Kerala
കടന്നുപോകുന്നത് കൊവിഡ് വ്യാപനത്തിന്റെ വലിയ ഘട്ടം; നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം | കൊവിഡിന്റെ വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ഇപ്പോള്‍ ചെയ്യാവുന്ന ഉചിതമായ കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളുകള്‍ പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും ഒഴിവാക്കണം.
ഓക്‌സിജന്‍ ആവശ്യത്തിന് ലഭ്യമാക്കും. ഓക്‌സിജന്‍ നീക്കം സുഗമമാക്കാന്‍ എല്ലാ തലത്തിലും ഇടപെടും. കാസര്‍കോട് ജില്ലയില്‍ കര്‍ണാടകത്തില്‍ നിന്നാണ് ഓക്‌സിജന്‍ ലഭിക്കാറുള്ളത്. അവിടെ തടസമുണ്ട്. കര്‍ണാടക ചീഫ് സെക്രട്ടറിയുമായി സംസ്ഥാന ചീഫ് സെക്രട്ടറി സംസാരിക്കും. ഓക്‌സിജന്‍ പോലുള്ള ഒന്നിന്റെ കാര്യത്തില്‍ സാധാരണ ലഭ്യമാകുന്നത് തടസപ്പെടുന്നത് ശരിയല്ല. പാലക്കാട് നിന്ന് ഓക്‌സിജന്‍ കര്‍ണാടകത്തിലേക്ക് അയക്കുന്നുണ്ട്. അത് തടസപ്പെടുത്തിയിട്ടില്ല. അതെല്ലാം കര്‍ണാടകത്തിന്റെ ശ്രദ്ധയില്‍പെടുത്തും. കാസര്‍കോടടക്കം ഓക്‌സിജന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. ഓക്‌സിജന്‍ പ്രശ്‌നം പ്രത്യേകമായി ഇന്ന് ചര്‍ച്ച ചെയ്തുവെന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ചില ജില്ലകളില്‍ ചില തദ്ദേശ സ്ഥാപന അതിര്‍ത്തിക്കുള്ളിലും വലിയ തോതില്‍ വര്‍ധിച്ചു. ഇത് കുറച്ച് കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യും. ആവശ്യമായത്ര വളണ്ടിയര്‍മാരെ കണ്ടെത്തും. കഴിഞ്ഞ വ്യാപന ഘട്ടത്തില്‍ വളണ്ടിയര്‍മാരും പോലീസും ഒന്നിച്ചിടപ്പെട്ടത് വലിയ ഫലം ചെയ്തിരുന്നു.
ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ചില ക്രമീകരണം വേണ്ടതുണ്ട്. വാക്‌സീനേഷന്‍ കഴിഞ്ഞ ശേഷം രോഗം ബാധിക്കുന്നവരുണ്ട്. അവര്‍, പൊതുവേ വലിയ അപകടാവസ്ഥയിലേക്ക് നീങ്ങുന്നില്ല. അത്തരക്കാര്‍ വീടുകളില്‍ തന്നെ ആവശ്യമായ നിര്‍ദ്ദേശങ്ങളോടെ ചികിത്സിക്കണം. ഓക്‌സിജന്‍ ലെവല്‍ സാധാരണ നിലയിലുള്ളവര്‍ പോസിറ്റീവായത് കൊണ്ട് മാത്രം മറ്റ് ആരോഗ്യ പ്രശ്‌നം ഇല്ലെങ്കില്‍ ആശുപത്രിയില്‍ കിടക്കേണ്ട.
അപൂര്‍വം ചിലയിടത്ത് ആശുപത്രി സൗകര്യങ്ങള്‍ നിയന്ത്രിക്കുന്ന ചില ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വളരെ ചെറിയ സംഖ്യയാണ് വേതനം. അത് ശരിയല്ല. എല്ലാ മേഖലയിലും ന്യായമായ വേതനം കേരളത്തില്‍ നടപ്പാക്കിയതാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മിനിമം വേതനം നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. അതില്‍ കുറച്ച് ആശുപത്രി വികസന സമിതി നിയന്ത്രിക്കുന്നവരും നല്‍കാന്‍ പാടില്ല.
എല്ലാ താലൂക്കുകളിലും സിഎഫ്എല്‍ടിസികള്‍ ഉറപ്പാക്കും. അപൂര്‍വം ചിലയിടത്ത് ഇപ്പോഴും സിഎഫ്എല്‍ടിസികള്‍ പ്രായോഗികമായിട്ടില്ല. അടിയന്തിരമായി ഇത് പ്രാവര്‍ത്തികമാക്കാന്‍ നിര്‍ദ്ദേശിച്ചു. വാക്‌സീന്‍ ആഗ്രഹിക്കുന്ന പോലെ ലഭിക്കുന്നില്ല. കേന്ദ്രമാണ് ഇപ്പോള്‍ നല്‍കേണ്ടത്.
കൊവിഡിന്റെ വ്യാപനം ഉണ്ടെങ്കിലും നിര്‍മ്മാണ ജോലികള്‍ കൊവിഡ് മാനദണ്ഡം പാലിച്ച് തന്നെ മുന്നോട്ട് കൊണ്ടുപോകും. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സീന്‍ നയത്തിന്റെ ഭാഗമായി 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഉല്‍പ്പാദകരില്‍ നിന്നും വാക്‌സീന്‍ സംസ്ഥാനങ്ങള്‍ വിലകൊടുത്ത് വാങ്ങേണ്ട സാഹചര്യമാണ്. ഈ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടതാണ്. എല്ലാവര്‍ക്കും സൗജന്യമായി വാക്‌സീന്‍ നല്‍കണം.
ഇതെല്ലാം കേന്ദ്രത്തിന് മുന്നില്‍ ഉന്നയിച്ചെങ്കിലും കേന്ദ്രത്തില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായിട്ടില്ല. 18 നും 45 നും ഇടയിലുള്ളവര്‍ക്ക് രണ്ട് ഡോസ് അടുത്ത മൂന്ന് മാസത്തേക്ക് ഒരു കോടി ഡോസ് വാക്‌സീന്‍ വില കൊടുത്ത് വാങ്ങാനാണ് തീരുമാനം.
വാക്‌സീന്‍ വിലക്ക് വാങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യാനും വാങ്ങാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. എല്ലാവര്‍ക്കും സൗജന്യ വാക്‌സീന്‍ ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം.സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 70 ലക്ഷം ഡോസ് വാങ്ങാന്‍ 294 കോടി ചെലവാകും. 400 രൂപയാണ് ഡോസിന് അവര്‍ ഈടാക്കുന്ന വില. പുറമെ അഞ്ച് ശതമാനം ജിഎസ്ടിയും വരും. ഭാരത് ബയോടെകില്‍ നിന്ന് 600 രൂപ നിരക്കില്‍ ജിഎസ്ടിയടക്കം 30 ലക്ഷം വാങ്ങാന്‍ 189 കോടി രൂപ ചെലവ് വരും. വാക്‌സീന്‍ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകളുണ്ട്. വിധി വന്ന ശേഷമായിരിക്കും ഓര്‍ഡര്‍ കൊടുക്കുക.
ദ്രവീകൃത ഓക്‌സിജന്‍ സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ആവശ്യത്തിനുണ്ട്. എന്നാല്‍ ആവശ്യം വര്‍ധിക്കാന്‍ ഇടയുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യം കഴിഞ്ഞുള്ളതേ പുറത്തേക്ക് അയക്കാവൂ എന്ന് നിലപാട് എടുത്തിട്ടുണ്ട്. അവശ്യ ഘട്ടത്തില്‍ ആശുപത്രിയുമായി നേരിട്ട് ബന്ധപ്പെടാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കി 1056 എന്ന ഹെല്‍പ്ലൈനില്‍ വിളിച്ച് സൗകര്യങ്ങളുടെ ലഭ്യത ജനത്തിന് ഉപയോഗിക്കാം.
ഓരോ ജില്ലയിലും വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി ആളുകള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാം.
ഇപ്പോള്‍ ലോക്ഡൗണിലേക്ക് സര്‍ക്കാര്‍ പോകുന്നില്ല. എന്നാല്‍ കടുത്ത നിയന്ത്രണം വേണം.അവസാന ഘട്ടമായേ ലോക്ക്ഡൗണിനെ കാണാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു