Connect with us

Articles

അതിജാഗ്രതയുടെ രാഷ്ട്രീയക്കാലം

Published

|

Last Updated

കേരളത്തില്‍ ബി ജെ പിക്ക് സര്‍ക്കാറുണ്ടാക്കാന്‍ 35 മുതല്‍ 40 സീറ്റുകള്‍ വരെ മതിയെന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്. അത് എങ്ങനെയെന്ന ചോദ്യത്തിന് ഇവിടെ സി പി എമ്മും കോണ്‍ഗ്രസുമൊക്കെ ഉണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേരളമുള്‍പ്പെടെ രാജ്യത്തെ നാല് സംസ്ഥാനങ്ങള്‍ വീണ്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സന്ദര്‍ഭത്തിലാണ് സുരേന്ദ്രന്റെ ഈ പ്രസ്താവന എന്നതാണ് ശ്രദ്ധേയം. തികച്ചും ജനാധിപത്യവിരുദ്ധമായി ഇങ്ങനെയൊക്കെ പറയാന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ പ്രേരിപ്പിച്ച കാരണമെന്തായിരിക്കും?
2014ല്‍ കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തിലെത്തിയതിന് ശേഷം അവര്‍ക്ക് സ്വാധീനമില്ലാതിരുന്ന മേഖലകളില്‍ കടന്നുകയറാന്‍ അവര്‍ നടത്തിയ രാഷ്ട്രീയ നാടകങ്ങളോട് ഏറെക്കുറെ ഇന്ത്യന്‍ ജനാധിപത്യം പൊരുത്തപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെയും ചാക്കിട്ടു പിടിത്തത്തിലൂടെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അവര്‍ അധികാരം പിടിച്ചെടുത്തു. ഇവിടങ്ങളിലെല്ലാം പ്രതിപക്ഷത്തെ വലിയ നേതാക്കളെ സ്വന്തം കൂടാരത്തിലെത്തിക്കാനാണ് ബി ജെ പി ശ്രമിച്ചത്.
ഈ രാഷ്ട്രീയ നാടകത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ പുതുച്ചേരിയില്‍ സംഭവിച്ചിരിക്കുന്നത്. ഇത്തരം മുന്‍കാല അനുഭവങ്ങളാണ് കെ സുരേന്ദ്രനെ പോലുള്ളവര്‍ക്ക് കേരളത്തില്‍ നിന്ന് ഇത്തരം ജനാധിപത്യവിരുദ്ധ പ്രസ്താവനകളിറക്കാന്‍ ആത്മവിശ്വാസം നല്‍കുന്നതും.
പുതുച്ചേരിയിലെ പാഠം
ജനഹിതത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം എല്‍ എ പോലുമില്ലാത്ത, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2.44 ശതമാനം മാത്രം വോട്ട് ഷെയറുള്ള ബി ജെ പി പുതുച്ചേരിയിലെ നാരായണ സ്വാമി സര്‍ക്കാറിനെ വീഴ്ത്തിയിരിക്കുകയാണ്. ഭരണപക്ഷത്തുണ്ടായിരുന്ന ആറില്‍ അഞ്ച് കോണ്‍ഗ്രസ് എം എല്‍ എമാരും ഒരു ഡി എം കെ. എം എല്‍ എയും ബി ജെ പി പാളയത്തിലേക്ക് പോകുകയോ ബി ജെ പി രാഷ്ട്രീയ പദ്ധതിക്കനുസരിച്ച് രാജിവെക്കുകയോ ചെയ്തതാണ് ഇതിന് കാരണം.
വടക്കന്‍ കേരളത്തിലെ മാഹിയും ആന്ധ്രപ്രദേശിലെ യാനവും തമിഴ്നാട്ടിലെ പുതുച്ചേരി, കാരയ്ക്കല്‍ എന്നിവയും ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്ദ്ര ഭരണ പ്രദേശമാണ് പുതുച്ചേരി. മൂന്ന് കേന്ദ്ര സര്‍ക്കാര്‍ നോമിനീസ് അടക്കം 33 എം എല്‍ എമാരുള്ള നിയമസഭയാണ് പുതുച്ചേരിയുടേത്. സാധാരണ ബി ജെ പിക്ക് വേരുറപ്പിക്കാന്‍ പ്രയാസമുണ്ടെന്ന് വിലയിരുത്തുന്ന കേരളത്തോടും തമിഴ്നാടിനോടും രാഷ്ട്രീയ സാമ്യതയുള്ള പരിസരം. കോണ്‍ഗ്രസാണ് ഇവിടെ കൂടുതല്‍ അധികാരത്തിലിരുന്നത്. ഇവിടെയാണ് ബി ജെ പി ഒരു എന്‍ട്രിക്ക് ശ്രമിക്കുന്നത്.
കോണ്‍ഗ്രസ് മന്ത്രിസഭയിലെ രണ്ടാമനായിരുന്ന എ നമശിവായം രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്നത് മുതലാണ് പുതുച്ചേരിയില്‍ നിലവിലെ പ്രതിസന്ധിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ തവണ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ടായിരുന്ന ആളായിരുന്നു പി സി സി അധ്യക്ഷന്‍ കൂടിയായ നമശിവായം. എന്നാല്‍, കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള വി നാരായണ സ്വാമിയെ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയാക്കി. ഇത് നമശിവായത്തെ സ്വാഭാവികമായും ചൊടിപ്പിച്ചു. അടുത്ത തവണയും ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം ലഭിക്കില്ല എന്ന ബോധ്യത്തിലാണ് നമശിവായം ബി ജെ പി പാളയത്തിലേക്ക് ചേക്കേറിയത്.
അദ്ദേഹത്തിന് പിന്നാലെ ആരോഗ്യ മന്ത്രി മല്ലാടി കൃഷ്ണ റാവു ഉള്‍പ്പെടെ മൂന്ന് എം എല്‍ എമാരും തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് കെ ലക്ഷ്മി നാരായണനും ഡി എം കെ. എം എല്‍ എ. കെ വെങ്കിടേശനും കൂടി രാജിവെച്ചതോടെ നാരായണ സ്വാമി സര്‍ക്കാറിന് അവിശ്വാസം മറികടക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാകുകയായിരുന്നു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു എം എല്‍ എയെ പോലും വിജയിപ്പിച്ചെടുക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞിരുന്നില്ല. കേന്ദ്ര സര്‍ക്കാറിന്റെ നോമിനീസായ മൂന്ന് എം എല്‍ എമാരുടെ ബലത്തിലാണ് അവര്‍ ഇക്കണ്ട കളികളെല്ലാം കളിച്ചത്. നോമിനേറ്റഡ് എം എല്‍ എയായ വി സ്വാമിനാഥനാണ് പുതുച്ചേരിയിലെ ബി ജെ പി അധ്യക്ഷന്‍. 2016ലെ തിരഞ്ഞെടുപ്പില്‍ സ്വാമിനാഥന്‍ മത്സരിച്ചപ്പോള്‍ 1,509 വോട്ടാണ് അദ്ദേഹത്തിന് കിട്ടിയത്. ബി ജെ പിയുടെ ടി വിക്രമന്‍ 2016ല്‍ മണവേലി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചപ്പോള്‍ വെറും 174 വോട്ട് മാത്രമാണ് ലഭിച്ചത്. അതായത്, നോമിനേറ്റ് ചെയ്യപ്പെട്ട മൂന്ന് എം എല്‍ എമാരില്‍ രണ്ട് പേരെയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ടിലൂടെ പരാജയപ്പെടുത്തിയവരാണെന്ന് ചുരുക്കം.
പുതുച്ചേരിയിലെ വീഴ്ചയോടെ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് നിലവില്‍ ഒരിടത്തും അധികാരത്തിലില്ലാത്ത അവസ്ഥയാണ്. തെലങ്കാനയിലും അധികാരത്തിലെത്താന്‍ ബി ജെ പി എല്ലാ ശ്രമവും നടത്തുകയാണ്.

ബംഗാളില്‍ കളിതുടങ്ങി
കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന മമതാ ബാനര്‍ജിയുടെ പശ്ചിമ ബംഗാളും ബി ജെ പി നോട്ടമിട്ട പ്രധാന ഒരു സംസ്ഥാനമാണ്. ചുവപ്പഴിച്ചുവെച്ച് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ബംഗാളിന്റെ തെരുവുകളില്‍ ബി ജെ പിയുടെ പതാക പാറിത്തുടങ്ങുന്നത് വിശ്വസിക്കാനാകില്ലെങ്കിലും അത് സംഭവിച്ചുകഴിഞ്ഞു. അവിടെ പ്രതിപക്ഷത്ത് പോലും എത്താത്ത ബി ജെ പി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പെട്ടിയിലാക്കിയത് 40 ശതമാനം വോട്ടാണ്. 18 സീറ്റുകളിലെ ബി ജെ പിയുടെ വിജയം ബംഗാളിന്റെ മാറ്റത്തിന്റെ സൂചനയാണോ അതോ മോദി ഇഫക്ട് മാത്രമാണോ എന്നറിയാന്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം.
ഫലം എന്ത് തന്നെ ആയാലും ഇക്കുറി പോരാട്ടം മമതയും മോദിയും തമ്മിലാണ്. ബംഗാളിലെ 294 നിയമസഭാ സീറ്റുകളെ അഞ്ച് മേഖലകളായി തിരിച്ച്, ദേശീയ നേതാക്കളെ രംഗത്തിറക്കിയാണ് ബി ജെ പിയുടെ ഗെയിം പ്ലാന്‍. കേന്ദ്ര സര്‍ക്കാറിനെ നിരന്തരം അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന ബംഗാള്‍ പിടിക്കുക എന്നത് ബി ജെ പിക്ക് ഒരു അഭിമാന പോരാട്ടമാണ്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും സി പി എമ്മില്‍ നിന്നും നേതാക്കളെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ഇതിനകം ബി ജെ പിക്ക് കഴിഞ്ഞിട്ടുണ്ട്.

കേരളവും തമിഴ്നാടും
കരുതിയിരിക്കണം
തങ്ങളില്ലാത്ത സ്ഥലങ്ങളില്‍ വരവറിയിക്കാന്‍ ബി ജെ പി ശ്രമിക്കുമ്പോള്‍ മറ്റ് പാര്‍ട്ടികള്‍ എങ്ങനെ പ്രതിരോധിക്കും എന്നതാണ് വരും നാളുകളില്‍ നമുക്ക് കാണേണ്ടിവരിക. പരമാവധി എല്ലായിടത്തും അധികാരം പിടിച്ചെടുക്കാന്‍ അവര്‍ എന്തും ചെയ്യും. ഈയൊരു കടന്നുകയറ്റം കേരളത്തിനും തമിഴ്നാടിനും നല്‍കുന്ന രാഷ്ട്രീയ ജാഗ്രതാ നിര്‍ദേശം ചെറുതൊന്നുമല്ല. കേരളത്തില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 14 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടി എന്നാണ് ബി ജെ പിയുടെ അവകാശവാദം. വോട്ട് ഷെയറിലെ നേരിയ വര്‍ധനക്കപ്പുറം സംസ്ഥാനത്ത് ഇരിപ്പുറപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ 71 സീറ്റ് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാനാണ് സംസ്ഥാന നേതൃത്വത്തിന് പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശം.
എല്‍ ഡി എഫ്, യു ഡി എഫ് സര്‍ക്കാറുകള്‍ മാറിമാറി ഭരിക്കുന്ന കേരളത്തില്‍ ഇതുവരെയുള്ള നീക്കങ്ങള്‍ പരിശോധിക്കുമ്പോള്‍ അവരുടെ സ്ട്രാറ്റജി നടപ്പാക്കാനുള്ള വോട്ട് ബേങ്ക് അവര്‍ കണ്ടെത്തിയിട്ടുണ്ട്. വലിയ ഒരു കടന്നുകയറ്റത്തിന് ഈ തിരഞ്ഞെടുപ്പിനെ അവര്‍ ഉപയോഗിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അത് ഇ ശ്രീധരനെപോലുള്ള ബിംബങ്ങളെ മുന്‍നിര്‍ത്തിയാണോ അതോ അരാഷ്ട്രീയ സൗഹൃദങ്ങള്‍ ഉപയോഗപ്പെടുത്തിയാണോ എന്ന കാര്യത്തിലേ സംശയമുള്ളൂ.
ഏതുവിധേനയും അധികാരം പിടിച്ചെടുക്കുക എന്നതാണ് സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്രത്തിന് പുറമേ തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങള്‍ കൂടി വരുതിയിലാക്കുമ്പോള്‍ തങ്ങളുടെ ആശയങ്ങള്‍ ഒരു തടസ്സവുമില്ലാതെ നടപ്പാക്കാനാകുമെന്ന് അവര്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ രാജ്യത്തെ ഇന്ന് ഒരു പ്രതിപക്ഷ സ്വരമായി നില്‍ക്കുന്ന ബംഗാളിനെ അവര്‍ക്ക് വേണം. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തി കേന്ദ്രമായ തമിഴ്‌നാടും ഹിന്ദുത്വ വര്‍ഗീയതക്ക് പാകപ്പെടുത്താന്‍ അവസാന ഘട്ട ശ്രമത്തിലാണ് സംഘ്പരിവാര്‍. എന്തായാലും ജാഗ്രതയോടെ സംഘ്പരിവാറിനെ കരുതിയിരിക്കേണ്ട രാഷ്ട്രീയ കാലാവസ്ഥയാണ് നിലവിലുള്ളത്.

സഫ്‌വാന്‍ കാളികാവ്

Latest