Connect with us

National

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അഴിമതിക്കാരനാണെന്ന് നടപടി നേരിട്ട മുംബൈ പോലീസ് കമ്മീഷണര്‍

Published

|

Last Updated

പരം ബീര്‍ സിംഗ്, അനില്‍ ദേശ്മുഖ്

മുംബൈ | മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അഴിമതിക്കാരനാണെന്ന് മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരം ബീര്‍ സിംഗ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് അയച്ച കത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. വ്യവസായി മുകേഷ് അംബാനിയുടെ സുരക്ഷയിലുണ്ടായ വീഴ്ച കാരണമാണ് പരം ബീര്‍ സിംഗിനെ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നത്.

ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനകള്‍ കള്ളമാണെന്ന് കത്തില്‍ പറയുന്നു. അംബാനി കേസില്‍ അറസ്റ്റിലായ മുംബൈ പോലീസിലെ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ സച്ചിന്‍ വാസെയടക്കമുള്ള നിരവധി ഉദ്യോഗസ്ഥരെ ദേശ്മുഖാണ് നിയമിച്ചത്. റസ്‌റ്റോറന്റ്, പബ്, ഹുക്ക പാര്‍ലര്‍ തുടങ്ങിയയിടങ്ങളില്‍ നിന്ന് പണം പിരിക്കാന്‍ പോലീസുകാരോട് നിര്‍ദേശിച്ചതായും കത്തില്‍ പറയുന്നു.

ഇങ്ങനെ മാസം നൂറ് കോടി രൂപ പിരിക്കാനായിരുന്നു ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം. കേസുകളും കുറ്റങ്ങള്‍ ചാര്‍ത്തുന്നതും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിരവധി തവണ ആഭ്യന്തര മന്ത്രി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. ഇത്തരം സന്ദേശങ്ങളുടെ കോപ്പികളും സിംഗ് കത്തിനൊപ്പം മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.

Latest