Connect with us

Articles

ജറൂസലമില്‍ തീ പടര്‍ത്തുകയാണ്‌

Published

|

Last Updated

1917ലെ ബാള്‍ഫര്‍ പ്രഖ്യാപനത്തിനു ശേഷം അണയാതെ കിടന്ന പ്രക്ഷുബ്ധതയുടെ കാട്ടുതീ ഒരിക്കല്‍ കൂടി ഫലസ്തീനിലേക്ക് ആളിപ്പടരുന്ന ഭയാനകമായ കാഴ്ച ലോകം നോക്കിനില്‍ക്കുകയാണ്. റമസാന്‍ 27ലെ “ലൈലത്തുല്‍ ഖദ്‌റി”ന്റെ പുണ്യരാവ് പ്രതീക്ഷിച്ച് വിശ്വാസികള്‍ മസ്ജിദുല്‍ അഖ്‌സയില്‍ സംഗമിക്കുന്ന ദിവസം ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സയണിസ്റ്റ് ഭരണകൂടം അഴിച്ചുവിട്ട ക്രൂരവും അങ്ങേയറ്റം മനുഷ്യത്വരഹിതവുമായ അക്രമങ്ങള്‍ ഫലസ്തീനിനെയും ഇസ്‌റാഈലിനെയും മറ്റൊരു തുറന്ന യുദ്ധത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. ആയുധം കൊണ്ട് മനുഷ്യകുലത്തെ വെല്ലുവിളിക്കുന്ന സയണിസ്റ്റുകളുടെ മുന്നില്‍, ഗാസ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ കഴിയുന്ന 16 ലക്ഷം ഫലസ്തീനികള്‍ ഒന്നുമല്ലെങ്കിലും ഒരുനിലക്കും താരതമ്യം ചെയ്യാന്‍ സാധിക്കാത്ത രണ്ട് ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ നഷ്ടം സഹിക്കേണ്ടിവരിക സ്വാഭാവികമായും അറബികള്‍ക്കാണെന്ന കാര്യത്തില്‍ സംശയമില്ല. മൂന്ന് ദിവസത്തെ ഇസ്‌റാഈല്‍ ബോംബാക്രമണത്തില്‍ 27 കുഞ്ഞുങ്ങളും 11 സ്ത്രീകളുമടക്കം 105 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതില്‍ ഹമാസ് പോരാളികളുടെ നേതൃനിരയില്‍പ്പെട്ട ഒരു ഡസന്‍ പ്രമുഖരുമുണ്ടെന്നാണ് ഇസ്‌റാഈലിന്റെ വാദം.

പരുക്കേറ്റവരിലും കുഞ്ഞുങ്ങളാണ് കൂടുതല്‍. ഫലസ്തീനികള്‍ ജറൂസലമിലേക്ക് തൊടുത്തുവിട്ട നാടന്‍ മിസൈലുകള്‍ ഒരു കുട്ടിയടക്കം ഏഴ് പേരുടെ ജീവനെടുത്തിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫലസ്തീനികളുടെ ഭാഗത്തുനിന്ന് പൊടുന്നനെയുണ്ടായ പ്രത്യാക്രമണങ്ങള്‍ സയണിസ്റ്റുകളെ ഞെട്ടിച്ചിട്ടുണ്ട്. ആദ്യദിവസം തന്നെ 2000ത്തിലേറെ മിസൈലുകള്‍ തങ്ങള്‍ സുരക്ഷിതമെന്ന് കരുതുന്ന ഇടങ്ങളില്‍ വന്നുപതിച്ചപ്പോള്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് സഭയില്‍ നിന്ന് പ്രാണനും കൊണ്ട് ഓടിരക്ഷപ്പെടേണ്ടിവന്നു. ഒട്ടനവധി രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിടുന്ന ബെഞ്ചമിന്‍ നെതന്യാഹു ജനശ്രദ്ധ മറ്റൊരു വഴിക്ക് തിരിച്ചുവിടുന്നതിനും അവസരം മുതലെടുത്ത് സയണിസ്റ്റ് പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനും കരയുദ്ധത്തിന് പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. അതിനിടെ അറബികളും യഹൂദരും തിങ്ങിത്താമസിക്കുന്ന ലോദ്, റാമല്ല, ജഫ, അക്‌റ്, ജറൂസലം എന്നിവിടങ്ങളില്‍ ആഭ്യന്തര കലാപം പടരുന്നുണ്ട്. അതോടെ, പോലീസിന് നിയന്ത്രണം നഷ്ടപ്പെടുകയും രാജ്യത്തുടനീളം ഭീതി പരക്കുകയുമാണ്. സ്വയംകൃതാനര്‍ഥങ്ങള്‍ക്ക് സയണിസ്റ്റുകള്‍ ശമ്പളം കൊടുത്തുതീര്‍ക്കുകയാണ്.

പൊട്ടിത്തെറിയുടെ
പ്രകോപനങ്ങള്‍

പൗരാണിക ജറൂസലം നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ബൈത്തുല്‍ മുഖദ്ദസ് കേവലമൊരു ആരാധനാലയത്തിനപ്പുറം ഫലസ്തീനികളുടെ അസ്തിത്വത്തിന്റെയും വിശ്വാസപരമായ പൈതൃകത്തിന്റെയും പ്രതീകമാണ്. അതിനാല്‍, മുസ്‌ലിം വികാരം വ്രണപ്പെടുത്താനുള്ള ഏത് നീക്കത്തിനും തുടക്കം കുറിക്കുക ഇസ്‌ലാമിന്റെ ആദ്യ ഖിബ് ലയില്‍ നിന്നാണെന്നതാണ് ഇതപര്യന്തം അനുഭവം. പല തവണ അല്‍അഖ്‌സ അടച്ചുപൂട്ടി ഫലസ്തീനികളെ പടിക്കുപുറത്ത് നിറുത്തിയിട്ടുണ്ട്. എന്നാല്‍, ജൂതജനവിഭാഗത്തിനിടയില്‍ ശ്വാസം മുട്ടി കഴിയുന്ന മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും അല്‍അഖ്‌സയും ഡോം ഓഫ് ദി റോക്കും ദേശീയ ഐക്യത്തിന്റെയും വിശ്വാസസ്വാതന്ത്ര്യത്തിന്റെയും പ്രതീകങ്ങളാണ്. 1948നു ശേഷം പൊട്ടിപ്പുറപ്പെട്ട ഫലസ്തീനികളുടെ പല പോരാട്ടങ്ങളുടെയും പിന്നിലെ പ്രേരകശക്തി അല്‍അഖ്‌സ പിടിച്ചെടുത്ത് അതിന്റെ നിലവിലെ സ്വഭാവം മാറ്റാനുള്ള സയണിസ്റ്റ് നീക്കമാണ്. “അല്‍അഖ്‌സയുടെ പ്രതിരോധം” ഫലസ്തീന്‍ പോരാട്ടത്തിന്റെ ശക്തമായൊരു അന്തര്‍ധാരയാണ്. ഏരിയല്‍ ഷാരോണിന്റെ കാലത്ത് ഈ പള്ളിയുടെ സ്റ്റാറ്റസ്‌കോ മാറ്റാനുള്ള നീക്കമാണ് അഞ്ച് കൊല്ലം നീണ്ട 2000മാണ്ടിലെ ഇന്‍തിഫാദക്ക് നിമിത്തമായത്. ആയിരക്കണക്കിന് ഫലസ്തീനികളുടെയും നൂറുകണക്കിന് ഇസ്‌റാഈലികളുടെയും മരണത്തില്‍ കലാശിച്ച ആ പ്രക്ഷോഭ ശൃംഖല ഒരു യാഥാര്‍ഥ്യം ലോകത്തെ ബോധ്യപ്പെടുത്തി. അല്‍അഖ്‌സക്കു നേരേയുള്ള അതിക്രമങ്ങള്‍ ഏതെങ്കിലും തീവ്രവാദി ഗ്രൂപ്പിന്റെ അജന്‍ഡയല്ല; പ്രത്യുത, ഇസ്‌റാഈല്‍ സര്‍ക്കാറിന്റെ ആസൂത്രിത നീക്കമാണ്. ബാബരി മസ്ജിദിന്റെ വിഷയത്തില്‍ ഹിന്ദുത്വ ശക്തികള്‍ അവലംബിച്ച അതേ വൃത്തികെട്ട മാര്‍ഗങ്ങള്‍ തന്നെയാണ് സയണിസ്റ്റുകളും സ്വീകരിച്ചത്.

ആദ്യപടിയെന്നോണം മസ്ജിദുല്‍ അഖ്‌സ രണ്ടായി വിഭജിക്കാനും ആ ലക്ഷ്യപൂര്‍ത്തീകരണത്തിന് സെനറ്റില്‍ നിയമനിര്‍മാണം കൊണ്ടുവരാനും തീരുമാനിച്ചപ്പോള്‍ “ദി ടെംപിള്‍ മൗണ്ട് ഫെയ്ത്ത്ഫുള്‍ ഓര്‍ഗനൈസേഷന്‍” എന്ന തീവ്ര ചിന്താഗതിക്കാരുടെ പ്രഖ്യാപിത പദ്ധതിക്കാണ് ഏരിയല്‍ ഷാരോണ്‍ എന്ന തീവ്ര സയണിസ്റ്റ് പച്ചക്കൊടി കാട്ടിയത്. മുസ്‌ലിം ദേവാലയം അവിടെ നിന്ന് പൊളിച്ചുമാറ്റി ടെംപിള്‍ മൗണ്ടില്‍ മൂന്നാമതൊരു ആരാധനാലയം നിര്‍മിക്കുക എന്നതാണ് ഈ സംഘടനയുടെ ആത്യന്തിക ലക്ഷ്യമെന്ന് ഗള്‍ഷോണ്‍ സോളമന്‍ എന്ന തീവ്ര വലതുപക്ഷ ചിന്താഗതിക്കാരന്‍ രൂപംകൊടുത്ത ഈ സംഘടന പരസ്യമായി വെളിപ്പെടുത്തുന്നുണ്ട്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം ഈ വിചാരഗതിയോട് അനുരൂപവും ഹിന്ദുത്വയുടേതിന് സമാനവുമാണ്. “ഫ്രഞ്ചുകാര്‍ പാരീസില്‍ പണിയുന്നു; ഇംഗ്ലീഷുകാര്‍ ലണ്ടനില്‍ പണിയുന്നു; ഇസ്‌റാഈലികള്‍ ജറൂസലമില്‍ പണിയുന്നു. ജൂതന്മാര്‍ ജറൂസലമില്‍ ജീവിക്കേണ്ടതില്ല എന്ന് നമ്മോട് വന്നുപറയാന്‍ ആര്‍ക്കാണധികാരം?” നെതന്യാഹു ജറൂസലമില്‍ പ്രക്ഷുബ്ധാവസ്ഥ മൂര്‍ധന്യതയിലെത്തിയ ഘട്ടത്തില്‍ ചോദിക്കുകയുണ്ടായി. എങ്ങനെയെങ്കിലും അല്‍അഖ്‌സ തകര്‍ത്തെറിയണമെന്നും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും പുണ്യസ്ഥാനങ്ങളില്‍ നിന്ന് പുറന്തള്ളി ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ജൂത ദേവാലയം തത്സ്ഥാനത്ത് പണിയണമെന്നുമുള്ള സ്വപ്‌നവുമായി നടക്കുന്ന യു എസ്- ഇസ്‌റാഈല്‍ സയണിസ്റ്റ് യഹൂദ് ഗ്ലിക്ക് ഇടക്കിടെ അല്‍അഖ്‌സ സന്ദര്‍ശിക്കുന്നതും പ്രകോപനപരമായ പ്രഖ്യാപനങ്ങള്‍ നടത്തുന്നതും ടെല്‍അവീവ് ഭരണകൂടത്തിന്റെ കൃപാശിസ്സുകളോടെയാണ്. ഇസ്‌റാഈലിന്റെ തലസ്ഥാനമായി ജറൂസലം മാറുന്നതോടെ ഫലസ്തീനികളുടെ എല്ലാ അവകാശവാദങ്ങളും പൊളിയുമെന്നും അതോടെ ദ്വിരാഷ്ട്ര ഫോര്‍മുല എന്നെന്നേക്കുമായി ചവറ്റുകൊട്ടയില്‍ വലിച്ചെറിയപ്പെടുമെന്നും ഇക്കൂട്ടര്‍ കണക്കുകൂട്ടുന്നു.

ജറൂസലമിന്റെ പൂര്‍ണമായ സയണിസ്റ്റ് വത്കരണത്തിനുള്ള പ്രകോപനപരമായ നീക്കങ്ങളാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണമായത്. റമസാനിലെ വ്രതകാലത്ത് വിശ്വാസികള്‍ പരമാവധി അല്‍അഖ്‌സയിലും പരിസരത്തുമാണ് സമയം ചെലവഴിക്കുക. ജറൂസലമിലെ പൗരാണിക സിറ്റിയിലേക്കുള്ള ദമസ്‌കസ് കവാടം പോലീസ് കമ്മീഷണര്‍ ബാരിക്കേഡ് വെച്ച് അടച്ചത് ജനങ്ങളെ രോഷാകുലരാക്കി. ഇഫ്താറിനായി ജനം എക്കാലവും കൂടിയിരിക്കാറുള്ളത് ഈ കവാടത്തിനു ചുറ്റുമാണ്. നോമ്പെടുത്ത് വരുന്ന മുസ്‌ലിംകളെ അപമാനിക്കുക എന്നതിനപ്പുറം ഈ നടപടിക്ക് ഒരു ന്യായീകരണവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പ്രതിഷേധം പെട്ടെന്ന് നുരഞ്ഞുപൊങ്ങി. പ്രതിഷേധം കനത്തപ്പോള്‍ പോലീസ് തന്നെ ബാരിക്കേഡ് എടുത്തുമാറ്റി. അപ്പോഴേക്കും ഏറ്റുമുട്ടല്‍ തുടങ്ങിയിരുന്നു. അതോടെയാണ് ഫലസ്തീനികള്‍ കൂടുതല്‍ ആവേശത്തോടെ അല്‍അഖ്‌സയിലേക്ക് ഒഴുകിയെത്തിയത്. മാസങ്ങളായി കിഴക്കന്‍ ജറൂസലമില്‍ നിന്ന് മുസ്‌ലിംകളെ കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ ത്വരിതഗതിയില്‍ മുന്നോട്ട് പോയിരുന്നു. ഫലസ്തീനികളെ പൂര്‍ണമായും ജറൂസലമില്‍ നിന്ന് വിപാടനം ചെയ്യുന്ന “വംശവിച്ഛേദന” അജന്‍ഡയുടെ ഭാഗമായിരുന്നു ഇത്. ഒരു കോടതി വിധിയുടെ മറവില്‍ കിഴക്കന്‍ ജറൂസലമിന്റെ പ്രാന്തപ്രദേശമായ ശൈഖ് ജറാഹില്‍ നിന്ന് 27 അംഗങ്ങളുള്ള ആറ് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ജില്ലാ കോടതിയുടെ നീക്കം ഫലസ്തീനിലുടനീളം പരിഭ്രാന്തിയും സംഘര്‍ഷവും വിതച്ച ഘട്ടത്തിലാണ് അല്‍അഖ്‌സയിലെ പോലീസ് പീഡനങ്ങള്‍ അരങ്ങേറുന്നത്. 65 വര്‍ഷമായി തങ്ങളും പൂര്‍വീകരും ജീവിച്ചുപോരുന്ന മണ്ണില്‍ നിന്ന് ഇസ്‌റാഈല്‍ ഭരണകൂടം, മുമ്പ് പല കുടുംബങ്ങളെയും കുടിയിറക്കിയത് പോലെ, ബലമായി പിഴുതെറിയുമ്പോള്‍ രക്ഷക്കായി ആരെ സമീപിക്കണം എന്ന ചോദ്യമാണ് ഇവരുടെ മുന്നില്‍. സുപ്രീം കോടതിയില്‍ അവസാനമായി അഭയം തേടിയാല്‍ എന്താണ് സംഭവിക്കുക എന്ന് അവര്‍ക്കറിയാം. സയണിസ്റ്റ് പദ്ധതികള്‍ നടപ്പാക്കുന്ന വിഷയത്തില്‍ ശുഷ്‌കാന്തി കാണിക്കുന്ന നീതിപീഠത്തില്‍ നിന്ന് സഹാനുഭൂതിയുടെ സമീപനം ഇവര്‍ പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ കാലങ്ങളില്‍ എത്രയോ കുടുംബങ്ങള്‍ വഴിയാധാരമായത് കോടതി ഉത്തരവിന്റെ മറവിലാണ്. അതുകൊണ്ട് തന്നെ ഈ കുടിയൊഴിപ്പിക്കലിന് എതിരായി സാമൂഹിക മാധ്യമങ്ങളിലൂടെ ശൈഖ് ജറാഹ് വാസികള്‍ നടത്തിയ പ്രചാരണത്തിന് വലിയ പ്രതികരണമാണ് ലഭിച്ചത്. 1948ല്‍ ഇസ്‌റാഈല്‍ രൂപവത്കരണത്തോടെ ഫലസ്തീന്‍ വീടുകളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷങ്ങളുടെ ദീനരോദനം അടയാളപ്പെടുത്തുന്ന “നക്ബയുടെ” (ദുരന്തം) ദിനങ്ങള്‍ വീണ്ടും എത്തി എന്ന ഫലസ്തീനികളുടെ നിലവിളി ആഗോളതലത്തില്‍ മുഴങ്ങിക്കേട്ടപ്പോള്‍ സയണിസ്റ്റുകളുടെ രോഷം ഇരട്ടിയായി. കൂടുതല്‍ ആയുധമുഷ്‌ക്ക് കൊണ്ട് എല്ലാം അടിച്ചമര്‍ത്തുക എന്ന കിരാതശൈലി പുറത്തെടുത്തതാണ് അല്‍അഖ്‌സയിലെ പൊട്ടിത്തെറിയിലേക്ക് നയിച്ചത്. ഇത് ഇവിടം കൊണ്ടവസാനിക്കില്ല. ഫലസ്തീനികളെ ഏത് വിധേനയും കൊന്നൊടുക്കാനും അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തെറിയാനും ഇടക്കിടെ സംഘര്‍ഷഭരിതമായ അന്തരീക്ഷം ഒരുക്കുക എന്നത് സയണിസ്റ്റ് ശൈലിയാണ്.

അകന്നുമാറുന്ന
ഫലസ്തീന്‍ സ്വപ്‌നം

പിറന്ന മണ്ണില്‍ തല ചായ്ക്കാന്‍ ഒരിടം എന്ന ഫലസ്തീനികളുടെ അവസാനത്തെ സ്വപ്‌നവും തകരുന്ന കാഴ്ചകളാണ് ആഗോളസമൂഹത്തിന് മുന്നില്‍ കെട്ടഴിഞ്ഞുവീഴുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കൂറ്റന്‍ ബോംബുകള്‍ വര്‍ഷിച്ച് ഗസ്സയിലെ ആറ് നില കെട്ടിടം തകര്‍ത്തപ്പോള്‍ ഉയര്‍ന്നുപൊങ്ങിയ തീജ്വാലകളും കരിമ്പുകയും ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശം എത്ര നിഷ്ഠൂരമായാണ് തകര്‍ത്തെറിയുന്നത് എന്ന് കാണിച്ചുതരികയാണ്. അപ്പോഴും യു എസ് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞത് ഇസ്‌റാഈലിന് അക്രമങ്ങളെ പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നാണ്. അതേസമയം, ഹമാസിന്റെ ഭാഗത്ത് നിന്നുണ്ടായ മിസൈല്‍ ആക്രമണത്തെ അപലപിക്കുകയുമുണ്ടായി. യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി രക്ഷാസമിതിയുടെ അടിയന്തര യോഗത്തില്‍ പറഞ്ഞത്, എല്ലാവിധ അക്രമങ്ങളെയും പ്രത്യേകിച്ച് ഹമാസിന്റെ റോക്കറ്റാക്രമണങ്ങളെ തങ്ങള്‍ അപലപിക്കുന്നുവെന്നാണ്.

ജൂതരാഷ്ട്രത്തിന്റെ കൈയിലുള്ള സ്മാര്‍ട്ട് ബോംബുകള്‍ നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും ചുട്ടുകൊല്ലുമ്പോള്‍ ഗാന്ധിജിയുടെ ഇന്ത്യക്ക് മനോവേദന ഇല്ലെങ്കില്‍ അവിടെയാണ് ഫലസ്തീനികളുടെ ജീവിത ദുരന്തം പൂര്‍ണമാകുന്നത്. നിയമവിരുദ്ധവും വഞ്ചനാപരവുമായ കരുനീക്കങ്ങളിലൂടെ ഭൂമുഖത്ത് പിറന്നുവീണ ഒരു രാഷ്ട്രം ലോകത്തെ ഏറ്റവും വലിയ തെമ്മാടിക്കൂട്ടങ്ങളെ പോലെ പെരുമാറുകയും തങ്ങളുടെ കൈരാതങ്ങള്‍ക്ക് ഇരയാകുന്ന മനുഷ്യരെ ചൂണ്ടി അതാ ഭീകരവാദികള്‍ എന്ന് മുറവിളി കൂട്ടി രക്ഷപ്പെടുകയും ചെയ്യുന്ന നടുക്കുന്ന കാഴ്ചകള്‍ക്ക് മുന്നില്‍ ഫലസ്തീന്‍ എന്ന സ്വപ്‌നം മരീചികയായി എക്കാലവും അവശേഷിക്കുമോ? അനീതിയുടെ ആധുനിക ലോകവ്യവസ്ഥ എക്കാലവും കൂട്ടുനിന്നത് അക്രമികള്‍ക്കാണ് എന്ന യാഥാര്‍ഥ്യത്തിനു മുന്നില്‍ ഫലസ്തീനികളും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരും നിസ്സഹായരാണ് എന്ന് പറയാതെ വയ്യ.