‍ നിയമനങ്ങള്‍ സമയോചിതമായി നടപ്പാക്കുന്നതിലൊതുങ്ങരുത്. പ്രത്യുത വന്‍തോതില്‍ കേസുകള്‍ തീര്‍പ്പാക്കാതെ കിടക്കുന്നു എന്ന യാഥാര്‍ഥ്യത്തെ പൂര്‍ണ വ്യക്തതയോടെ അഭിമുഖീകരിച്ച് കൃത്യമായ കാലപരിധിക്കുള്ളില്‍ അവയൊക്കെയും തീര്‍പ്പാക്കാനുള്ള പ്രായോഗിക നടപടികള്‍ അനിവാര്യമാണ്.
നിയമ തര്‍ക്കങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിലും ഭരണഘടനാ കോടതികളുടെ ജോലിഭാരം കുറക്കുന്നതിലും ട്രൈബ്യൂണലുകളുടെ പങ്ക് നിര്‍ണായകമാണ്. 1976ല്‍ 42ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ട്രൈബ്യൂണലുകള്‍ക്ക് നിയമാസ്തിത്വം ലഭിക്കുന്നത്. അങ്ങനെ കൂട്ടിച്ചേര്‍ക്കപ്പെട്ട 323(എ) വകുപ്പ് പ്രകാരം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലുകളും 323(ബി) വകുപ്പില്‍ പരാമര്‍ശിച്ച വിഷയങ്ങളില്‍ പ്രത്യേക ട്രൈബ്യൂണലുകളും രാജ്യത്ത് പ്രവര്‍ത്തിച്ചുവരുന്നു. കോടതി വ്യവഹാരങ്ങള്‍ ചെലവേറിയതും അനന്തമായി നീണ്ടുപോയേക്കാവുന്നതുമാണെന്ന് പൊതുജനം കരുതുമ്പോഴാണ് ട്രൈബ്യൂണലുകള്‍ കുറഞ്ഞ ചെലവില്‍ താരതമ്യേന കുറഞ്ഞ സമയത്തിനുള്ളില്‍ വിചാരണ നടത്തി വിധി പറഞ്ഞും തര്‍ക്കങ്ങള്‍ പരിഹരിച്ചും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സ്ഥിതിവിശേഷമുണ്ടായത്. വേഗത്തില്‍ നീതി ലഭ്യമാക്കുകയെന്നതാണ് ട്രൈബ്യൂണലുകളുടെ സ്ഥാപിത ലക്ഷ്യം. അതിന് പര്യാപ്തമായ നിലയിലാണ് അവയുടെ ഘടനയും ക്രമീകരണവും. കോടതികള്‍ക്ക് കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതേസമയം നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ ഉദാര സമീപനമാണ് ട്രൈബ്യൂണലുകളുടെ കാര്യത്തില്‍ നിശ്ചയിച്ചിട്ടുള്ളത്. വിവിധ ട്രൈബ്യൂണലുകള്‍ പരിഗണിക്കുന്ന വിഷയങ്ങളിലെ സാങ്കേതികത്വവും ഓരോ കേസിന്റെയും പശ്ചാത്തലവും മുന്‍നിര്‍ത്തി വിധി നടത്താമെന്ന് സുപ്രീം കോടതി ഉത്തരവുമുണ്ട്.

ട്രൈബ്യൂണലുകളുടെ ഘടനയില്‍ കാലോചിത മാറ്റങ്ങള്‍ എന്ന ലേബലില്‍ ക്ഷന്തവ്യമല്ലാത്ത ചില പരിഷ്‌കാരങ്ങള്‍ക്ക് 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. അതിന്റെ തുടര്‍ച്ചയില്‍ 2017ലെ ഫിനാന്‍സ് ആക്ടിലെ 184ാം വകുപ്പിന്റെ ബലത്തില്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍(സി എ ടി) അടക്കമുള്ള 19 ട്രൈബ്യൂണലുകളിലെ നിയമനം നിയന്ത്രിക്കുന്നതിനുള്ള റൂള്‍സ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. എന്നാല്‍ ഭരണഘടനയുടെ മൗലിക സ്വഭാവത്തിന്റെ ഭാഗമായ അധികാര വിഭജനത്തിന്റെയും നീതിന്യായ സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി എന്ന് വിലയിരുത്തി 2019 നവംബര്‍ 13ന് സുപ്രീം കോടതി വിവാദ ട്രൈബ്യൂണല്‍ റൂള്‍സ് റദ്ദാക്കി. അതിനിടെ രാജ്യത്തെ ട്രൈബ്യൂണലുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2016ല്‍ സുപ്രീം കോടതി ലോ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. തദടിസ്ഥാനത്തില്‍ ട്രൈബ്യൂണലുകളുടെ ഘടനയിലും പ്രവര്‍ത്തനങ്ങളിലും ഉണ്ടാകേണ്ട ചില അനിവാര്യ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി 2017ല്‍ ലോ കമ്മീഷന്‍ അതിന്റെ 272ാം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ച് രാജ്യത്തെ വ്യത്യസ്ത ഭാഗങ്ങളില്‍ ട്രൈബ്യൂണലുകള്‍ക്ക് ബഞ്ചുകള്‍ സ്ഥാപിക്കുക, ഹൈക്കോടതി ന്യായാധിപരുടെ തുല്യ യോഗ്യത ട്രൈബ്യൂണല്‍ ജഡ്ജിമാര്‍ക്കും നിശ്ചയിക്കുക, ജഡ്ജിമാരുടെയും ട്രൈബ്യൂണല്‍ അംഗങ്ങളുടെയും നിയമന സേവന വ്യവസ്ഥകളും കാലാവധിയും ഏകീകരിക്കുക, അതിനായി കേന്ദ്ര നിയമ മന്ത്രാലയം നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുക എന്നിവയായിരുന്നു ലോ കമ്മീഷന്റെ പ്രധാന നിര്‍ദേശങ്ങള്‍.

പക്ഷേ, ട്രൈബ്യൂണലുകളുടെ സ്വതന്ത്രാധികാരത്തില്‍ കൈകടത്തി അവയുടെ പ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കാനുള്ള ദിശയിലായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ സഞ്ചാരം. നിര്‍ണായക ഭരണഘടനാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 2017ലെ ട്രൈബ്യൂണല്‍ റൂള്‍സ് സുപ്രീം കോടതി റദ്ദാക്കുകയും ട്രൈബ്യൂണലുകളുടെ ഗുണോന്മുഖ പരിഷ്‌കരണങ്ങള്‍ക്ക് ലോ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പരമോന്നത നീതിപീഠം മുന്നോട്ടുവെക്കുകയും ചെയ്തിട്ടും പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന രീതിയില്‍ പുതുക്കിയ ട്രൈബ്യൂണല്‍ റൂള്‍സ് കൊണ്ടുവരികയായിരുന്നു 2020 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍. പ്രസ്തുത ചട്ടങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് മദ്രാസ് ബാര്‍ അസോസിയേഷന്‍ സുപ്രീം കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചതില്‍ ചില ഭേദഗതികളോടെ ട്രൈബ്യൂണല്‍ റൂള്‍സ് കോടതി ശരിവെക്കുകയാണുണ്ടായത്.

ട്രൈബ്യൂണല്‍ റിഫോംസ് ബില്‍ എന്ന പേരില്‍ കഴിഞ്ഞ ഏപ്രില്‍ നാലിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. പഴയ തെറ്റുകള്‍ തിരുത്താന്‍ സൗകര്യമില്ലെന്ന് പ്രഖ്യാപിച്ച് പുതിയ തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുമെന്ന് വിളംബരപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാറിന്റെ വിവാദ ഓര്‍ഡിനന്‍സ്. അത് രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള യുദ്ധ പ്രഖ്യാപനമല്ലാതെ മറ്റെന്താണ്. ട്രൈബ്യൂണല്‍ അധ്യക്ഷന്‍മാരുടെ കാലാവധി കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഉണ്ടാകണമെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് അവരുടെ കാലാവധി നാല് വര്‍ഷമായി ബില്‍ ചുരുക്കിയിരിക്കുന്നത്. ലെജിസ്ലേചറിന്റെ അമിതാധികാര പ്രയോഗമാണതെന്ന വിമര്‍ശം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ ട്രൈബ്യൂണല്‍ അധ്യക്ഷന്‍മാരുടെ കാലപരിധി കുറക്കാന്‍ നേരത്തേ തന്നെ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന ഝടുതി ട്രൈബ്യൂണലുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ തീര്‍ച്ചപ്പെടുത്തിയുള്ളതാണെന്ന വിമര്‍ശവും മുഖവിലക്കെടുക്കാതിരിക്കാനാകില്ല.

അധിക ട്രൈബ്യൂണലുകള്‍ പാഴ് ചെലവാണെന്ന് പറഞ്ഞാണ് അഞ്ച് ട്രൈബ്യൂണലുകള്‍ ഇല്ലാതാക്കുന്ന നടപടി ട്രൈബ്യൂണല്‍ റിഫോംസ് ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ട്രൈബ്യൂണലുകളെ നിയന്ത്രിക്കാനോ അല്ലെങ്കില്‍ ഇല്ലാതാക്കാനോ താത്പര്യപ്പെടുന്ന ഭരണകൂട ശ്രമങ്ങള്‍ എന്തായാലും രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ രക്ഷക്കാണെന്ന് കരുതുക വയ്യ. ട്രൈബ്യൂണലുകളുടെ ശരിയായ പ്രവര്‍ത്തനങ്ങളിലൂടെ പൗരന്മാര്‍ക്ക് എളുപ്പം നീതി ലഭിക്കട്ടെ എന്ന സദുദ്ദേശ്യമാണ് കേന്ദ്ര സര്‍ക്കാറിനുള്ളതെന്ന് വിചാരിക്കാന്‍ നേരത്തേ 2017ലും 2020ലും കൊണ്ടുവന്ന റൂളുകളും ഇപ്പോഴത്തെ ബില്ലും അനുവദിക്കുന്നുമില്ല. ട്രൈബ്യൂണല്‍ അധ്യക്ഷനാകാനും അംഗമാകാനും കുറഞ്ഞത് 50 വയസ്സാകണമെന്ന നിബന്ധന മുന്നോട്ടുവെക്കുന്നുണ്ട് ഓര്‍ഡിനന്‍സായി കൊണ്ടുവന്ന പുതിയ ബില്‍. അതില്‍ പ്രത്യേകിച്ച് വല്ല ഗുണവുമുണ്ടെന്ന് ചൂണ്ടിക്കാട്ടാനാകില്ല. അതേസമയം, ഉത്സാഹചിത്തരായ യുവാക്കളുടെ കഴിവും പ്രാഗത്ഭ്യവും ട്രൈബ്യൂണലുകള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിന് വിലങ്ങ് തടിയാകുകയും ചെയ്യുന്നു.

രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം പരമോന്നത നീതിപീഠത്തെ നിരന്തരം അവഹേളിക്കുകയാണിവിടെ ചെയ്യുന്നത്. പാര്‍ലിമെന്റിനെ മുഖവിലക്കെടുത്തു കൊണ്ടുള്ള ജനാധിപത്യ മര്യാദയുടെ പാഠങ്ങള്‍ ബോധപൂര്‍വം മറച്ചുപിടിക്കുന്ന ഭരണകൂടം കൊവിഡ് മഹാമാരിയെക്കൂടെ തങ്ങളുടെ ഒളിത്താവളമാക്കി മാറ്റിയിരിക്കുന്നു എന്നുവേണം കരുതാന്‍. ഏത് ധൂസര സങ്കല്‍പ്പങ്ങളിലുമെന്ന കവിവചനാശയം പോലെ ഏത് അസാധാരണ സാഹചര്യങ്ങളിലും ഫാസിസ്റ്റ് അജന്‍ഡകളുടെ നടത്തിപ്പിന് ഒരു മുടക്കവുമില്ലെന്നത് നമ്മെ കണ്ണുതുറപ്പിക്കേണ്ടതാണ്.

---- facebook comment plugin here -----

Latest