Connect with us

Articles

സംവരണത്തിന് മരണ മണിയോ?

Published

|

Last Updated

ഭരണഘടനയുടെ പ്രധാന വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനെ ഭരണഘടന തന്നെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ഒഴിവാക്കാന്‍ വയ്യാത്ത സാഹചര്യങ്ങളില്‍ മാത്രമേ ഭരണഘടനാ ഭേദഗതി ആകാവൂ എന്നാണ് ഇതിന്റെ ശില്‍പ്പികള്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഭരണഘടനയുടെ പാര്‍ട്ട് മൂന്നില്‍പ്പെട്ട മൗലിക അവകാശങ്ങളും പാര്‍ട്ട് നാലില്‍പ്പെട്ട നിര്‍ദേശകതത്വങ്ങളും ഭേദഗതി ചെയ്യുന്നതിന് കടുത്ത വ്യവസ്ഥകളാണ് നിലവിലുള്ളത്. പാര്‍ലിമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ഭൂരിപക്ഷം സംസ്ഥാന നിയമസഭകളുടെയും അംഗീകാരവും ഇതിന് വേണം. നിര്‍ഭാഗ്യവശാല്‍ മൗലിക അവകാശങ്ങളില്‍ ഉള്‍പ്പെടുന്ന സാമുദായിക സംവരണത്തില്‍ സാമ്പത്തിക സംവരണം കൂടി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് ഭൂരിപക്ഷം സംസ്ഥാന നിയമസഭകളുടെ അംഗീകാരം നാളിതുവരെ നേടിയിട്ടില്ല.
ജമ്മു കശ്മീര്‍ സംസ്ഥാനം വെട്ടിമുറിച്ചപ്പോഴും ആര്‍ട്ടിക്കിള്‍ 370ഉം 35(എ)യും റദ്ദ് ചെയ്തപ്പോഴും ഭരണഘടനാപരമായ നടപടിക്രമങ്ങളൊന്നും മോദി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടില്ലായിരുന്നു. എല്ലാ കാര്യങ്ങളിലുമുള്ള ഭരണഘടനാ ലംഘനം, സാമുദായിക സംവരണത്തോടൊപ്പം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്ന കാര്യത്തിലും കേന്ദ്രം ചെയ്തിരിക്കുന്നു. 50 ശതമാനം സീറ്റുകള്‍ മെറിറ്റടിസ്ഥാനത്തിലും പരമാവധി 50 ശതമാനം സീറ്റുകള്‍ സാമുദായിക സംവരണാടിസ്ഥാനത്തിലുമാണ് നല്‍കി വന്നിരുന്നത്. പുതുതായി സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതോടുകൂടി ഇതെല്ലാം തകിടം മറിഞ്ഞു. പല സംസ്ഥാനങ്ങളിലും സംവരണം 60 ശതമാനവും 70 ശതമാനവുമൊക്കെയായി വര്‍ധിക്കുകയും ചെയ്തു.

സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും പിന്നണിയില്‍ നില്‍ക്കുന്ന പിന്നാക്ക ജനസമൂഹത്തിനുള്ള ഉദ്യോഗ നിയമനങ്ങളിലെ ജാതിസംവരണം ഭരണഘടനയില്‍ത്തന്നെ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15ലും ആര്‍ട്ടിക്കിള്‍ 17ലും ഇത് വ്യക്തമാക്കുന്നുണ്ട്.
ജാതിസംവരണം ഭരണഘടനയിലെ മൗലിക അവകാശങ്ങളില്‍ അടിവരയിട്ടു പറയുന്ന ഒന്നാണ്. ഇതില്‍ വെള്ളം ചേര്‍ക്കാന്‍ എക്‌സിക്യൂട്ടീവിന് യാതൊരു അധികാരവും ഇല്ല. സഭയിലെ യാന്ത്രികമായ ഭൂരിപക്ഷം ഉപയോഗിച്ച് പരമമായ ഈ അവകാശത്തെ ഇല്ലാതാക്കാന്‍ ഭരണഘടന എക്‌സിക്യൂട്ടീവിനെ ചുമതലപ്പെടുത്തുന്നുമില്ല. ആര്‍ട്ടിക്കിള്‍ 16ല്‍ സംവരണം നല്‍കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ട് ചൂണ്ടിക്കാട്ടുന്നുമുണ്ട്.

പിന്നാക്ക സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസുകളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിലെ വിവിധ വശങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്ന സുപ്രധാന രേഖയാണ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളെ പ്രായോഗികമാക്കാനായി 1990ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യാപകമായ പ്രതിഷേധത്തിനും അക്രമത്തിനും കളമൊരുക്കിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇന്ദ്രാസാഹിനി കേസിലെ (1992) ഐതിഹാസികമായ വിധി വരുന്നത്. ഒമ്പത് ജഡ്ജിമാരടങ്ങിയ കോടതിയുടെ ഭരണഘടനാ ബഞ്ചാണ് ഈ കേസില്‍ ദീര്‍ഘവും ആധികാരികവുമായ വിധി എഴുതിയത്. ഈ വിധിയിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:-
1. അനുച്ഛേദം 16(4) പിന്നാക്ക വര്‍ഗങ്ങളുടെ സര്‍ക്കാര്‍ സര്‍വീസുകളിലെ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ഏറ്റവും പ്രധാനമായ നിയമമാകുന്നു.
2. പിന്നാക്ക വര്‍ഗങ്ങളെ ഭരണഘടന പ്രത്യേകമായി നിര്‍വചിക്കുന്നില്ലെങ്കിലും ജാതി, തൊഴില്‍, ദാരിദ്ര്യം, സാമൂഹികമായ പിന്നാക്കാവസ്ഥ, വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിലാണ് ആ വര്‍ഗങ്ങള്‍ ഏതെല്ലാമെന്ന് നിശ്ചയിക്കേണ്ടത്.
3. അനുച്ഛേദം 16(4) വിഭാവനം ചെയ്യുന്ന പിന്നാക്കാവസ്ഥ സാമൂഹികവും സാംസ്‌കാരികവുമായ പിന്നാക്കാവസ്ഥയാണ്.
4. ഏതെങ്കിലും ഒരു വര്‍ഗത്തിന് സംവരണം ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡം ആ വര്‍ഗത്തിന് അര്‍ഹമായ പ്രാതിനിധ്യം സര്‍ക്കാര്‍ സര്‍വീസുകളില്‍ ലഭിച്ചിട്ടില്ല എന്നതായിരിക്കും.
5. അനുച്ഛേദം 16(4) വിഭാവന ചെയ്യുന്ന സംവരണം യാതൊരു കാരണവശാലും 50 ശതമാനത്തില്‍ അധികമാകാന്‍ പാടില്ല.
നിലവിലുള്ള സംവരണത്തിനെതിരായും സാമ്പത്തികസംവരണം ഏര്‍പ്പെടുത്തിയതോടു കൂടി സംവരണ ശതമാനം 50 ശതമാനത്തില്‍ കൂടുതലായതിനുമെതിരായി സുപ്രീം കോടതിയില്‍ നിരവധി ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ഹരജികള്‍ പരിഗണിക്കവെയാണ് ഭാവിയില്‍ ജാതിസംവരണം ഇല്ലാതായേക്കുമെന്നും, സാമ്പത്തിക സംവരണം മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും സൂചിപ്പിച്ചു കൊണ്ടുള്ള പരമോന്നത കോടതിയുടെ നിരീക്ഷണം വന്നിരിക്കുന്നത്. വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന അഭിപ്രായമാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക-ദളിത്-ന്യൂനപക്ഷ ജനവിഭാഗങ്ങളെയാകെ വളരെ പ്രതികൂലമായി ബാധിക്കുന്ന ഈ വിഷയം വ്യാപകമായ ചര്‍ച്ചക്ക് വിധേയമായിരിക്കുകയാണ്.
മറാത്ത സംവരണ നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള വിധിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്ന് സുപ്രീം കോടതിയുടെ പരാമര്‍ശമുണ്ടായിരിക്കുന്നത്. സാമ്പത്തിക സംവരണമായിരിക്കും ഭാവിയില്‍ നിലനില്‍ക്കുകയെന്നും, ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലിമെന്റാണെന്നും സുപ്രീം കോടതി പരാമര്‍ശിച്ചു.
ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം തുടരാന്‍ കഴിയില്ലെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു. സംവരണം എന്നത് നയപരമായ ഒരു വിഷയമായതിനാല്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലിമെന്റാണെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് അഭിപ്രായപ്പെട്ടു. ഇന്ദ്രസാഹ്‌നി കേസിലെ വിധിയില്‍ സംവരണം 50 ശതമാനമാക്കി നിജപ്പെടുത്തിയ ഉത്തരവ് പുനഃപരിശോധിക്കേണ്ടതുണ്ടോ എന്ന വിഷയമാണ് കോടതി പരിഗണിച്ചത്. ഇക്കാര്യത്തില്‍ കോടതി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. മഹാരാഷ്ട്രയിലെ മറാത്ത വിഭാഗത്തിന് വിദ്യാഭ്യാസ മേഖലയില്‍ പന്ത്രണ്ട് ശതമാനവും, സര്‍ക്കാര്‍ ജോലികളില്‍ 13 ശതമാനവും സംവരണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാറിന്റെ നടപടിയാണ് സംവരണ വിഷയം വീണ്ടും സജീവമാക്കിയത്.

ഘട്ടം ഘട്ടമായി ജാതിസംവരണം പൂര്‍ണമായും ഒഴിവാക്കണമെന്ന് കേസിലെ ഒരു കക്ഷിയായ എസ് സി ബി സി വെല്‍ഫെയര്‍ അസോസിയേഷന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്രീറാം പിംഗ്‌ളെ വാദിച്ചു. ഇന്ദ്രസാഹ‌്നി കേസ് വിധിയുടെ അടിസ്ഥാനത്തില്‍ സംവരണം നിശ്ചയിക്കാനുള്ള ഘടകം ജാതി മാത്രമായി മാറി. പരിധിക്കപ്പുറമുള്ള സംവരണം അനുവദിക്കുന്നത് സംവരണ തത്വത്തിന് എതിരാണെന്നും പിംഗ്‌ളെ വാദിച്ചു.

മറാത്ത വിഭാഗത്തിന് സംവരണം നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ 2018ല്‍ സാമൂഹിക-വിദ്യാഭ്യാസ പിന്നാക്ക നിയമം പാസ്സാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ബോംബെ ഹൈക്കോടതി വിധി നിയമം അംഗീകരിക്കുന്നതായിരുന്നു. ഇത് സുപ്രീം കോടതിയുടെ സംവരണം സംബന്ധിച്ച മുന്‍ ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. ഇതോടെ വിഷയം അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിടുകയായിരുന്നു. സാമ്പത്തിക സംവരണം പുരോഗമനപരമായ തീരുമാനമാണെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചിരിക്കുന്നത്. പരിഷ്‌കൃത സമൂഹത്തില്‍ ജാതിസംവരണത്തേക്കാള്‍ സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന വാദം സ്വീകരിക്കാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടിരിക്കുകയാണ്.

സാമൂഹിക പുരോഗതിക്കു വേണ്ടി എന്തുകൊണ്ടാണ് സംവരണമല്ലാതെ മറ്റൊന്നും ചെയ്യാത്തത്? വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് എന്തുകൊണ്ടാണ് കൂടുതല്‍ സ്ഥാപനങ്ങള്‍ തുടങ്ങാത്തത്? അപ്പോള്‍ ഈ പിന്നാക്കാവസ്ഥയും ഇല്ലാതാകും. ഇക്കാര്യത്തിലുള്ള ഒരുറച്ച നടപടി സംവരണം മാത്രമല്ലെന്ന് കോടതി പറഞ്ഞു. രാജ്യത്തെ സാമൂഹിക യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച് കാര്യമായ വിവരം പരമോന്നത കോടതിക്കില്ലെന്ന് അര്‍ഥം. ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തിണ്ണയില്‍ പോലും കയറാന്‍ കഴിയാത്തവരാണ് നല്ലൊരു ശതമാനം പിന്നാക്ക-ദളിത് വിഭാഗമെന്ന യാഥാര്‍ഥ്യം പരമോന്നത കോടതി പോലും വിസ്മരിക്കുകയാണ്.
വാദം പൂര്‍ത്തിയായതോടെ കേസ് വിധി പറയാനായി മാറ്റിയിരിക്കുകയാണ്. പത്ത് ദിവസമാണ് ഈ കോടതി വിശദമായ വാദം കേട്ടത്. ജസ്റ്റിസുമാരായ എല്‍ നാഗേശ്വരറാവു, എസ് അബ്ദുന്നസീര്‍, ഹേമന്ദ് ഗുപ്ത, എസ് രവീന്ദ്രഭട്ട് എന്നിവര്‍ ഉള്‍പ്പെട്ട ഭരണഘടനാ ബഞ്ചാണ് കേസില്‍ വാദം കേട്ടത്.
നിലവിലുള്ള സാമുദായിക സംവരണം രാജ്യത്തെ 80 ശതമാനത്തോളം വരുന്ന മഹാഭൂരിപക്ഷം പിന്നാക്ക ജനവിഭാഗത്തിന്റെ അവകാശമാണ്. ഇന്ദ്രസാഹ‌്നി കേസിലെ ഐതിഹാസികമായ വിധിയില്‍ പിന്നാക്ക സംവരണം ആര്‍ക്കാണ് നല്‍കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും ഒരു വര്‍ഗത്തിന് സംവരണം ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡം ആ വര്‍ഗത്തിന് അര്‍ഹമായ പ്രാതിനിധ്യം സര്‍ക്കാര്‍ സര്‍വീസുകളില്‍ ലഭിച്ചിട്ടില്ല എന്നതായിരിക്കണം എന്നും മറ്റുമുള്ള വിധി പരമോന്നത കോടതിയും ഇന്ത്യന്‍ ഭരണാധികാരികളും ബോധപൂര്‍വം വിസ്മരിക്കുകയാണ്.

സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും പിന്നണിയിലുള്ള ജനസമൂഹത്തിന് സര്‍ക്കാര്‍ സര്‍വീസുകളില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കലാണ് സംവരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. സംവരണത്തിന്റെ ലക്ഷ്യം ഒരിക്കലും ദാരിദ്ര്യ നിര്‍മാര്‍ജനമല്ല. അതിന് സാമ്പത്തിക സഹായവും അതുപോലുള്ള മറ്റ് നടപടികളും സ്വീകരിച്ച് ജനങ്ങളെ സഹായിക്കുകയാണ് വേണ്ടത്. എന്തായാലും സംവരണവിരുദ്ധ ശക്തികള്‍ വിജയിക്കാന്‍ പോകുന്നതിന്റെ കാഹളം മുഴക്കലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ കൂടിയും സുപ്രീം കോടതി നിരീക്ഷണത്തില്‍ കൂടിയും മറ്റും പുറത്ത് വന്നിരിക്കുന്നത്. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗത്തിന് നേരേയുള്ള പരമോന്നത കോടതിയുടെയും കേന്ദ്ര സര്‍ക്കാറിന്റെയും ഈ വെല്ലുവിളിയെ ഏറ്റെടുക്കാനുള്ള കരുത്ത് ഇനിയെങ്കിലും ഈ പിന്നാക്ക ജനത സമാഹരിക്കേണ്ടിയിരിക്കുന്നു.

അഡ്വ. ജി സുഗുണന്‍

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428