National
മദ്യഷാപ്പുകള്‍ വെള്ളിയാഴ്ച അടച്ചിടുമോ? മാംസവിൽപന ശാലകള്‍ക്ക് എതിരായ നീക്കത്തില്‍ ചോദ്യവുമായി ഉവൈസി

ന്യൂഡല്‍ഹി | ഗുഡ്ഗാവില്‍ ഹൈന്ദവ വികാരം മാനിച്ച് ചൊവ്വാഴ്ചകളില്‍ മാംസ വില്‍പന ശാലകള്‍ അടിച്ചിടാനുള്ള മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തീരുമാനത്തിനെതിരെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി. ചൊവ്വാഴ്ച ഹിന്ദു വികാരം മാനിച്ച് മാംസ വില്‍പന ശാലകള്‍ അടച്ചിടുന്നവര്‍ വെള്ളിയാഴ്ച മദ്യശാലകള്‍ അടച്ചിടുമോയെന്നായിരുന്നു ഉവൈസിയുടെ ചോദ്യം.
മാംസം ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഭക്ഷണമാണ്. അതിനെ അശുദ്ധമായി കണക്കാക്കാനാകില്ല. മറ്റു ജനവിഭാഗങ്ങള്‍ അവരുടെ സ്വകാര്യ ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ എങ്ങനെയാണ് വിശ്വാസത്തെ ഹനിക്കുക? ജനങ്ങള്‍ മാംസം വില്‍ക്കുകയും വാങ്ങുകയും കഴിക്കുകയും ചെയ്യുന്നു. അവര്‍ അതിന് ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും ഉവൈസി ട്വിറ്റ് ചെയ്തു.
അടുത്തിടെയാണ് ഗുഡ്ഗാവ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നഗരത്തിലെ മാംസ വില്‍പന ശാലകള്‍ ചൊവ്വാഴ്ച അടച്ചിടാന്‍ ഉത്തരവിറക്കിയത്. ഹൈദവ വികാരം കണക്കിലെടുത്ത് ഏതാനും കൗണ്‍സിലര്‍മാരുടെ ആവശ്യപ്രകാരമായിരുന്നു നടപടി. ഇതിന് പുറമെ മാംസശാലകളുടെ ലൈസന്‍സ് ഫീ 5000 രൂപയില്‍ നിന്ന് 10,000 ആയി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. അനധികൃത മാംസശാലകള്‍ക്ക് 500 രൂപ പിഴയിട്ടിരുന്നത് പത്തിരട്ടി വര്‍ധിപ്പിച്ച് 5000 രൂപയാക്കിയിട്ടുമുണ്ട്.