Connect with us

Kerala

മുന്നണി തീരുമാനിക്കുന്നതാണ് സ്ഥാനാര്‍ഥി: കെ പി കുഞ്ഞമ്മദ് കുട്ടി

Published

|

Last Updated

കോഴിക്കോട് | കുറ്റ്യാടിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളില്‍ പ്രവര്‍ത്തകര്‍ വീണ് പോകരുതെന്ന് സി പി എം ഏരിയ കമ്മിറ്റി അംഗം കെ പി കുഞ്ഞമ്മദ് കുട്ടി. കുറ്റ്യാടി നിയോജക മണ്ഡലം കേരള കോണ്‍ഗ്രസ് (എം)ന് വിട്ടു നല്‍കി എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ എല്എല്‍ ഡി എഫിനെതിരെ ചില വ്യക്തികളും വിഭാഗങ്ങളും എന്റെ പേരും ഫോട്ടോയും ഉപയോഗിച്ചു നടത്തുന്ന പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് കുഞമ്മദ്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മുന്നണി തീരുമാനിക്കുന്ന സ്ഥാനാര്‍ഥിയെയാണ് അംഗീകരിക്കേണ്ടത്. ഇത്തരം പ്രതിഷേധ പ്രകടനങ്ങളില്‍ നിന്നും പാര്‍ടി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും വിട്ടു നില്‍ക്കണം. എല്‍ ഡി എഫിന്റെ തുടര്‍ ഭരണണത്തിന് മങ്ങലേല്‍പ്പിക്കുന്ന ഒരു നീക്കങ്ങളിലും സഖാക്കള്‍ വീണു പോകരുതെന്നും സി പി ഐ എം വിരുദ്ധ മാധ്യമ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം,

“കുറ്റ്യാടി നിയോജക മണ്ഡലം കേരള കോണ്‍ഗ്രസ് (എം) ന് വിട്ടു നല്‍കി എന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ ചില വ്യക്തികളും വിഭാഗങ്ങളും എന്റെ പേരും ഫോട്ടോയും ഉപയോഗിച്ചു നടത്തുന്ന പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അത്തരം പ്രചരണങ്ങളില്‍ നിന്നും പ്രകടനങ്ങളില്‍ നിന്നും പാര്‍ടി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും വിട്ടു നില്‍ക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഇടതുപക്ഷ സര്‍ക്കാറിന്റെ തുടര്‍ഭരണ സാധ്യതക്ക് മങ്ങലേല്പിക്കുന്ന ഒരു നീക്കങ്ങളിലും സഖാക്കള്‍ വീണു പോകരുതെന്നും സിപിഐഎം വിരുദ്ധ മാധ്യമ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിതെന്നും ഓര്‍മ്മിപ്പിക്കുന്നു.

സിപിഐഎംലും സ്ഥാനാര്‍ത്ഥി തര്‍ക്കമാണെന്ന് വരുത്തി തീര്‍ക്കാനുള്ള കൗശലപൂര്‍വ്വമായ നീക്കങ്ങളാണ് വലതുപക്ഷ മാധ്യമങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നത്. സിപിഐഎം സംസ്ഥാന കമ്മിറ്റിയും എല്‍ ഡി എഫ് സംസ്ഥാന കമ്മിറ്റിയുമാണ് പാര്‍ടിയുടെയും മുന്നണിയുടെയും സീറ്റും സ്ഥാനാര്‍ത്ഥികളെയും തീരുമാനിക്കുന്നത്. ആ തീരുമാനങ്ങള്‍ക്ക് വിധേയമായി കുറ്റ്യാടി മണ്ഡലത്തില്‍ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനും 2016ല്‍ ഇടതു പക്ഷത്തിന് നഷ്ടപ്പെട്ടു പോയ മണ്ഡലം തിരിച്ചുപിടിക്കാനുമുള്ള ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഓരോ എല്‍ ഡി എഫ് പ്രവര്‍ത്തകന്റെയും അനുഭാവികളുടെയും കടമ…

പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും തുടര്‍ച്ച ഉണ്ടാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാറിന് ഭരണ തുടര്‍ച്ച ഉണ്ടായേ മതിയാവൂ എന്ന രാഷ്ടീയ ബോധ്യത്തോടെ, കുറ്റ്യാടി മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ വിജയം സുനിശ്ചിതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകാം….”

---- facebook comment plugin here -----

Latest