Connect with us

Covid19

സംസ്ഥാനത്ത് അടുത്ത ഒരാഴ്ച കര്‍ക്കശ നിയന്ത്രണം; ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തും

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോള്‍ വാരാന്ത്യ നിയന്ത്രണം നടപ്പാക്കുന്നത് പോലെ അടുത്ത ഒരാഴ്ച കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും. നാലാം തീയതി തൊട്ട് അടുത്ത ഞായറാഴ്ച വരെ (ചൊവ്വ മുതല്‍ ഞായര്‍ വരെ) കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഇപ്പോഴത്തെ തീരുമാനം. നിയന്ത്രണവുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡം ഇറക്കും. ഡി എം ആക്ട് ഉപയോഗിക്കേണ്ട സ്ഥലങ്ങളില്‍ അത് ഉപയോഗിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓക്‌സിജന്‍ ട്രാന്‍സ്‌പോര്‍ട്ടഷനില്‍ പ്രശ്‌നമുണ്ടാവില്ലെന്ന് പോലീസ് ഉറപ്പു വരുത്തും. ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് ഇപ്പോള്‍ത്തന്നെ ആഭ്യന്തര സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്. വ്യവസായ വകുപ്പ് സെക്രട്ടറിയെ കൂടി വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെടാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഓക്‌സിജന്‍ സിലിന്‍ഡര്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ഓക്‌സിജന്‍ എമര്‍ജന്‍സി വെഹിക്കിള്‍ എന്ന സ്റ്റിക്കര്‍ പതിക്കണം. വാഹനത്തിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും ഗ്ലാസില്‍ വ്യക്തമായി കാണാന്‍ സാധിക്കുന്ന തരത്തിലാണ് സ്റ്റിക്കര്‍ പതിക്കേണ്ടത്. തിരക്കില്‍ വാഹനങ്ങള്‍ പരിശോധന ഒഴിവാക്കി വേഗം കടത്തിവിടാന്‍ ഇത് പോലീസിനെ സഹായിക്കും.

മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളിലും സമാന രീതിയില്‍ സ്റ്റിക്കര്‍ പതിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഓക്‌സിജന്‍ ഉത്പാദകരുടേയും പെസോയുടേയും യോഗം നടക്കുകയുണ്ടായി. തുടര്‍ന്ന് ഓക്‌സിജന്‍ ലഭ്യത മോണിറ്റര്‍ ചെയ്യാന്‍ ഹോം സെക്രട്ടറിയുടെ കീഴില്‍ ഒരു കമ്മിറ്റിയും രൂപവത്കരിച്ചു. പോലീസ്, ആരോഗ്യം, ഗതാഗതം, വ്യവസായം, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, എന്നീ വകുപ്പുകളില്‍ നിന്നും പെസോയില്‍ നിന്നും ഉള്ള നോമിനികള്‍ ഉള്‍പ്പെട്ട “ഡെഡിക്കേറ്റഡ് ഓക്‌സിജന്‍ വാര്‍ റൂമുകള്‍ ” സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ആരംഭിക്കും.

ഓക്‌സിജന്‍ മൊഡ്യൂള്‍ തയ്യാറാക്കുകയും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ചേര്‍ക്കുകയും ചെയ്യും. കൂടുതല്‍ മികച്ച രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇത് സഹായകമാകും. ഒരോ ജില്ലയിലും ലഭ്യമായ ഓക്‌സിജന്‍ സ്റ്റോക്കിന്റെ കണക്കുകള്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ശേഖരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest