National
സര്‍ക്കാര്‍ ജീവനക്കാരന്‍ തിരഞ്ഞെടുപ്പ് കമ്മീഷണറാകാന്‍ പാടില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാവരുതെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്വതന്ത്രനായ വ്യക്തിയായിരിക്കണമെന്നും ഗോവയിലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കോടതി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ നിയമ സെക്രട്ടറിയെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിന് ഗോവ സര്‍ക്കാറിനെ സുപ്രീം കോടതി ശാസിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യം ജനാധിപത്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്ന് കോടതി വിലയിരുത്തി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അധിക ചുമതല അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കുന്നത് ഭരണഘടനയെ പരിഹസിക്കലാണെന്നും കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് റോഹിന്റണ്‍ ഫാലി നരിമാന്‍ നിരീക്ഷിച്ചു.
ഏപ്രില്‍ 30 ന് മുമ്പ് വോട്ടെടുപ്പ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് അസാധുവാക്കാന്‍ ഉദ്യോഗസ്ഥന്‍ ശ്രമിച്ചതായി കോടതി കണ്ടെത്തി. സ്ത്രീകള്‍ക്ക് സീറ്റുകള്‍ നീക്കിവയ്ക്കാത്തതിന്റെ പേരില്‍ മര്‍ഗാവോ, മാപുസ, മോര്‍മുഗാവോ, സാങ്കും, ക്യൂപെം മുന്‍സിപ്പാലിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ഗോവ സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.