Ongoing News
ഭരണസിരാകേന്ദ്രം തിരിച്ചുപിടിച്ച ഊർജത്തിൽ ആന്റണി രാജു

തിരുവനന്തപുരം | ജനാധിപത്യ കോൺഗ്രസിനെ പ്രതിനിധീകരിച്ച് മന്ത്രിസഭയിലെത്തുന്ന ആന്റണി രാജു ചെറിയ ഇടവേളക്ക് നിയമസഭയിൽ തിരിച്ചെത്തുന്നത് ഇടതുമുന്നണിക്ക് നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിച്ച്. തിരുവനന്തപുരം മണ്ഡലത്തിൽ മികച്ച വിജയം നേടിയ അഡ്വ. ആന്റണി രാജു ജനിച്ചതും വളർന്നതും ജീവിക്കുന്നതും തിരുവനന്തപുരം മണ്ഡലത്തിൽ തന്നെയാണ്. മുൻ എം എൽ എ കൂടിയായ അദ്ദേഹം 1996-ൽ പഴയ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് എം എം ഹസനെ തോൽപ്പിച്ചാണ് എൽ ഡി എഫ് ബാനറിൽ നിയമസഭയിലെത്തിയത്. 2016-മുതൽ ജനാധിപത്യ കേരള കോൺഗ്രസ് വൈസ് ചെയർമാനാണ്.
കേരള കോൺഗ്രസ് വിദ്യാർഥി വിഭാഗമായ കെ എസ് സിയിലൂടെ രാഷ്ട്രീയ രംഗത്തെത്തി. കെ എസ് സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള കോൺഗ്രസ് തിരുവനന്തപുരം വെസ്റ്റ് നിയോജക മണ്ഡലം പ്രസിഡന്റ്, പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1990-ൽ എൽ ഡി എഫ് സ്ഥാനാർഥിയായി ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ശംഖുമുഖം ഡിവിഷനിൽ നിന്ന് വിജയിച്ചിട്ടുണ്ട്. കരകൗശല വികസന കോർപറേഷൻ, ട്രാവൻകൂർ സിമന്റ്‌സ്, സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്‌സ് ലിമിറ്റഡ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാനായി പ്രവർത്തിച്ചു.
തിരുവനന്തപുരം പൂന്തുറയിൽ പരേതനായ എസ് അൽഫോൻസിന്റെയും ടി ലൂർദമ്മയുടെയും മകനാണ്.