National
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് എതിരെ ചിത്രം വരച്ച് ഒറ്റയാള്‍ പ്രതിഷേധവുമായി മമത

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 24 മണിക്കൂര്‍ വിലക്ക് ഏര്‍പെടുത്തിയതിന് എതിരെ ഒറ്റയാള്‍ പ്രതിഷേധം നടത്തി മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാവിലെ 11.40ന് മായോ റോഡിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ വീല്‍ചെയറില്‍ ഒറ്റക്കിരുന്ന് പ്രതിഷേധ ധർണ ആരംഭിച്ച അവര്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെ അത് തുടര്‍ന്നു. ഇതിനിടയില്‍ തന്റെ ഇഷ്ടവിനോദമായ പെയിന്റിംഗിന് മമത സമയം കണ്ടെത്തി. ഒറ്റയിരുപ്പില്‍ രണ്ട് ചിത്രങ്ങളാണ് അവര്‍ ക്യാന്‍വാസില്‍ വരച്ചെടുത്തത്.
ഏകാന്തയായാണ് മമത പ്രതിഷേധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ സമയം പാര്‍ട്ടി പ്രവര്‍ത്തകരോ നേതാക്കളോ അവര്‍ക്ക് സമീപം ഉണ്ടായിരുന്നില്ല. ധര്‍ണക്കായി വരുമ്പോള്‍ ബ്രഷും കളറുകളും ക്യാന്‍വാസും അവര്‍ കരുതിയിരുന്നു. ബാരിക്കേഡ് കെട്ടിത്തിരിച്ച ധര്‍ണ സ്ഥലത്തിന് പുറത്ത് അവരുടെ അനുയായികള്‍ മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു. ഇതിനിടയിലാണ് ശാന്തയായി അവര്‍ ചിത്രങ്ങള്‍ വരച്ചത്.
കേന്ദ്രസേനയ്‌ക്കെതിരായ പരാമര്‍ശത്തവും മതസ്പര്‍ധ ഉയര്‍ത്തുന്ന തരത്തിലുള്ള പ്രസ്താവനയുമാണ് മമതാ ബാനര്‍ജിക്ക് 24 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്താന്‍ ഇടയാക്കിയത്.