Kerala
കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി തീരും മുമ്പ് നടത്തുമെന്ന നിലപാട് ഹൈക്കോടതിയിൽ പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊച്ചി | നിയമസഭയുടെ കാലാവധി കഴിയും മുമ്പ് കേരളത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന നിലപാട് പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് ഹൈക്കോടതിയിൽ കേസിന്റെ വാദം നടന്നുകൊണ്ടിരിക്കെ, ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി കഴിയും മുമ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വാക്കാൽ പറഞ്ഞിരുന്നു. ഇതാണ് ഏറെവൈകാതെ തിരുത്തിയത്.
ഏത് തീയതിയിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പറഞ്ഞിരുന്നില്ല. അക്കാര്യം കോടതി രേഖപ്പെടുത്തുകയും ചെയ്തു. കേസ് ഏഴാം തീയതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ആ നിലപാട് രേഖപ്പെടുത്തേണ്ടതില്ല എന്ന് കമ്മീഷൻ കോടതിയെ അറിയിച്ചത്.
തിങ്കളാഴ്ച കേസ് പരിഗണിക്കണമെന്നും അന്ന് നിലപാട് അറിയിക്കാമെന്നും കമ്മീഷൻ കോടതിയിൽ പറഞ്ഞു. കാര്യങ്ങൾ വിശദീകരിക്കാൻ കൂടുതൽ സമയം അനുവദിക്കണം, തിങ്കളാഴ്ച കേസ് പരിഗണിക്കണം എന്നീ ആവശ്യങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വച്ചു. നേരത്തേ ഏപ്രിൽ 12ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു കമ്മീഷൻ അറിയിച്ചിരുന്നത്. ഇത് മാറ്റിയതോടെ സി പി എമ്മും നിയമസഭാ സെക്രട്ടറിയും കോടതിയെ സമീപിക്കുകയായിരുന്നു.