Connect with us

Covid19

രാജ്യം വീണ്ടും അതിഥി തൊഴിലാളികളുടെ കൂട്ടപലായന ഭീഷണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിന്റെ രണ്ടാം വരവില്‍ രാജ്യം വീണ്ടുമൊരു കൂട്ടപലായന ഭീഷണിയില്‍. അതിതീവ്രമായി കൊവിഡ് വ്യാപിക്കുകയും ഇതിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളും വീണ്ടും നിയന്ത്രണത്തിലേക്ക് പോകുകയു ചെയ്തതോടെ വീണ്ടുമൊരു ലോക്ക്ഡൗണ്‍ വരുമോയെന്ന ആശങ്കയെ തുടര്‍ന്നാണ് അതിഥി തൊഴിലാളികള്‍ നേരത്തെ തന്നെ സ്വന്തം നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നത്. ഡല്‍ഹിയിലെ അനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍ നിരവധി തൊഴിലാളികളാണ് രാവിലെ മുതല്‍ തങ്ങളുടെ സംസ്ഥാനങ്ങളിലേക്കുള്ള ബസ് കാത്തുനില്‍ക്കുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും സ്ഥിതി മറിച്ചല്ല. മുംബൈയില്‍ നിന്നും വലിയ തോതില്‍ പലായനം തുടങ്ങിയിട്ടുണ്ട്.

ഒരു മുന്നറിയിപ്പുമില്ലാതെ 2020ല്‍ രാജ്യം ലോക്ക്ഡൗണിലേക്ക് പോയപ്പോള്‍ കണ്ടത് അതിഥി തൊഴിലാളികളുടെ വലിയ പലായനമായിരുന്നു. പതിനായിരങ്ങളാണ് കാല്‍നടയായി ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും സ്വന്തം ദേശങ്ങളിലേക്ക് മടങ്ങിയത്. സ്ത്രീകളും കുട്ടകളുമടക്കം കാല്‍നടയായുള്ള യാത്രയില്‍ നിരവധി പേര്‍ മരണപ്പെടുകയു ചെയ്തു.

കൊവിഡ് വ്യാപനം എന്നതിലുപരി, തൊഴില്‍ നഷ്ടപ്പെട്ട് പണമില്ലാതെ ഒറ്റപ്പെട്ടുപോകുമെന്ന ഭയമാണ് പലരെയും നാട്ടിലേക്ക് പോകാന്‍ ഇപ്പോള്‍ പ്രരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യൂകളും ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും തൊഴിലാളികളെ മടങ്ങാന്‍ പ്രേരിപ്പിക്കുന്നത്.

ഡല്‍ഹിയില്‍ പ്രില്‍ 30 വരെ രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ സര്‍ക്കാര്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. പുനെയിലെ ഹോട്ടലുകളും ബാറുകളും റെസ്റ്റോറന്റുകളും അടച്ചതോടെ നഗരത്തിലെ 50 ശതമാനം തൊഴിലാളികളും നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണെന്ന് പൂനെയിലെ ഹോട്ടല്‍ ഉടമകളുടെ അസോസിയേഷന്‍ പ്രസിഡന്റ് ഗണേഷ് ഷെട്ടി പറഞ്ഞു. ബെംഗളൂരുവിലും രാതി കാര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.