Connect with us

Articles

വിട, അനുഗൃഹീത മാസമേ

Published

|

Last Updated

പരിശുദ്ധ റമസാന്‍ നമ്മോട് വിടപറയുകയാണ്. അല്ലാഹു നമുക്ക് അനുഗൃഹിച്ചേകിയ ഈ പുണ്യങ്ങളുടെ പൂക്കാലം വിട പറയുന്നതോടെ കഴിഞ്ഞ ഒരു മാസക്കാലമായി നാം ആര്‍ജിച്ചെടുത്ത ആത്മീയ ഊര്‍ജം കൈവിടാതിരിക്കാന്‍ വിശ്വാസികള്‍ ജാഗ്രത കാണിക്കണം. അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട് കടപ്പാടുണ്ടായിരിക്കണം. അത് റമസാനില്‍ മാത്രമുണ്ടാകേണ്ടതല്ല. നാം ജീവിക്കുന്ന ഓരോ നിമിഷങ്ങളും അല്ലാഹുവിന്റെ അനുഗ്രങ്ങളാണെന്ന ബോധ്യം വിശ്വാസിയില്‍ രൂഢമൂലമാകണം. അപ്പോഴാണ് വൈമനസ്യം കൂടാതെ ആരാധനകള്‍ നിര്‍വഹിക്കാന്‍ കഴിയുക.

ഈ പ്രപഞ്ചം മുഴുവനും അല്ലാഹുവിന്റെ അനുഗ്രഹങ്ങളാണ്. നമുക്ക് ജീവിക്കാനുതകുന്ന ഭൂമിയെ അവന്‍ സൃഷ്ടിച്ചു. ഗര്‍ഭാശയത്തില്‍ കിടന്നപ്പോഴും പുറത്ത് വന്നപ്പോഴും നമുക്ക് അന്നപാനീയങ്ങള്‍ തരാന്‍ പലതരം മാര്‍ഗങ്ങള്‍ പടച്ചുവെച്ചു. ശരീരത്തിലെ ഓരോ അവയവങ്ങളും അതിന്റെ പ്രവര്‍ത്തനങ്ങളും മഹത്തായ അനുഗ്രഹങ്ങളാണ്. എല്ലാ അനുഗ്രഹങ്ങളെയും നാം ഓര്‍ക്കണം. അത് തന്നതിന് റബ്ബിനോട് നാം നന്ദിയുള്ളവരാകണം. അനുഗ്രഹം ചെയ്തവന് നന്ദി ചെയ്യല്‍ നിര്‍ബന്ധമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ എണ്ണിത്തീര്‍ക്കാനോ അതിന് നന്ദി ചെയ്ത് അല്ലാഹുവിനോടുള്ള ബാധ്യത വീട്ടാനോ നമുക്കാകില്ല. നമ്മള്‍ ചിന്തിക്കുന്നതിനും അപ്പുറത്താണ് അല്ലാഹു നമുക്ക് ചെയ്ത അനുഗ്രഹങ്ങളുള്ളത്. നമുക്ക് ലഭിക്കുന്ന ശുദ്ധജലത്തെ കുറിച്ചൊന്ന് ഓര്‍ത്ത് നോക്കൂ. ദിവസവും നമ്മുടെ കിണറുകളില്‍ നിന്ന് ലിറ്റര്‍ കണക്കിന് വെള്ളമാണ് നാം ഉപയോഗിക്കുന്നത്. അതിന് ഒരു തുകയും നാം നല്‍കേണ്ടി വരുന്നില്ല. ലിറ്ററിന് 10 രൂപ കണക്കാക്കിയാല്‍ തന്നെ 1,000 ലിറ്റര്‍ വെള്ളത്തിന് 10,000 രൂപ നല്‍കേണ്ടിവരുന്നു. മിക്ക വീടുകളിലും ചുരുങ്ങിയത് ആയിരം ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുണ്ടാകും. വെള്ളത്തിന് മാത്രമായി ഇത്രയും വലിയൊരു തുക ചെലവഴിക്കേണ്ടി വന്നാല്‍ അത് വലിയ ദുരിതമായിരിക്കും വരുത്തിവെക്കുക. നാം ശ്വസിക്കുന്ന വായു നമുക്ക് അല്ലാഹു സൗജന്യമായല്ലേ നല്‍കുന്നത്. ഓക്‌സിജന്റെ വിലയുമായി അതൊന്ന് തുലനം ചെയ്ത് നോക്കൂ. മൂന്ന് ലിറ്ററിന്റെ എയര്‍ ബോട്ടിലിന് ഏകദേശം 2,500 രൂപയാണ് വില. അതുപയോഗച്ച് ഒറ്റത്തവണ ശ്വസിക്കാന്‍ 12.50 രൂപ ചെലവ് വരുമെന്നാണ് കണക്ക്. അപ്പോള്‍ ഉറക്കത്തില്‍ പോലും നടക്കുന്ന ഈ ശ്വസന പ്രക്രിയക്ക് എത്ര കോടി രൂപയാണ് നാം ചെലവിടേണ്ടി വരിക.

നമ്മുടെ ശരീരത്തില്‍ രക്തം ശുദ്ധീകരിക്കുന്ന കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ കുറിച്ചൊന്ന് ഓര്‍ത്തുനോക്കൂ. കിഡ്‌നിയുടെ പ്രവര്‍ത്തനം നിലച്ച് ഡയാലിസിസ് ചെയ്യുന്നവരോട് ചോദിച്ചാലറിയാം അതിന്റെ പ്രവര്‍ത്തന മൂല്യം എത്രയാണെന്ന്. ഇങ്ങനെ ശരീരത്തിലെ ഓരോ അവയവത്തിന്റെയും മൂല്യമെടുത്ത് നോക്കിയാല്‍ അതെല്ലാം അമൂല്യമാണെന്ന് നമുക്ക് ബോധ്യപ്പെടും.
എവിടെ പോയാലും ശ്വസിക്കാന്‍ ഓക്‌സിജന്‍ അല്ലാഹു ഒരുക്കി വെച്ചിട്ടുണ്ട്. കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ ആഹാരവും അല്ലാഹു നമുക്ക് തരുന്നു. ഗര്‍ഭാശയത്തിന്റെ ഉള്ളില്‍ നാം കഴിഞ്ഞ കാലത്ത് പോലും അല്ലാഹു നമ്മെ അന്നം തന്ന് സംരക്ഷിച്ചു. ശരീരത്തിലെ മാലിന്യങ്ങള്‍ വിസര്‍ജിക്കപ്പെടുന്നത് പോലും അനുഗ്രഹമാണ്. അത് നിലച്ചു പോയാല്‍ അറിയാം അതിന്റെ പ്രയാസം. അതുകൊണ്ടാണ് വിസര്‍ജ്യ ശേഷം അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് ദിക്‌റ് ചൊല്ലാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നത്.

ഒരിക്കല്‍ പരാധീനതകള്‍ പറഞ്ഞ് സങ്കടപ്പെട്ടിരിക്കുന്ന ഒരാളെ ഇബ്‌റാഹീമുബ്‌നു അദ്ഹം (റ) കണ്ടു. അല്ലാഹു നിനക്ക് അനുഗ്രഹങ്ങള്‍ ഒന്നും തന്നില്ലേ എന്ന് മഹാന്‍ അയാളോട് ചോദിച്ചു. ഇല്ല എന്നാണ് അയാള്‍ പ്രതികരിച്ചത്. എങ്കില്‍ നിന്റെ രണ്ട് കണ്ണുകള്‍ എനിക്ക് തരാമോ ഞാന്‍ പതിനായിരം ദിര്‍ഹം തരാം, മഹാന്‍ ചോദിച്ചു. അയാള്‍ സമ്മതിച്ചില്ല. എങ്കില്‍ ഒരു ലക്ഷം ദിര്‍ഹം തരാം നിന്റെ രണ്ട് കാലുകള്‍ എനിക്ക് തരുമോ, അയാള്‍ അതും സമ്മതിച്ചില്ല. പിന്നെ ഓരോ അവയവങ്ങള്‍ക്ക് വിലയിട്ട് അയാളോട് സംസാരിച്ചു. അതൊന്നും അയാള്‍ സമ്മതിച്ചില്ല. പിന്നീട് അയാള്‍ക്ക് ഒരു ഗുണപാഠവും നല്‍കി. നീ പറയുന്നത് നിനക്ക് അല്ലാഹു അനുഗ്രഹങ്ങള്‍ ഒന്നും തന്നില്ല എന്നാണ്. പക്ഷേ, നിന്റെ ശരീരത്തിലെ അവയവങ്ങള്‍ തന്നെ വിലമതിക്കാനാകാത്തതാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.
ഖലീഫ ഹാറൂന്‍ റശീദിനോട് മഹാനായ ഇബ്‌നു സമ്മാക്ക് ചോദിച്ചു. പണം നല്‍കിയാലേ നിങ്ങള്‍ക്ക് ഒരു കപ്പ് വെള്ളം കിട്ടുവെങ്കില്‍ നിങ്ങള്‍ ഒരു കപ്പ് വെള്ളത്തിന് എത്ര കാശ് കൊടുക്കും. ഞാന്‍ എന്റെ രാജ്യം മുഴുവന്‍ കൊടുത്തിട്ടായാലും ആ ഒരു കപ്പ് വെള്ളം വാങ്ങിയിരിക്കും. ഓഹോ എങ്കില്‍ നിങ്ങള്‍ കുടിച്ച ആ വെള്ളം വയറിനുള്ളില്‍ കെട്ടിക്കിടന്നാല്‍ അത് പുറത്തെടുക്കാന്‍ നിങ്ങള്‍ എത്ര പണം മുടക്കും. എന്റെ രാജ്യം മുഴുവന്‍ വിറ്റിട്ടാണെങ്കിലും ഞാന്‍ അതിന് ചികിത്സ തേടും. ഹാറൂന്‍ റശീദ് പറഞ്ഞു. നോക്കൂ, നമ്മുക്ക് നാഥനായ അല്ലാഹു തന്ന അനുഗ്രഹങ്ങളുടെ വില!
പരിശുദ്ധ റമസാന്‍ തന്നെ വലിയൊരനുഗ്രഹമാണ്. ദോശങ്ങള്‍ പൊറുക്കപ്പെടുന്നതിനും സ്വര്‍ഗപ്രവേശത്തിനും നരകമോചനത്തിനും ഈ മാസം നിമിത്തമാകുന്നു. ചെയ്യുന്ന സത്കര്‍മങ്ങള്‍ക്കൊക്കെ വലിയ പ്രതിഫലം നല്‍കപ്പെടുന്നു. ഈ മാസത്തില്‍ നാം നേടിയെടുത്ത ആത്മ സംസ്‌കരണം വരുന്ന പതിനൊന്ന് മാസത്തേക്കും കരുതി വെക്കണം. ശാന്തിയും സമാധാനവും ക്ഷമയും ത്യാഗ മനസ്സും ജീവിത നിഷ്ഠയാക്കണം. ആരാധനകളിലും മറ്റ് സത്കര്‍മങ്ങളിലും കൈക്കൊണ്ട കാര്‍ക്കശ്യം കൈവിടരുത്. അപ്പോഴേ റമസാനെന്ന മഹത്തായ അനുഗ്രഹത്തിന് നന്ദി കാണിച്ച അടിമയായി മാറാന്‍ നമുക്ക് സാധിക്കുകയുള്ളൂ. അല്ലാഹു തൗഫീഖ് നല്‍കട്ടെ, ആമീന്‍.

വി പി എം ഫൈസി വില്യാപ്പള്ളി

Latest