Connect with us

Covid19

കൊവിഡ് ടെസ്റ്റ്: പ്രവാസികള്‍ക്ക് ദുരിതം, പിഞ്ചു കുഞ്ഞുങ്ങള്‍ക്കും രക്ഷയില്ല

Published

|

Last Updated

ദമാം | വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ പ്രവാസ ലോകത്ത് വ്യാപക പ്രതിഷേധം. കഴിഞ്ഞ ജൂണില്‍ കൊണ്ടുവന്ന നിയമം പ്രതിഷേധത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തലാക്കിയിരുന്നു. സര്‍ക്കാറുകളുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാണ് വീണ്ടും പുതിയ പരിശോധനയെന്നാണ് ആക്ഷേപം. വിവിധ വിമാനത്താവളങ്ങളില്‍ വ്യത്യസ്ത നിരക്കിലുള്ള തുകയാണ് പരിശോധനക്കായി കേന്ദ്ര സര്‍ക്കാര്‍ കൈപ്പറ്റുന്നത്.

പരിശോധനയില്‍ വലഞ്ഞ് പ്രവാസികള്‍
സഊദി അറേബ്യ അടക്കമുള്ള രാജ്യങ്ങളില്‍ വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് 72 മണിക്കൂര്‍ കാലാവധിയുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മാത്രമാണ് നാട്ടിലേക്ക് യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. ഈ രേഖ ഇന്ത്യയില്‍ സ്വീകരിക്കില്ലെന്ന വാശിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. കൊവിഡ് വ്യാപനം മൂലം ജോലിയില്ലാതെ മാസങ്ങളായി റൂമുകളില്‍ കഴിഞ്ഞിരുന്നവരാണ് മടങ്ങുന്നവരില്‍ അധിക പേരും. പ്രവാസി സംഘടനകളുടെയും  സൃഹൃത്തുക്കളുമാണ് ഇവരുടെ വീട്ടിലേക്കുള്ള യാത്ര യാത്രാക്കൂലി പോലും നല്‍കുന്നത്. പുതിയ നിയമം വന്നതോടെ പലരും യാത്ര പോലും റദ്ദാക്കേണ്ട അവസ്ഥയാണൂള്ളത്.

പ്രതികരിക്കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍

ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ വിമാനത്താവളങ്ങളില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മാധ്യമങ്ങളിലൂടെ വലിയ ചര്‍ച്ചയായെങ്കിലും കേരളത്തില്‍ നിയമ സഭാ സീറ്റുകള്‍ ലഭിക്കുന്നതിനായുള്ള നെട്ടോട്ടത്തില്‍ പ്രവാസി വിഷയങ്ങള്‍ക്ക് നേരെ കണ്ണടച്ചിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

പിഞ്ചു കുട്ടികളെയും വെറുതെ വിടുന്നില്ല
കൈകുഞ്ഞുങ്ങളുമായി മണിക്കൂറുകള്‍ വിമാനത്താവളങ്ങളില്‍ കാത്തിരിക്കേണ്ട അവസ്ഥയിലായിരിക്കുകയാണ് പ്രവാസികള്‍. പുതിയ നിര്‍ദ്ദേശം ലഭിച്ചതോടെ കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഇറങ്ങുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ആരംഭിച്ചു കഴിഞ്ഞതായി എയര്‍പോര്‍ട്ട് അതോറിറ്റി പറഞ്ഞു ഓരോ വിമാനത്താവളങ്ങളിലും വ്യത്യസ്തമായ നിരക്കുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വിമാനത്താവളങ്ങളില്‍ കൊവിഡിന്റെ മറവില്‍ വന്‍ തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ആക്ഷേപമുണ്ട്. ഒരേ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളും വ്യത്യസ്ത നിരക്കിലുള്ള തുകയാണ് പരിശോധനക്ക് ഈടാക്കുന്നത് . സ്രവം ശേഖരിച്ച് പരിശോധന നടത്താന്‍ സ്വകാര്യലാബുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്തവളത്തില്‍ ടെസ്റ്റിന് 1350 രൂപയും കണ്ണൂരില്‍ 1700 രൂപയും കൊച്ചിയിലും തിരുവനന്തപുരത്തും 1500 മുതല്‍ 2,000 രൂപ വരെയുമാണ് ചെലവ് വരുന്നത്.

പുതിയ യാത്രാ മാനദണ്ഡം ഒഴിവാക്കണം: ഐ സി എഫ്

വിദേശങ്ങളില്‍ നിന്ന് ഇന്ത്യയിലെ എയര്‍പോര്‍ട്ടില്‍ എത്തുന്ന ആളുകള്‍ പിസിആര്‍ ടെസ്റ്റ് വിധേയമാക്കണമെന്നും അതിന്റെ ചിലവ് വ്യക്തികള്‍ സ്വയം വഹിക്കണമെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ യാത്രാ മാനദണ്ഡം ഒഴിവാക്കണമെന്ന് ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ കേന്ദ്രസര്‍ക്കാറിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

സാമ്പത്തികയായി ഏറെ പ്രയാസം അനുഭവിക്കുകയും ജോലി നഷ്ടപ്പെട്ടും ചികിത്സക്കായും മറ്റും നാട്ടില്‍ വരുന്നവര്‍ക്കും പുതിയ നിര്‍ദേശം ഉണ്ടാക്കുന്ന സാമ്പത്തിക ഭാരം വലുതാണ്. വിദേശത്തു നിന്നും വരുന്നവര്‍ക്ക് പ്രായഭേദമന്യേ 72 മണിക്കൂറിനകമുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് മാര്‍ഗ്ഗനിര്‌ദേശത്തിലുണ്ട്. അത്തരമൊരു സര്‍ട്ടിഫിക്കറ്റുമായി
നാട്ടില്‍ എയര്‍പോര്‍ട്ടില്‍ വരുന്നയാള്‍ സ്വന്തം ചിലവില്‍ വീണ്ടും ടെസ്റ്റ് നടത്തണം എന്ന നിയമം അനാവശ്യമാണ്. വിദേശത്തുള്ള മിക്ക എയര്‍പോര്‍റ്റുകളിലും ടെസ്റ്റുകള്‍ സൗജന്യമായിരിക്കേ ഇവിടെ ചിലവ് സ്വന്തം പൗരന്മാരായ ആളുകള്‍ വഹിക്കണം എന്നത് അംഗീകരിക്കാനാവാത്തതാണ്. ഇക്കാര്യത്തില്‍ അടിയന്തരമായി പരിഹാരം ഉണ്ടാകണമെന്ന് ഐ സി എഫ് ആവശ്യപ്പെട്ടു

സിറാജ് പ്രതിനിധി, ദമാം

Latest