Connect with us

Kottayam

കവല പ്രസംഗത്തിൽ അസഭ്യവർഷവും നാട്ടുകാരുടെ കൂവലും; ഈരാറ്റുപേട്ട മുനിസിപാലിറ്റി പരിധിയിലേക്ക് പ്രചാരണത്തിന് ഇല്ലെന്ന് പി സി ജോർജ്

Published

|

Last Updated

കോട്ടയം | തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിനിടെ അസഭ്യ വർഷം നിറഞ്ഞ കവല പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയിൽ പ്രചാരണത്തിനില്ലെന്ന് ജനപക്ഷം നേതാവ് പി സി ജോർജ്. അസഭ്യ വർഷം നിറഞ്ഞ പ്രസംഗവും നാട്ടുകാർ കൂവുന്നതും കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ പ്രചാരണത്തിന് ഇല്ലെന്ന് പറഞ്ഞത് ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും നാടിനെ വർഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണെന്നും പി സി ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. ഒരുപറ്റം ആളുകൾ വോട്ട് ചോദിക്കാനുള്ള തൻ്റെ അവകാശത്തെ നിഷേധിച്ച് നിലകൊള്ളുമ്പോൾ അവർ ലക്ഷ്യം വെക്കുന്ന വർഗീയ ലഹളയിലേക്ക് നാടിനെ തള്ളിവിടാൻ തനിക്കാകില്ല.

തന്നെ അറിയുന്ന, സ്നേഹിക്കുന്ന ഈ വർഗീയത തലക്ക് പിടിക്കാത്ത ധാരാളം സഹോദരങ്ങൾ ഈരാറ്റുപേട്ടയിൽ ഉണ്ട്. പക്ഷെ അവർക്ക് പോലും കാര്യങ്ങൾ തുറന്ന് പറയാൻ ഭീഷണികൾ മൂലം സാധിക്കുന്നില്ല. എന്നോടൊപ്പം പ്രവർത്തിക്കുന്ന ഈരാറ്റുപേട്ടയിലെ പാർട്ടി പ്രവർത്തകരെ തല്ലുമെന്നും കൊല്ലുമെന്നും പരസ്യമായി ഭീഷണിപ്പെടുത്തുന്നു. ഇതിനെ കുറിച്ച് വിശദമായി ഈരാറ്റുപേട്ടയിൽ ഞാൻ പ്രസംഗിച്ചിട്ടുള്ളതുമാണ്.

എനിക്കൊപ്പം പൊതുപ്രവർത്തന രംഗത്തുള്ള ഈരാറ്റുപേട്ടയിലെ ഓരോ വ്യക്തികളുടെയും സുരക്ഷയെ കരുതി ഈരാറ്റുപേട്ടയിൽ എൻ്റെ പ്രചരണ പരിപാടികൾ ഞാൻ അവസാനിപ്പിക്കുകയാണ്. ഞാൻ അറിയുന്ന എന്നെ സ്നേഹിക്കുന്ന ഇത്തരം വർഗ്ഗീയ ചിന്താഗതിയില്ലാതെ ഈ നാട്ടിൽ മതേതരത്വം പുലരണമെന്നാഗ്രഹിക്കുന്ന ഈരാറ്റുപേട്ടക്കാർ എന്നെ പിന്തുണക്കുമെന്ന് ഉറച്ച ബോദ്ധ്യമെനിക്കുണ്ടെന്നും ജോർജ് പറഞ്ഞു.

Latest