Kannur
ഇരിക്കൂര്‍ കോണ്‍ഗ്രസിലെ പൊട്ടിത്തെറി: കെ പി സി സി തെറ്റ് തിരുത്തുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍ | ഇരിക്കൂറില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം പൊട്ടിത്തെറിയുടെ വക്കിലെത്തിയ പശ്ചാത്തലത്തില്‍ നേതൃത്വം ഇടപെടുന്നു. കെ പി സി സിയുടെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും അത് കെ പി സി സി തിരുത്തുമെന്നും ആക്ടിംഗ് പ്രസിഡന്റ് കെ സുധാകരന്‍ എം പി പറഞ്ഞു. ഇരിക്കൂര്‍ സിറ്റിംഗ് എം എല്‍ എ. കെ സി ജോസഫും മുതിര്‍ന്ന നേതാവ് എം എം ഹസനും നാളെ എത്തും.
അതേസമയം നേതാക്കളുടെ ഫോര്‍മുല എന്താണെന്ന് അറിയില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. സ്ഥാനാര്‍ഥി പട്ടികയെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ഒന്നും പറയുന്നില്ല. ലതിക സുഭാഷിനോട് നീതി കാട്ടിയില്ലെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.
ഇരിക്കൂറിലെ സ്ഥാനാര്‍ഥിയായി ഐ ഗ്രൂപ്പിലെ സജീവ് ജോസഫിനെ പ്രഖ്യാപിച്ചത് വന്‍ പ്രതിഷേധമാണ് മണ്ഡലത്തിലുണ്ടാക്കിയത്. കെ സി ജോസഫിന്റെ പിന്‍ഗാമിയായി കണക്കാക്കപ്പെട്ടിരുന്ന സോണി സെബാസ്റ്റ്യനെ തഴഞ്ഞതാണ് പൊട്ടിത്തെറിക്ക് കാരണമായത്. സോണി സെബാസ്റ്റ്യന്‍ കെ പി സി സി ജന. സെക്രട്ടറി സ്ഥാനം രാജിവെക്കുകയും എ ഗ്രൂപ്പുകാര്‍ രാപ്പകല്‍ സമരം ആരംഭിക്കുകയും ചെയ്തിരുന്നു.