Ramzan
അത്താഴപ്പെരുമ

നോമ്പുകാരൻ ഉന്മേഷവാനായിരിക്കണം. പകൽ മുഴുവൻ ഊർജ്വസ്വലനായി നിലകൊള്ളണം. ക്ഷീണവും തളർച്ചയും പാടില്ല. പുലർച്ചെ മുതൽ അസ്തമയം വരെ അന്നപാനീയങ്ങളുപേക്ഷിച്ചാൽ എങ്ങനെ ആരോഗ്യത്തോടെ നിൽക്കാനാകും. അതിന് നബി (സ്വ) നോമ്പുകാരനോടായി കൽപ്പിക്കുന്നുണ്ട്; സുന്നത്തായ കൽപ്പന. “നിങ്ങൾ അത്താഴം കഴിക്കണം. നിശ്ചയം അത്താഴത്തിൽ ബറകത്തുണ്ട്.” പകലന്തിയോളം ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ക്ഷമയോടെയും സഹനത്തോടെയും ആരാധനാ നിമഗ്‌നനായി കഴിച്ചുകൂട്ടുന്ന വിശ്വാസികളോടിങ്ങനെ കൽപ്പിച്ചതിന് പിന്നിൽ ചില കാരണങ്ങളുണ്ട്.
നോമ്പെടുക്കുന്നവനോട് അത്താഴം കഴിക്കാൻ പ്രേരിപ്പിക്കുന്നതിലുള്ള പ്രഥമ ലക്ഷ്യം ക്ഷീണവും തളർച്ചയും ബാധിക്കാതെ ആരാധനാ കർമങ്ങൾ നിർവഹിക്കുന്നതിന് സാഹചര്യമൊരുക്കലാണ്. നോന്പുകാരൻ പകൽ സമയത്ത് സത്കർമങ്ങളാൽ നിരതനാകേണ്ടവനാണ്. ക്ഷീണവും തളർച്ചയും ബാധിച്ചാൽ ഏത് പ്രവർത്തനങ്ങളോടുമെന്ന പോലെ നിസ്‌കാരത്തോടും മറ്റും വിരസതയും വിരക്തിയും തോന്നും. ഖുർആൻ പാരായണത്തിനിടയിൽ ഉറക്കച്ചടവനുഭവപ്പെടുകയും ചെയ്യും.
നിസ്‌കാരത്തിലേക്ക് പ്രവേശിക്കേണ്ടത് പരിപൂർണ മനസ്സാന്നിധ്യത്തോടെയും ഉന്മേശത്തോടെയും ആയിരിക്കണമല്ലോ. വിശന്നവന് പൂർണാർഥത്തിൽ അല്ലാഹുവിലേക്ക് ശ്രദ്ധ തിരിക്കാൻ സാധിക്കുകയില്ല. അത്താഴം കഴിച്ച് നോമ്പെടുക്കുന്നത് ആത്മാർഥമായും ഉത്സാഹത്തോടെയും അല്ലാഹുവിന് വഴിപ്പെടാൻ വഴിയൊരുക്കുമെന്ന് ചുരുക്കം.
അത്താഴ സമയം രാത്രിയുടെ അവസാന സമയത്തായതിനാൽ അല്ലാഹുവിന്റെ അനുഗ്രഹവും മലക്കുകളുടെ പ്രാർഥനയും കൂടുതലുണ്ടാകുന്ന സമയവുമാണ്.
നബി(സ) പറഞ്ഞു. “അത്താഴത്തിൽ ബറകത്തുണ്ട്. നിങ്ങൾ അതുപേക്ഷിക്കരുത്. ഒരു മുറുക്ക് വെള്ളം കൊണ്ടെങ്കിലും നിങ്ങളത് നിർവഹിക്കണം. നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും അത്താഴം കഴിക്കുന്നവർക്കായി അനുഗ്രഹ പ്രാർഥന നടത്തുന്നതാണ്.”(അഹ്‌മദ്).
അനുഗൃഹീതമായ അനർഘ നിമിഷങ്ങളാണിതെന്നതിനാൽ പുലർച്ചെ ഭക്ഷണം കഴിക്കാനെഴുന്നേൽക്കുന്നതിനോടനുബന്ധമായി ലഭിക്കുന്ന സത്കർമങ്ങളൊന്നും ഒഴിഞ്ഞു പോകാതെ നോക്കണം. തഹജ്ജുദും ഖുർആൻ പാരായണവും ജമാഅത്ത് നിസ്‌കാരവും പ്രാർഥനയും പാഴാക്കരുത്.
ഒരിക്കൽ സൈദ്ബ്‌നു സാബിത് (റ) പറഞ്ഞു. ഞങ്ങൾ നബിയോടൊപ്പം അത്താഴം കഴിച്ചു. പിന്നീട് നിസ്‌കരിക്കാൻ നിൽക്കുകയും ചെയ്തു. അതിനിടയിൽ എത്ര സമയമുണ്ടായിരുന്നുവെന്ന ചോദ്യത്തിന് സൈദ് (റ) നൽകിയ മറുപടി 50 ആയത്ത് ഓതാനുള്ള സമയദൈർഘ്യം ഉണ്ടായിരുന്നുവെന്നാണ്.
അഥവാ അമിത വേഗതയിലോ പതുക്കെയോ അല്ലാതെ മിതമായ രീതിയിൽ ഖുർആൻ പാരായണം ചെയ്യുന്നവൻ 50 ആയത്ത് ഓതാനെടുക്കുന്ന സമയം മാത്രമേ സുബ്ഹി വാങ്കിനിടയിൽ ഉണ്ടാകാൻ പാടുള്ളൂ.
അത്താഴം കഴിക്കാൻ നബി (സ) പ്രേരിപ്പിച്ച സമയത്തൊരിക്കൽ പറഞ്ഞത് നമ്മുടെ നോമ്പിന്റെയും മറ്റ് മതക്കാരുടെ നോമ്പിന്റെയും ഇടയിലുള്ള വ്യത്യാസം അത്താഴം കഴിക്കലാണെന്നാണ്. വിശക്കുന്നില്ലെങ്കിൽ പോലും തിരു നബിയുടെ കൽപ്പന മാനിക്കുന്നതിനായി ഈ സമയത്ത് എഴുന്നേറ്റ് എന്തെങ്കിലും കഴിക്കൽ സുന്നത്താണ്. അത്താഴത്തിന് ഈത്തപ്പഴമാണ് നല്ലതെന്ന് അബൂദാവൂദ് റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം.