Kerala
ബാലികയെ കൊന്ന് മുങ്ങിയ പ്രതി പിടിയില്‍

പത്തനംതിട്ട കുമ്പഴയില്‍ അഞ്ച് വയസുകാരിയായ തമിഴ് ബാലികയെ മര്‍ദിച്ച് കൊന്ന ശേഷം മുങ്ങിയ പ്രതിയെ പോലീസ് പിടികൂടി. കൊല്ലപ്പെട്ട സജനയടെ രണ്ടാനച്ഛന്‍ അലക്‌സാണ് പിടിയിലായത്. കസ്റ്റഡിയിലിരിക്കെ തിങ്കളാഴ്ച അലക്‌സ് ഓടി രക്ഷപ്പെടുകയായിരുന്നു. പത്തനംതിട്ട നഗരത്തില്‍ നിന്നാണ് അലക്‌സിനെ പിടികൂടിയത്.
കുമ്പഴ കളീക്കല്‍പ്പടിക്ക് സമീപം വാടകയ്ക്ക് താമസിച്ചുവരുന്ന തമിഴ്‌നാട് രാജപാളയം സ്വദേശിനിയുടെ മകളാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു സംഭവം. സമീപത്തെ വീട്ടില്‍ അടുക്കള ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മാതാവ് കനക കുഞ്ഞിനെ ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരം തിരക്കിയപ്പോള്‍ അലക്സ് കുഞ്ഞിനെ മര്‍ദിച്ചതായി അറിഞ്ഞു.
അയല്‍വാസികളുടെ സഹായത്തോടെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുമ്പ്തന്നെ കുഞ്ഞ് മരിച്ചു കഴിഞ്ഞിരുന്നു. കഴുത്തിലും ശരീരഭാഗങ്ങളിലും മൂര്‍ച്ചയേറിയ ആയുധം കൊണ്ടു വരഞ്ഞ പാടുകളുണ്ട്. രഹസ്യ ഭാഗങ്ങളില്‍ നീര്‍ക്കെട്ട് ഉള്ളതായും പരിശോധനയില്‍ കണ്ടെത്തി. കുട്ടിയെ അലക്‌സ് മര്‍ദിക്കുന്നത് പതിവായിരുന്നുവെന്ന് മാതാവ് പോലീസിന് മൊഴി നല്‍കി.കൂലിവേലക്കാരനാണ് അലക്‌സ്. കുഞ്ഞിന്റെ മൃതദേഹം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.