Kerala
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പാരാമെഡിക്കല്‍ ടെക്‌നീഷ്യനെ പീഡിപ്പിക്കാന്‍ ശ്രമം; സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍


അനന്തരാജ്
പത്തനംതിട്ട | പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വനിതാ പാരാമെഡിക്കല്‍ ടെക്‌നീഷ്യനെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ചിറ്റാര്‍ പന്നിയാര്‍ കോളനിയില്‍ ചിറ്റേഴത്ത് വീട്ടില്‍ അനന്തരാജി(36)നെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും താല്‍ക്കാലിക ജീവനക്കാരാണ്.
കൊവിഡുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ കുറവുണ്ടായ സാഹചര്യത്തിലാണ് ഇവരെ താല്‍ക്കാലികമായി നിയമിച്ചത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. യുവതി ഇരുന്ന ഇ സി ജി മുറിയിലെത്തി തന്റെ ഇ സി ജി എടുക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. പലതവണ വിസമ്മതിച്ചെങ്കിലും ഒടുവില്‍ എടുത്തു നല്‍കാമെന്ന് യുവതി സമ്മതിക്കുകയും ഇ സി ജി എടുത്തു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് മുറിയില്‍ നിന്നിറങ്ങി പുറത്തേക്ക് പോയി. പിന്നീട് തിരിച്ച് ഇതേ മുറിയിലേക്ക് എത്തിയപ്പോള്‍ ഇയാള്‍ പോകാതെ അവിടെ തന്നെ ഇരിക്കുകയായിരുന്നു. യുവതി അകത്തേക്ക് കയറുന്നത് കണ്ടതോടെ ഇയാള്‍ ചാടിയെഴുന്നേറ്റ് വാതില്‍ കുറ്റിയിട്ട് യുവതിയെ കടന്നു പിടിക്കുകയായിരുന്നു.
സംഭവം യുവതി ഇവിടെ തന്നെ ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകയെ ഫോണ്‍ മുഖേന അറിയിച്ചു. തുടര്‍ന്ന് അവര്‍ ഡ്യൂട്ടി ഡോക്ടറെ വിവരമറിയിക്കുകയായിരുന്നു. ഡോക്ടര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട പോലീസ് ആശുപത്രിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ മെഡിക്കല്‍ പരിശോധന നടത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.