Connect with us

Covid19

കൊവിഡ് വാക്‌സിന്‍ ഫലപ്രദമായി ഉപയോഗിക്കുന്ന സംസ്ഥാനം; കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ പ്രശംസ

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് നിയന്ത്രിക്കുന്നതിന് കേരളം സ്വീകരിക്കുന്ന നടപടികളെ വീണ്ടും പ്രകീര്‍ത്തിച്ച് കേന്ദ്രം. കൊവിഡ് വാക്സിന്‍ ഫലപ്രദമായി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ പാഴായി പോകുന്ന വാക്സിന്റെ നിരക്ക് പൂജ്യമാണെന്ന് മന്ത്രാലയം വിലയിരുത്തി. മറ്റ് നിരവധി സംസ്ഥാനങ്ങള്‍ വാക്‌സിന്‍ എട്ട്-ഒമ്പത് ശതമാനം വരെ പാഴാക്കുന്നു എന്നിരിക്കെയാണിതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. ലഭ്യമാകുന്ന കൊവിഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ ശരിയായി ഉപയോഗിക്കാത്ത സ്ഥിതിയുണ്ട്.

13.10 കോടിയാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച കൊവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം. ഇതില്‍ പാഴാക്കല്‍ ഉള്‍പ്പെടെ മൊത്തം ഉപഭോഗം 11.43 കോടി ആണെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു. 1.67 കോടിയിലധികം ഡോസുകള്‍ നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാണ്. 2.01 കോടി ഡോസുകള്‍ വിതരണത്തിന് തയാറാക്കി വച്ചിട്ടുണ്ട്. കൊവിഡ് വാക്‌സിന്‍ കുറയുന്നതല്ല, സംസ്ഥാനങ്ങള്‍ ഇത് ശരിയായി ഉപയോഗിക്കാത്തതാണ് പ്രശ്‌നമെന്ന് പറഞ്ഞ ഭൂഷണ്‍ ചെറിയ സംസ്ഥാനങ്ങളിലും ഉടന്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് അറിയിച്ചു.