Gulf
ആര്‍ എസ് എസിന്റെ മതഭീകരവാദത്തിനു ബദല്‍ ഇടതുപക്ഷം മാത്രം: കോടിയേരി ബാലകൃഷ്ണന്‍

ജിദ്ദ | രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള ആര്‍ എസ് എസ് അജൻഡക്കെതിരെയുള്ള
വിധിയെഴുത്തായിരിക്കും നിയമ സഭാ തിരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക എന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ജിദ്ദ നവോദയ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ജനാധിപത്യപ്രക്രിയയുടെ പരമപ്രധാനമായ ഒരു തിരഞ്ഞെടുപ്പിലൂടെയാണ് കേരളം കടന്നുപോവുന്നത്. ജീവന്റെ വിലയുള്ള ജാഗ്രതയിലൂടെയാണ് കോവിഡ് 19നെ നാം പ്രതിരോധിച്ചുകൊണ്ടിരിക്കുന്നത്. അതേ ജാഗ്രത തന്നെ നിയമസഭാ
തിരഞ്ഞെടുപ്പിലും ആവശ്യമാണ്.
മുസ്ലിംകളും ക്രിസ്ത്യാനികളും കമ്മ്യുണിസ്റ്റ്കളുമില്ലാത്ത ഇന്ത്യയാണ് ആര്‍എസ്സ്എസ്സ് വിഭാവനം ചെയ്യുന്നത്. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കലാണ് അവരുടെ ഉദ്ദേശ്യം. ഹിന്ദു വികാരങ്ങള്‍ ഉയര്‍ത്തി രാജ്ജ്യം പൂര്‍ണ്ണമായും
കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമാക്കുന്നു. മതേതരത്വം പറഞ്ഞു മുതലാളിത്തം
നടപ്പിലാക്കലാക്കുകയായിരുന്നു കോണ്ഗ്രസ്സ് ചെയ്തിരുന്നത്. എന്നാല്‍ മതത്തെ
ഉപയോഗപ്പെടുത്തി രാജ്യത്തെ മുഴുവനായും കോര്‍പ്പറെറ്റുകള്‍ക്ക് വില്‍ക്കുകയാണ്
ബി ജെ പി. ഇത് രണ്ടും രാജ്യത്ത് വലിയ വിപത്താണ് വരുത്തുന്നത് എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
യോഗത്തില്‍ ജിദ്ദ നവോദയ പ്രസിഡണ്ട് കിസ്മത്ത് മമ്പാട് ആധ്യക്ഷം വഹിച്ചു.
മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം , മുന്‍ മുഖ്യരക്ഷാധികാരി വി കെ റഊഫ്, ജല ജിസ്സാന്‍ പ്രസിഡണ്ട് ഡോ. മുബാറക്ക് സാനി എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര സ്വാഗതവും ട്രഷറര്‍ സി എം അബ്ദുറഹ്മാന്‍
നന്ദിയും പറഞ്ഞു.