Connect with us

National

വിശുദ്ധ ഖുര്‍ആനിലെ 26 ആയത്തുകള്‍ ഒഴിവാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി; ഹരജിക്കാരന് 50,000 രൂപ പിഴ

Published

|

Last Updated

ന്യൂഡല്‍ഹി | വിശുദ്ധ ഖുര്‍ആനിലെ 26 ആയത്തുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ബാലിശമായ ആവശ്യമുന്നയിച്ച ഹരജിക്കാരന് കോടതി 50,000 രൂപ പിഴ ചുമത്തി.
ഉത്തര്‍ പ്രദേശ് ശിയാ വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യിദ് വസിം റിസ്‌വി ആണ് ഹരജി നല്‍കിയിരുന്നത്.

26 ആയത്തുകള്‍ യഥാര്‍ഥ ഖുര്‍ആന്റെ ഭാഗമല്ലെന്നും അതിനാല്‍ ഒഴിവാക്കണമെന്നും ആയിരുന്നു ഹരജിക്കാരന്റെ വാദം. നിയമവിരുദ്ധവും അവിശ്വാസികളുടെ ആക്രമണങ്ങളെ ന്യായീകരിക്കാന്‍ ഉപയോഗപ്പെടുന്നതുമാണ് ഈ ആയത്തുകളെന്നും വിവാദ ഹരജിയില്‍ ഉന്നയിച്ചിരുന്നു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും രാജ്യത്തിന്റെ പരമാധികാരം, ഐക്യം തുടങ്ങിയവക്ക് ഗുരുതരമായ ഭീഷണിയുയര്‍ത്തുന്നതുമാണ് ഇവ. അതുകൊണ്ടു തന്നെ ഇവ ഭരണഘടനാ വിരുദ്ധവും ഉപയോഗമില്ലാത്തതുമായി പ്രഖ്യാപിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

നിങ്ങള്‍ ഈ ഹരജി സമര്‍പ്പിച്ചത് കാര്യമായി തന്നെയാണോ എന്ന് റോഹിങ്ടന്‍ നരിമാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ഹരജിക്കാരനോട് ചോദിച്ചു. ഹരജി പൂര്‍ണമായും ബാലിശമാണെന്ന് ബഞ്ച് വിധിച്ചു. ഹരജിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് വസിം റിസ്‌വിയുടെ ശ്രമമെന്ന് ഓള്‍ ഇന്ത്യ ശിയാ വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകള്‍ ആരോപിച്ചിരുന്നു.

Latest